പാതാളം വിട്ടുയരാം, മാവേലിയാകാം
മാവേലി ഭരണത്തിന്റെ ജനാധിപത്യബോധവും ഐക്യവും സമാധാനവുമൊന്നും പിന്നീടുണ്ടായില്ല. അതിനാൽ വർഷത്തിൽ ഒരു ദിവസം മാവേലി തങ്ങളെ സന്ദർശിക്കാനെത്തുന്നത് ആളുകൾ കാത്തിരിക്കുന്നു. മാവേലി വരുന്നതിനാൽ ഇന്ന് ഓണമാണ്. മാവേലിഭരണം വന്നാൽ എന്നും ഓണമാകും.
എത്രയോടിയാലും തളരാത്തൊരു ഉത്രാടപ്പാച്ചിലിനൊടുവിൽ നാമിതാ തിരുവോണപ്പുലരിയിലേക്ക് ഉണർന്നിരിക്കുന്നു. കള്ളത്തരവും അഴിമതിയും ചതിയുമില്ലാത്തതും സന്പദ്സമൃദ്ധവുമായൊരു മാവേലിനാടിനെക്കുറിച്ചുള്ള സ്വപ്നങ്ങളാൽ നാമിന്നൊരു പൂക്കളമൊരുക്കും. പിന്നെ ഓണസദ്യയൊരുക്കാൻ അടുക്കളിയിലേക്ക്..! ഏതു പ്രതിസന്ധിയിലും സന്തോഷം കണ്ടെത്താനുള്ള മനുഷ്യന്റെ അതിജീവന ശ്രമത്തിന്റെ ഹരിതാഭമായ ഇലയിലാണ് നാമിന്നു സദ്യ വിളന്പുന്നത്. എല്ലാവർക്കും എല്ലാം തികഞ്ഞൊരു കാലത്ത് ഓണമാഘോഷിക്കാൻ നമുക്കിനിയും കാത്തിരിക്കേണ്ടതുണ്ട്. പക്ഷേ, അയൽക്കാരന്റെ ഇലയിൽ വേണ്ടതെല്ലാമുണ്ടോയെന്ന് അന്വേഷിക്കുകയും കുറവുള്ളത് പങ്കുവയ്ക്കുകയും ചെയ്യുന്ന മാവേലിയായി ഓരോ മനുഷ്യനും അവതരിച്ചാൽ ഇന്നു പൊന്നോണമാകും. എല്ലാവർക്കും ഓണാശംസകൾ!
കെട്ടുകഥയെന്നു തോന്നിക്കുന്ന ഒരു കാലത്തെക്കുറിച്ചു പറഞ്ഞുതുടങ്ങാം. പണ്ടുപണ്ട് പ്രജാക്ഷേമ തത്പരനായ മഹാബലിയെന്നോ മാവേലിയെന്നോ പേരായ ഒരു രാജാവ് നാടുവാണിരുന്നു. അന്നു നാടൊരു മാതൃകാ രാഷ്ട്രമായിരുന്നു. അദ്ദേഹത്തിന്റെ രാഷ്ട്രീയം നാടിന്റെ നന്മയായിരുന്നു. ഒരു പാർട്ടിയുടെയും നേതാവായിരുന്നില്ലെങ്കിലും എല്ലാ മനുഷ്യരുടെയും രാജാവായിരുന്നു. ഏതെങ്കിലും മതത്തിന്റയോ സംഘടനയുടെയോ പാർട്ടിയുടെയോ ഭൂരിപക്ഷത്തിന്റെയോ ന്യൂനപക്ഷത്തിന്റെയോ വക്താവായിരുന്നില്ല. അക്കാലത്ത് അതിസന്പന്നർ കൂടുതൽ തടിച്ചുകൊഴുക്കുകയും ദരിദ്രൻ വീണ്ടും ദരിദ്രനാകുകയും ചെയ്തിരുന്നില്ല.
എതിരഭിപ്രായം പറയുന്നവരെ അന്വേഷണ ഏജൻസികളെ ഉപയോഗിച്ച് പാതാളത്തിലേക്കു തള്ളിയിരുന്നില്ല. ദളിതരോ ആദിവാസികളോ ആയിരുന്നാലും ആപത്താർക്കുമില്ലായിരുന്നു. വിശപ്പു സഹിക്കാനാവാതെ ആരും അന്നം മോഷ്ടിക്കുകയോ അതിന്റെ പേരിൽ കൊല്ലപ്പെടുകയോ ചെയ്തിരുന്നില്ല. ലോകത്തിന്റെ പട്ടിണിപ്പട്ടികയിൽ മാവേലിനാടില്ലായിരുന്നു. അക്കാലത്ത് ചികിത്സാച്ചെലവുകൊണ്ട് രോഗികളുടെ കുടുംബങ്ങൾ തകർന്നുപോയില്ല. പകർച്ചവ്യാധികളുടെ മറവിൽ മരുന്നുവിറ്റു ജനങ്ങളെ കൊള്ളയടിക്കാൻ കച്ചവടക്കാർക്ക് അവസരമില്ലായിരുന്നു.
അഴിമതിയും കൈക്കൂലിയും മാവേലി വച്ചുപൊറുപ്പിച്ചില്ല. പൊതുസ്ഥാപനങ്ങൾക്കു പിൻവാതിലുകളില്ലായിരുന്നു. രാജകുടുംബത്തിൽ പെട്ടവർക്ക് മാസപ്പടിയോ ദിവസപ്പടിയോ നൽകി വർത്തകപ്രമാണിമാർക്കു സ്വൈരവിഹാരം നടത്താനാകുമായിരുന്നില്ല. നുണ പറഞ്ഞും പരത്തിയും എതിരാളികളെയും അവരുടെ കുടുംബാംഗങ്ങളെയും മാനഹാനിക്കിരയാക്കിയിരുന്നില്ല. കള്ളും കഞ്ചാവും കള്ളപ്പറയും ചെറുനാഴിയും കള്ളത്തരവുമില്ലായിരുന്നു. സ്ത്രീകൾക്ക് ഏതു പാതിരാവിലും പുറത്തിറങ്ങാമായിരുന്നു. പെൺകുട്ടികൾ പീഡിതരാകുകയോ നഗ്നരായി തെരുവിലൂടെ നടത്തപ്പെടുകയോ കെട്ടിയിട്ടു പീഡിപ്പിക്കപ്പെടുകയോ പ്രണയത്തിന്റെ പേരിൽ കബളിപ്പിക്കപ്പെടുകയോ ചെയ്തിരുന്നില്ല.
തങ്ങൾക്കിഷ്ടമില്ലാത്ത ഭക്ഷണം കഴിക്കുന്ന മറ്റുള്ളവരെ തല്ലിക്കൊല്ലാൻ നാടുനീളെ നടക്കുന്ന ഗുണ്ടാസംഘങ്ങളില്ലായിരുന്നു. ഒരു ന്യായാധിപൻപോലും ഭരിക്കുന്നവരെ മനസിൽ ധ്യാനിച്ചുകൊണ്ടോ സ്ഥാനലബ്ധി കൊതിച്ചോ ഭയന്നോ അല്ല വിധിയെഴുതിയിരുന്നത്. വൃദ്ധസദനങ്ങളിലല്ല, മക്കളോടൊപ്പമാണ് മാതാപിതാക്കൾ കഴിഞ്ഞിരുന്നത്. മഹാനോ ലോകനേതാവോ ആയി സ്വയം ചമയാതിരുന്ന മാവേലിയോട് എല്ലാ വിഭാഗം ജനങ്ങൾക്കും സ്നേഹമായിരുന്നു. പറഞ്ഞിട്ടെന്തു കാര്യം, മാവേലിയുടെ മാതൃകാഭരണത്തിൽ സ്വർഗലോകത്തിന്റെയും പ്രഭ മങ്ങിയതോടെ ദേവന്മാർ ഇടപെട്ട് പാതാളത്തിലേക്കു ചവിട്ടിത്താഴ്ത്തിയെന്നാണ് കഥ.
പിന്നീടു വന്ന നിരവധി രാജാക്കന്മാർ ക്ഷേമപദ്ധതികൾ ആസൂത്രണം ചെയ്തെങ്കിലും പലതും ഫലം കണ്ടില്ല. നാടു നശിപ്പിച്ചാലും അധികാരത്തിൽ തുടരേണ്ടതിന്റെ കുതന്ത്രങ്ങൾ അവർ പരിശീലിച്ചുകഴിഞ്ഞു. മാവേലി ഭരണത്തിന്റെ ജനാധിപത്യബോധവും ഐക്യവും സമാധാനവുമൊന്നും പിന്നീടുണ്ടായില്ല. അതിനാൽ വർഷത്തിൽ ഒരു ദിവസം മാവേലി തങ്ങളെ സന്ദർശിക്കാനെത്തുന്നത് ആളുകൾ കാത്തിരിക്കുന്നു. മാവേലി വരുന്നതിനാൽ ഇന്ന് ഓണമാണ്. മാവേലിഭരണം വന്നാൽ എന്നും ഓണമാകും.
ഇത്തവണത്തെ ദീപിക വാർഷികപ്പതിപ്പിൽ മോഹൻലാൽ എഴുതിയ വാക്കുകളിൽ അത്തരമൊരു സൂചനയുണ്ട്. അദ്ദേഹം പറയുന്നു: “ഓണം കഴിഞ്ഞാലും മറ്റെന്തൊക്കെയോ ഉണ്ട്. ഓണത്തിനു മാത്രം ഒരുമിച്ചിരുന്ന് ഉണ്ണുക, അല്ലാത്തപ്പോൾ വേറെ ഇരുന്ന് ഉണ്ണുക. ഇതൊന്നും എന്റെ രീതിയേ അല്ല.’’ അതേ, നന്മയുടെ കാലം എന്നുമുണ്ടാകേണ്ടതാണ്. അത് ഒരു വ്യക്തിയുടെയോ ഒരു വീടിന്റെയോ മാത്രമല്ല, നാടിന്റെയാകെ ഐശ്വര്യകാലമാണ്.
ഭരണാധികാരികളെ കാത്തിരിക്കാതെ എല്ലാവരും മാവേലിയാകുകയാണു വേണ്ടത്. പരസ്പരം സ്നേഹിച്ചും ഭിന്നിപ്പിക്കാനെത്തുന്നരെ പടിക്കു പുറത്തുനിർത്തിയും സത്യസന്ധരായും തന്നെപ്പോലെ തന്റെ അയൽക്കാരനെ സ്നേഹിച്ചും നമുക്കും മാവേലിയാകാം. സ്വാർഥതയുടെയും വിഭാഗീയതയുടെയും പാതാളങ്ങളിൽനിന്നു പുറത്തുവരാം; മാവേലിനാട് യാഥാർഥ്യമാക്കാം.