നശിപ്പിച്ചവർ കൊടുക്കട്ടെ നഷ്ടപരിഹാരം
കുലയ്ക്കാറായ വാഴകൾ വെട്ടിക്കളഞ്ഞ സംഭവം സംസ്ഥാനത്ത് ആദ്യമല്ല. പക്ഷേ, അതൊക്കെ ചെയ്തത് സാമൂഹികവിരുദ്ധരായിരുന്നു. ആദ്യമായാണ് സർക്കാർ ഉദ്യോഗസ്ഥർ സാമൂഹികവിരുദ്ധ വേഷം കെട്ടിയത്.
കർഷകനോട് എന്തു ദ്രോഹം ചെയ്താലും ചോദിക്കാനും പറയാനും ആരുമുണ്ടാകില്ലെന്ന് കെഎസ്ഇബി ഉദ്യോഗസ്ഥർക്കും ബോധ്യമായി. അതിന്റെ ഫലമാണ് കോതമംഗലം വാരപ്പെട്ടിയിൽ ഓണത്തിനു വെട്ടി വിൽക്കാവുന്ന പരുവത്തിൽ നിന്ന 406 കുലവാഴകൾ അഹന്തയുടെ കൊടുവാളിനാൽ വെട്ടിനിരത്തിയത്. ഹൈടെൻഷൻ ലൈനിനു ചുവട്ടിലായതിനാലാണ് വെട്ടിക്കളഞ്ഞതെന്നാണ് ഉദ്യോഗസ്ഥരുടെ ന്യായം. ഇത്രയും നാൾ നിങ്ങൾ എവിടെയായിരുന്നു? ഒരു വാഴ ലൈനിൽ മുട്ടിയാൽ ആ പ്രദേശത്തേതു മുഴുവനും നശിപ്പിക്കാൻ നാട്ടിലെന്താ ഗുണ്ടാരാജാണോ? വീഴ്ചയില്ലെന്നു കെഎസ്ഇബി പറഞ്ഞാൽ തീരുന്നതല്ല പ്രശ്നം. ഇതു വീഴ്ചയല്ലെങ്കിൽ അതിനു കാരണമായ നിയമം മാറ്റിയേ തീരൂ. ഇത്രയും വലിയ മുടിവു നടത്തിയ ഉദ്യോഗസ്ഥർ എത്ര വലിയവനായാലും ഏതു പാർട്ടിക്കാരനായാലും മറുപടി പറയണം. ഏത്തക്കായയുടെ വിപണിവില വച്ച് കർഷകനു നഷ്ടപരിഹാരം നൽകണം; ഖജനാവിൽനിന്നല്ല, വകതിരിവില്ലാതെ തോന്ന്യാസം കാണിച്ച ഉദ്യോഗസ്ഥന്റെ അക്കൗണ്ടിൽനിന്ന്.
വാരപ്പെട്ടി കാവുംപുറം തോമസും മകൻ അനീഷും ഓണത്തിനു വിളവെടുക്കാൻ നിർത്തിയിരുന്ന വാഴകളാണ് യാതൊരു മുന്നറിയിപ്പും നൽകാതെ കഴിഞ്ഞ വെള്ളിയാഴ്ച വൈദ്യുതിവകുപ്പ് ജീവനക്കാർ വെട്ടിക്കളഞ്ഞത്. രണ്ടു വാഴയില വെട്ടിയാൽ തീരാവുന്ന പ്രശ്നമാണ് ഉദ്യോഗസ്ഥരുടെ ക്രൂരതയിൽ ദാരുണസംഭവമായി മാറിയത്. ഇൻഷ്വർ ചെയ്തിട്ടുണ്ടെങ്കിലും വെട്ടിക്കളഞ്ഞതിനാൽ നഷ്ടപരിഹാരം ലഭിക്കില്ല. മൂർച്ചയുള്ള കത്തിയുണ്ടെങ്കിൽ ഒരു വാഴ വെട്ടിക്കളയാൻ ഉദ്യോഗസ്ഥന് ഒരു സെക്കൻഡ് മതി. പക്ഷേ, കർഷകന്റെ ഒരു വർഷത്തെ അധ്വാനമാണത്. കുലയ്ക്കാറായ വാഴകൾ വെട്ടിക്കളഞ്ഞ സംഭവം സംസ്ഥാനത്ത് ആദ്യമല്ല. പക്ഷേ, അതൊക്കെ ചെയ്തത് സാമൂഹികവിരുദ്ധരായിരുന്നു. ആദ്യമായാണ് സർക്കാർ ഉദ്യോഗസ്ഥർ സാമൂഹികവിരുദ്ധ വേഷം കെട്ടിയത്. കർഷകനു നഷ്ടപരിഹാരം കൊടുത്താൽ മാത്രം പോരാ; ഇനി ആവർത്തിക്കാൻ പാടില്ലാത്തതിനാൽ ഉത്തരവാദികൾ ശിക്ഷിക്കപ്പെടുകയും വേണം.
വിഷയം ഗൗരവമുള്ളതാണെന്നും അറിയിപ്പില്ലാതെ വാഴകൾ വെട്ടിനിരത്തിയത് ന്യായീകരിക്കാനാവില്ലെന്നുമാണ് കൃഷിമന്ത്രി പി. പ്രസാദ് പറഞ്ഞത്. അന്വേഷണത്തിന് ട്രാൻസ്മിഷൻ ഡയറക്ടറെ നിയോഗിച്ചെന്നും നടപടിയെടുക്കുമെന്നും വൈദ്യുതിമന്ത്രി കെ. കൃഷ്ണൻകുട്ടിയും പറഞ്ഞു. ഈ പ്രതികരണങ്ങളൊക്കെ ജനരോഷം തണുപ്പിക്കാൻ മാത്രമാകരുത്. മികച്ച കർഷകൻകൂടിയായ വൈദ്യുതി മന്ത്രി സ്വന്തം വകുപ്പിലെ ഉദ്യോഗസ്ഥരുടെ ക്രൂരതയ്ക്കിരയായ പാവപ്പെട്ട കർഷകരുടെ വേദനയും നഷ്ടവും മനസിലാക്കണം. അതുപോലെ അറ്റകുറ്റപ്പണികൾ യഥാസമയം നടത്താത്തതിനാൽ ലൈൻ താഴ്ന്നിട്ടുണ്ടോയെന്നും അന്വേഷിക്കണം.
കോതമംഗലത്ത് കൃഷി നശിപ്പിച്ചിടത്ത് ആദ്യമായല്ല വാഴക്കൃഷി നടത്തുന്നത്. പക്ഷേ, അരുതെന്ന് ഒരിക്കൽപോലും ഉദ്യോഗസ്ഥർ പറഞ്ഞിട്ടില്ലെന്നാണ് കർഷകർ പറയുന്നത്. അവരെ സംബന്ധിച്ച് ഇത് സാന്പത്തികനഷ്ടം മാത്രമല്ല. അതിരാവിലെ കൃഷിത്തോട്ടത്തിലിറങ്ങുന്ന കർഷകർ ഇരുട്ടിയാലും മടങ്ങിപ്പോകാതെ ഓരോ പുതുനാന്പും തൊട്ടുതലോടി നടക്കുന്നവരാണ്. ഒരു വാഴവിത്തുപോലും നട്ടുവളർത്തിയിട്ടില്ലാത്തവർ മിനിറ്റുകൾകൊണ്ട് അതൊക്കെ വെട്ടിവീഴ്ത്തുന്പോൾ കൊള്ളുന്നത് കർഷകന്റെ നെഞ്ചിലാണ്. ലോകത്ത് എന്തു സംഭവിച്ചാലും നയാപൈസ കുറയാതെ മാസാമാസം അക്കൗണ്ടിലെത്തുന്ന ശന്പളം കൈപ്പറ്റുന്നവർക്ക് കർഷകന്റെ അനിശ്ചിതാവസ്ഥകളും തീരാദുരിതങ്ങളുമൊന്നും മനസിലാകില്ല. അത്തരം തിരിച്ചറിവുള്ള ഒരു മനുഷ്യനും ചെയ്യില്ല ഇമ്മാതിരി ദ്രോഹം.
വൈദ്യുതിലൈനിൽ സ്പർശിക്കുന്ന വിധത്തിലുള്ള ചെടികളും വൃക്ഷങ്ങളും നീക്കം ചെയ്യേണ്ടതാണെന്ന കാര്യത്തിൽ ആർക്കുമില്ല സംശയം. പക്ഷേ, അതു ശത്രുതാമനോഭാവത്തോടെ ആകരുത്. ആരുടെ പുരയിടത്തിലും കയറി വിളകൾ ഉൾപ്പെടെ വെട്ടിനിരത്തുന്ന ജീവനക്കാർ അതെല്ലാം തോന്നിയപടി വലിച്ചെറിഞ്ഞിട്ടാണ് പോകാറുള്ളത്. ഇത്തരം പ്രാകൃതരീതിയൊന്നും ലോകത്ത് ഒരിടത്തുമില്ല. കേരളത്തെപ്പോലെ ജനങ്ങൾ തിങ്ങിപ്പാർക്കുന്ന ഒരു സംസ്ഥാനത്ത് വൈദ്യുതിലൈൻ പോകുന്ന വഴിയൊക്കെ കാലിയാക്കിയിടുന്നത് അപ്രായോഗികവുമാണ്. അതേസമയം, അപകടകാരണമാകുന്നത് വെട്ടിനീക്കുകയും വേണം. ടച്ചിംഗ് വെട്ടൽ കരാറടിസ്ഥാനത്തിലാണ് ചെയ്യുന്നത്. എന്നാൽ, കരാറുകാരോ കെഎസ്ഇബി ഉദ്യോഗസ്ഥരോ ഇവർക്കൊപ്പം ഉണ്ടാകാറില്ലാത്തതിനാൽ സ്ഥലത്തെത്തുന്ന തൊഴിലാളികൾ തോന്നിയതെല്ലാം വെട്ടിനിരത്തുകയാണു പതിവ്. ഒരു വാഴ വെട്ടേണ്ടിടത്ത് ഒരു പ്രദേശം വെളുപ്പിച്ചുപോയാലും ഒന്നും സംഭവിക്കില്ലെന്ന ധാർഷ്ട്യം ഇനി വേണ്ട.
കെഎസ്ഇബിയിലെ വെട്ടിനിരത്തലുകാരായ ഉദ്യോഗസ്ഥർക്ക് ഓണത്തിന് മുൻകൂർ ശന്പളമുൾപ്പെടെ നൽകാൻ പരക്കം പായുകയാണല്ലോ സർക്കാർ. കോതമംഗലത്തെ തോമസ് ചേട്ടനും മകൻ അനീഷും കൊടുക്കുന്ന നികുതിപ്പണംകൂടിയാണ് ആ ശന്പളം. വാഴ വെട്ടിവയവർക്ക് ശന്പളം കൊടുക്കുന്നതിനുമുന്പ് വളർത്തിയവർക്കു നഷ്ടപരിഹാരം കൊടുക്കണം. നെല്ലും തേങ്ങയുമൊക്കെ സംഭരിച്ചതിന്റെ വിലപോലും കൊടുക്കാതെ കർഷകരെ ദ്രോഹിക്കുന്ന സർക്കാർ ഇമ്മാതിരി നാശംകൂടി നടത്തിയാൽ കേരളത്തിലെ കാർഷികരംഗം എങ്ങനെ രക്ഷപ്പെടും? ഉപകാരം ചെയ്യാത്തവർ ഉപദ്രവംകൂടി തുടങ്ങിയിരിക്കുന്നുവെന്നാണോ കരുതേണ്ടത്?