നാദാപുരത്തെ "കൂട്ടക്കരച്ചിൽ' നാടാകെ പടരട്ടെ
ഭഗവാനും കുഞ്ഞബ്ദുള്ളയുമൊക്കെ അപൂർവ സംഭവങ്ങളൊന്നുമല്ല. വീഡിയോ പ്രചരിച്ചതുകൊണ്ടാണ് ഇതിനു പ്രചാരം ലഭിച്ചത്. വിദ്യാർഥികളുടെ ഹൃദയത്തിൽ ചിരപ്രതിഷ്ഠ നേടിയ
നിരവധി അധ്യാപകർ അന്നുമിന്നുമുണ്ട്.
ഇതൊരു അധ്യാപകദിന കുറിപ്പല്ല. പക്ഷേ, എല്ലാ ദിവസവും അധ്യാപകരുടേതാണ് എന്ന് ഓർമിപ്പിക്കുകയാണ് കോഴിക്കോട് നാദാപുരത്തുനിന്നുള്ള ഒരു കൊച്ചു വീഡിയോ. സ്ഥലം മാറിപ്പോകുന്ന തങ്ങളുടെ അധ്യാപകനെ കെട്ടിപ്പിടിച്ചുകൊണ്ട്, പോകരുതേയെന്നു പറഞ്ഞു നിലവിളിക്കുന്ന വിദ്യാർഥികളുടെ കാഴ്ചയാണ് അതിലുള്ളത്. ഗുരു-ശിഷ്യ ബന്ധം അതിന്റെ പാവനമായ കണ്ണികളെ പൊട്ടിച്ചെറിഞ്ഞ് തൊഴിലിന്റെ യാന്ത്രികതയെ ആശ്ലേഷിക്കുന്ന കാലത്ത് ഒരു തിരിഞ്ഞുനോട്ടമായി മാറിയിരിക്കുന്നു നാദാപുരത്തെ വിദ്യാർഥികളുടെ കൂട്ടക്കരച്ചിൽ. അതുകണ്ട് സന്തോഷാശ്രുക്കൾ പൊഴിക്കാത്തവർ ആരുമുണ്ടാകില്ല. ഈ വീഡിയോ കണ്ട്, തങ്ങളുടെ ജീവിതത്തിൽ വഴിവിളക്കായിരുന്ന അധ്യാപകരുടെ ഓർമകളിൽ എത്രയോ പേരുടെ കണ്ണുകൾ നിറഞ്ഞിട്ടുണ്ടാകും? അതുകണ്ട്, സ്വന്തം തൊഴിലിനെ അർപ്പണ ബോധത്താൽ പുതുക്കണമെന്നു തീരുമാനിച്ചുറപ്പിച്ച എത്രയോ അധ്യാപകരുണ്ടാകും? നന്മയുടെ സൂചകങ്ങളായ ഇത്തരം കാഴ്ചകൾ നാടാകെ പടരട്ടെ.
കലാപത്തിന്റെയും വിദ്വേഷത്തിന്റെയും മനസുലയ്ക്കുന്ന വാർത്തകൾക്കിടയിലാണ് ഒരു മാതൃകാധ്യാപകൻ നന്മയുടെയും പ്രതീക്ഷയുടെയും പ്രതീകമായിരിക്കുന്നത്. നാദാപുരം കല്ലാച്ചി ഗവ. സ്കൂൾ എൽ.പി. വിഭാഗം നാലാം ക്ലാസിലെ അധ്യാപകനായ ഇ.കെ. കുഞ്ഞബ്ദുള്ള കഴിഞ്ഞ ദിവസം ക്ലാസിലെത്തി പുതിയ ടീച്ചറെ കുട്ടികൾക്കു പരിചയപ്പെടുത്തുന്പോഴായിരുന്നു സംഭവം.
അമ്മയ്ക്കു സുഖമില്ലാത്തതുകാരണം താൻ നാട്ടിലെ സ്കൂളിലേക്കു സ്ഥലം മാറിപ്പോകുകയാണെന്നു പറഞ്ഞതോടെയാണ് കുട്ടികൾ തേങ്ങിപ്പോയത്. പിന്നെയതു കൂട്ടക്കരച്ചിലായി. സാർ എങ്ങും പോകരുതെന്നും, തങ്ങളെ തന്നെ പഠിപ്പിക്കണമെന്നും പറഞ്ഞുള്ള നിലവിളി ക്ലാസ് മുറിക്കു പുറത്തേക്കുമെത്തി. മറ്റ് ക്ലാസുകളിലെ അധ്യാപകരും വിദ്യാർഥികളുമൊക്കെ എത്തിയെങ്കിലും കുട്ടികൾ തങ്ങളുടെ അധ്യാപകനെ കെട്ടിപ്പിടിച്ചുള്ള കരച്ചിൽ നിർത്തിയില്ല. ഒടുവിൽ, അമ്മയുടെ അസുഖം ഭേദമായാലുടനെ താൻ തിരിച്ചുവരാമെന്ന്, കുട്ടികളെ ആശ്വസിപ്പിക്കാൻ അദ്ദേഹത്തിനു പറയേണ്ടിവന്നു.
2016ലാണ് കല്ലാച്ചി സ്കൂളിൽ കുഞ്ഞബ്ദുള്ള അധ്യാപകനായെത്തിയത്. പഠിപ്പിക്കുന്നതിൽ മാത്രമല്ല, വിദ്യാർഥികൾക്കു മാർഗനിർദേശം നൽകുന്നതിനും അവരുടെ പരിഭവങ്ങൾ കേൾക്കുന്നതിനുമൊക്കെ സമയം കണ്ടെത്തിയിരുന്ന പ്രിയപ്പെട്ട മാഷിനെ കുട്ടികൾക്കു ജീവനായിരുന്നു. അതിനാൽതന്നെ സ്ഥലം മാറ്റം സ്കൂൾ അധികൃതരും വിദ്യാർഥികളെ അറിയിച്ചിരുന്നില്ല. അപ്രതീക്ഷിതമായി ആ വാർത്ത കേൾക്കേണ്ടിവന്നപ്പോഴാണ് അവരുടെ സങ്കടം അണപൊട്ടിയൊഴുകിയത്. അധ്യാപനം വെറുമൊരു തൊഴിൽപോലെ കാണുകയും ശന്പളത്തിനും അവകാശങ്ങൾക്കുമപ്പുറം മറ്റൊന്നും ചിന്തിക്കേണ്ടതില്ലെന്നു കരുതുകയും ചെയ്യുന്ന വ്യക്തിയായിരുന്നില്ല കുഞ്ഞബ്ദുള്ള.
2018ൽ രാജ്യമൊട്ടാകെ പ്രചരിച്ചതാണ് തമിഴ്നാട് തിരുവള്ളൂരിലെ ഗോവിന്ദ് ഭഗവാൻ എന്ന അധ്യാപകന്റെ സ്ഥലം മാറ്റമറിഞ്ഞു പൊട്ടിക്കരയുന്ന വിദ്യാർഥികളുടെ വീഡിയോ. അധ്യാപകനെ ഇഷ്ടപ്പെട്ടാൽ കുട്ടികൾ പഠിക്കാനും ഇഷ്ടപ്പെടുമെന്ന് ഭഗവാൻ അന്നു പറഞ്ഞത് വിദ്യാഭ്യാസനയം രൂപീകരിക്കുന്നവർ ശ്രദ്ധിക്കേണ്ട വിപ്ലവകരമായ നിരീക്ഷണമാണ്.
ചില അധ്യാപകരോടുള്ള ഭയം മൂലം അവർ പഠിപ്പിക്കുന്ന വിഷയത്തെതന്നെ വെറുത്തുപോയ ആളുകളുണ്ട്. പല അധ്യാപകരെയും കാണുന്നതുതന്നെ കുട്ടികൾക്കു ഭയമാണ്. കക്ഷി രാഷ്ട്രീയത്തിന്റെ കെട്ടുപാടുകളുള്ള അധ്യാപകരും വരുമാനത്തിനുള്ള ഉപജോലിയായി അധ്യാപനത്തെ കൊണ്ടുനടക്കുന്നവരും വഴിതെറ്റി അധ്യാപനത്തിലെത്തിയവരും വിദ്യാർഥികളെ പീഡിപ്പിച്ചു കരിന്പട്ടികയിലായവരും ദുർമാർഗികളും യോഗ്യതയില്ലാത്തവരും ഉൾപ്പെടെ എത്രയോ പേർ ഈ ജോലിയുടെ മഹത്വത്തെ ചവിട്ടിയരയ്ക്കുന്നുണ്ട്.
ഭഗവാനും കുഞ്ഞബ്ദുള്ളയുമൊക്കെ അപൂർവ സംഭവങ്ങളൊന്നുമല്ല. വീഡിയോ പ്രചരിച്ചതുകൊണ്ടാണ് ഇതിനു പ്രചാരം ലഭിച്ചത്. വിദ്യാർഥികളുടെ ഹൃദയത്തിൽ ചിരപ്രതിഷ്ഠ നേടിയ നിരവധി അധ്യാപകർ അന്നുമിന്നുമുണ്ട്. പഠിപ്പിക്കുന്ന വിഷയത്തെക്കുറിച്ച് ഓരോ ദിവസവും പഠിച്ചുകൊണ്ട് സ്വയം നവീകരിക്കുന്നവർ, അതു വ്യക്തമായും ലളിതമായും കുട്ടികൾക്കു പറഞ്ഞുകൊടുക്കുന്നവർ, പഠനത്തിൽ പിന്നാക്കമുള്ള വിദ്യാർഥികളെ പ്രത്യേക കരുതലോടെയും ക്ഷമയോടെയും മുന്നിലെത്തിക്കാൻ ശ്രമിക്കുന്നവർ, വിദ്യാർഥികളുടെ വ്യക്തിജീവിതത്തിലും നിർദേശം നൽകുന്നവർ, തിന്മയ്ക്കെതിരേ മാർഗദീപമാകുന്നവർ, ഏതു നിമിഷവും കുട്ടികൾക്കു ഭയമില്ലാതെ വിളിച്ചു സംസാരിക്കാനാവുന്നവർ... അങ്ങനെ ഭാവിയെ കെട്ടിപ്പടുക്കുന്ന അധ്യാപകർ നിരവധിയുണ്ട്. ക്ലാസ് മുറികളിലൊതുങ്ങാതെ, വിദ്യാർഥികളുടെ സമഗ്രവളർച്ചയുടെ ലോകത്ത് ഒരു സൂര്യനെപ്പോലെ തെളിഞ്ഞു നിൽക്കുന്നവരാണവർ. അവർ, അകന്നുപോകുന്നത് വിദ്യാർഥികൾക്കു സഹിക്കാനാവില്ല.
പോകരുതേയെന്നു പറഞ്ഞുള്ള അവരുടെ നിലവിളിയോളം വലിയൊരു അധ്യാപന പുരസ്കാരം വേറേയില്ല. കുഞ്ഞബ്ദുള്ളയും ഭഗവാനുമൊക്കെ ഏറ്റുവാങ്ങിയ ഈ പരമോന്നത പുരസ്കാരത്തിനു കൂടുതൽ അധ്യാപകർ അർഹരാകട്ടെ. നാദാപുരത്തെ വീഡിയോ അധ്യാപകർക്കുള്ള പാഠപുസ്തകമാണ്.