കായിക-കലാ അധ്യാപകർ എവിടെ?
ഒരു കുട്ടിയില്‍ അന്തര്‍ലീനമായിരിക്കുന്ന കഴിവുകളെ കണ്ടെത്താനും അവയെ പരിപോഷിപ്പിക്കാനും സ്കൂളുകളില്‍ അന്ത്യശ്വാസം വലിച്ചുകൊണ്ടിരിക്കുന്ന കലാ-കായിക-പ്രവൃത്തിപരിചയ ക്ലാസുകള്‍ക്ക് പുനര്ജന്മം കൊടുത്തേ തീരൂ. അവ കൈകാര്യം ചെയ്യാന്‍ പ്രാവീണ്യമുള്ള അധ്യാപകരെ സ്കൂളുകളില്‍ നിയമിക്കണം.
സംസ്ഥാനത്തെ സ്കൂളുകളിൽ കായിക-കലാ വിനോദങ്ങൾക്കുള്ള പിരീഡുകളിൽ മറ്റു വിഷയങ്ങൾ പഠിപ്പിക്കരുതെന്ന് സർക്കാർ ഉത്തരവിറക്കിയിരിക്കുകയാണ്. തീർച്ചയായും കലാ-കായിക പഠനം വിദ്യാഭ്യാസത്തിന് മുതൽക്കൂട്ടായ ഉത്തരവുതന്നെ. എന്നാൽ, കാര്യങ്ങൾ പഠിക്കാതെയും അടിസ്ഥാനസൗകര്യങ്ങൾ ഒരുക്കാതെയും പെട്ടെന്നുണ്ടായ ഈ നിർദേശം പ്രതിസന്ധി സൃഷ്ടിക്കുമെന്ന കാര്യം തീർച്ചയാണ്. കാരണം മിക്ക സ്കൂളുകളിലും കലാ-കായികാധ്യാപകർ ഇല്ലെന്നതുതന്നെ.
ഒന്നു മുതൽ 12 വരെയുള്ള ക്ലാസുകളിൽ കായിക- കലാ വിനോദങ്ങൾക്കുള്ള സമയങ്ങളിൽ മറ്റു വിഷയങ്ങൾ പഠിപ്പിക്കുന്നുവെന്നും ഇതു വിദ്യാർഥികളുടെ അവകാശലംഘനമാണെന്നും ചൂണ്ടിക്കാട്ടി ചിലർ ബാലാവകാശ കമ്മീഷന് പരാതി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ബാലാവകാശ കമ്മീഷൻ വിദ്യാഭ്യാസ വകുപ്പിനോട് വിശദീകരണം തേടി. ഇതേത്തുടർന്നാണ് സ്കൂളുകളിൽ കലാ-കായിക വിനോദങ്ങൾക്കുള്ള പിരീഡുകളിൽ മറ്റുവിഷയങ്ങൾ പഠിപ്പിക്കാൻ പാടില്ലെന്ന സർക്കുലർ പൊതുവിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കിയത്.
സംസ്ഥാനത്ത് 13,972 സ്കൂളുകളുള്ളതിൽ 1869 സ്കൂളുകളിൽ മാത്രമാണു കായികാധ്യാപകരുള്ളത്. എൽപി, ഹയർ സെക്കൻഡറി, വിഎച്ച്എസ്ഇ സ്കൂളുകളിൽ കലാ-കായിക അധ്യാപകരില്ലതാനും. ഹയർ സെക്കൻഡറിയിൽ ആഴ്ചയിൽ 47 പിരീഡുള്ളതിൽ രണ്ടു പിരീഡാണ് ഓരോ ബാച്ചിലും കലാ-കായിക പഠനത്തിനായി അനുവദിച്ചിരിക്കുന്നത്. ഈ വിഷയങ്ങളിൽ അധ്യാപകരില്ലാത്തതിനാൽ മറ്റ് അധ്യാപകർ പിരീഡുകൾ കൈകാര്യം ചെയ്യുകയാണ്. വിവിധ കാരണങ്ങളാൽ അധ്യയനം നഷ്ടപ്പെടുന്ന ദിവസങ്ങളിലെ പാഠഭാഗങ്ങൾ തീർക്കാൻ പ്രധാനമായും ഈ പിരീഡുകൾ സഹായകമാകുന്നു.
നമ്മുടെ ചുറ്റുപാടുകളെ അത്ര വിശ്വസിക്കാനാകാത്തതിനാൽ അധ്യാപകനില്ലെന്ന കാരണത്താൽ കുട്ടികളെ ക്ലാസുകളിൽ വെറുതെയിരുത്താനോ അധ്യാപകരുടെ സാന്നിധ്യമില്ലാതെ ഇവരെ ഗ്രൗണ്ടിലേക്ക് അയയ്ക്കാനോ കഴിയില്ല.
സംസ്ഥാനത്തെ 86 ശതമാനം യുപി സ്കൂളുകളിലും 44 ശതമാനം ഹൈസ്കൂളുകളിലും കായികാധ്യാപകരില്ലെന്ന് കായികാധ്യാപക സംഘടന ചൂണ്ടിക്കാട്ടുന്നു. നിലവിൽ 500 വിദ്യാർഥികളെങ്കിലുമുള്ള സ്കൂളുകളിലാണ് കലാ-കായിക വിഭാഗങ്ങളിൽ സ്പെഷലിസ്റ്റ് അധ്യാപക തസ്തികയുള്ളത്. ഈ അവസ്ഥയിൽ പുതിയ നിർദേശം അപ്രായോഗികമാണെന്ന് സ്കൂൾ അധികൃതരും ചൂണ്ടിക്കാട്ടുന്നു.
കായിക വിദ്യാഭ്യാസത്തിന്റെ പ്രാധാന്യം നാൾക്കുനാൾ ഏറിവരികയാണ്. കായികപഠനം മത്സരപരിശീലനമായി തരംതാഴ്ത്തപ്പെട്ടതുകൊണ്ടാണ് അതിന്റെ പ്രയോജനം എല്ലാ വിദ്യാർഥികൾക്കും ലഭിക്കാതെ പോകുന്നത്. അതിനാൽ മുഖ്യ വിഷയങ്ങളിലൊന്നായി പരിഗണിച്ച് കായികവിദ്യാഭ്യാസത്തെ പാഠ്യപദ്ധതിയുടെ ഭാഗമാക്കേണ്ടതുണ്ട്.
ഐടി പഠനം നടപ്പിലാക്കിയപ്പോൾ അതിനു കാര്യക്ഷമത നൽകാൻ ഐടി അറ്റ് സ്കൂൾ രൂപീകരിക്കുകയുണ്ടായി. പൊതു പാഠ്യപദ്ധതിയുടെ ഭാഗമാണെങ്കിലും ഇപ്പോഴും ഐടി പഠനത്തിന്റെ സംഘാടനവും ഏകോപനവും നിർവഹിക്കുന്നതിൽ ‘കൈറ്റി’ന് (ഐടി അറ്റ് സ്കൂളിന്റെ പുതിയ രൂപം) നിർണായക പങ്കുണ്ട്. ഈ സാധ്യത കലാ-കായിക-തൊഴിൽ പഠനങ്ങളുടെ കാര്യത്തിലും പിന്തുടരേണ്ടതുണ്ട്.
തീർച്ചയായും കലാ-കായിക പഠനം സ്കൂളുകളിൽ അനിവാര്യമാണ്. ഒരു വ്യക്തിയുടെ കഴിവുകളും മികവുകളും രൂപപ്പെടേണ്ട ഘട്ടം സ്കൂള്‍ വിദ്യാഭ്യാസകാലമാണ്. ഒരുകാലത്ത് കേരളത്തിലെ സ്കൂളുകളിൽ കലാ-കായിക പഠനം വിദ്യാഭ്യാസത്തിന്റെ മുഖ്യഘടകമായിരുന്നു. രാജ്യത്തു പൊതുവേ എല്ലായിടത്തും ഇതുതന്നെയായിരുന്നു അവസ്ഥ. കാലപ്രവാഹത്തില്‍ സ്വാഭാവികമായും, അതിനേക്കാളുപരി കൃത്രിമമായും നമ്മുടെ ജീവിതസങ്കല്‍പ്പങ്ങളിലെ മുന്‍ഗണനകള്‍ മാറ്റിമറിക്കപ്പെട്ടു.
മാറിമറിഞ്ഞ മുന്‍ഗണനകള്‍ ഏറ്റവും പരിക്കേല്‍പ്പിച്ചത് സമൂഹത്തെ വാര്‍ത്തെടുക്കുന്നതില്‍ ഏറ്റവുമധികം പ്രവര്‍ത്തനങ്ങള്‍ നടക്കുന്ന പൊതുവിദ്യാഭ്യാസരംഗത്തെയാണ്. അതില്‍ത്തന്നെ ഏറ്റവും പരിക്കേറ്റത് കലാ-കായിക വിദ്യാഭ്യാസത്തിനും. ഓരോ കാലത്തുമുണ്ടായ വിദ്യാഭ്യാസ കമ്മീഷനുകളൊക്കെ ഇതിലെ അശാസ്ത്രീയതകള്‍ ചൂണ്ടിക്കാണിച്ചുവെങ്കിലും അതൊന്നും ക്രിയാത്മകമായ മാറ്റങ്ങള്‍ക്കു കാരണമായില്ല. അതുകൊണ്ടുതന്നെ നമ്മുടെ പൊതുവിദ്യാഭ്യാസ സംവിധാനത്തില്‍ ക്രമേണയായി കലാ-കായിക പഠനം അവഗണിക്കപ്പെട്ടുകൊണ്ടേയിരുന്നു.
ഒരു കുട്ടിയില്‍ അന്തര്‍ലീനമായിരിക്കുന്ന കഴിവുകളെ കണ്ടെത്താനും അവയെ പരിപോഷിപ്പിക്കാനും സ്കൂളുകളില്‍ അന്ത്യശ്വാസം വലിച്ചുകൊണ്ടിരിക്കുന്ന കലാ-കായിക-പ്രവൃത്തിപരിചയ ക്ലാസുകള്‍ക്ക് പുനര്ജന്മം കൊടുത്തേ തീരൂ.
അവ കൈകാര്യം ചെയ്യാന്‍ പ്രാവീണ്യമുള്ള അധ്യാപകരെ സ്കൂളുകളില്‍ നിയമിക്കണം. മുഖ്യ വിഷയങ്ങളിലൊന്നായി പരിഗണിച്ച് കായികവിദ്യാഭ്യാസത്തെ പാഠ്യപദ്ധതിയുടെ ഭാഗമാക്കണം. സ്പെഷലിസ്റ്റ് അധ്യാപകരെ നിയമിക്കാതെ പെട്ടെന്നൊരു സുപ്രഭാതത്തിൽ കായിക-കലാ പഠനം നിർബന്ധമാക്കിയും അതിനായി നീക്കിവച്ചിട്ടുള്ള പിരീഡുകളിൽ മറ്റു ക്ലാസുകൾ പാടില്ലെന്നും പറയുന്നതിലെ ഉദ്ദേശ്യശുദ്ധി സംശയിക്കേണ്ടതുണ്ട്. ചെയ്യേണ്ട കാര്യങ്ങൾ ചെയ്തിട്ടാകട്ടെ ഇത്തരത്തിലുള്ള ഉത്തരവുകൾ.