തെങ്ങ് ചതിക്കില്ല, സർക്കാർ ചതിക്കരുത്
കേന്ദ്രസർക്കാർ സ്ഥാപനമായ നാളികേര വികസന ബോർഡിൽ വിവിധ തസ്തികകളിലേക്കു കഴിഞ്ഞ ഡിസംബറിൽ അപേക്ഷ ക്ഷണിച്ചിട്ടുണ്ടായിരുന്നു. രണ്ടു ലക്ഷത്തിനു മുകളിൽവരെ ശന്പളമുണ്ട്. കാർഷികമേഖലയുമായി ബന്ധപ്പെട്ട ഒരു ഉദ്യോഗസ്ഥനെപ്പോലെ അന്തസോടെ കൈനിറയെ കാശുമായി ജീവിക്കാൻ, പകലന്തിയോളം വിയർപ്പൊഴുക്കുന്ന കർഷകന് എന്നെങ്കിലും സാധിക്കുമോ?
തെങ്ങ് ചതിക്കില്ലെന്നു വിശ്വസിക്കുന്നവരാണ് കേരളത്തിലെ കർഷകർ. കൃഷിച്ചെലവ് അടിക്കടി വർധിക്കുകയാണെങ്കിലും കഴിഞ്ഞ മാസങ്ങളിലൊക്കെ നല്ല വിളവുണ്ടായി. പക്ഷേ, തേങ്ങയ്ക്കു വിലയില്ല. സംഭരണ വാഗ്ദാനങ്ങളും പ്രഖ്യാപനങ്ങളുമെല്ലാം പാഴായി. സ്വകാര്യ മില്ലുകളുടെയും നാഫെഡിന്റെയും കൊപ്ര സംഭരണവും കൃഷിവകുപ്പിന്റെ പച്ചത്തേങ്ങാ സംഭരണവും ഏതാണ്ട് ഇല്ലാതായതോടെ കിട്ടുന്ന വിലയ്ക്ക് തേങ്ങ വിറ്റഴിക്കാൻ നിർബന്ധിതരായിരിക്കുകയാണ് കർഷകർ. കർഷകൻ എന്തു വിൽക്കാനിറങ്ങിയാലും വിലയില്ല. അതേ സാധനം കടയിൽനിന്നു വാങ്ങണമെങ്കിൽ കൊള്ളവിലയും. ഒന്നിനു പിറകേ ഒന്നായി തകർന്നു തരിപ്പണമാകുന്ന കേരളത്തിന്റെ കാർഷികമേഖലയിൽ തെങ്ങുകർഷകരുടെ കുടുംബങ്ങളും പിച്ചച്ചട്ടിയെടുക്കുകയാണ്.
ഏപ്രിൽ മാസത്തിൽ കിലോയ്ക്ക് 28 രൂപ വരെ വിലയുണ്ടായിരുന്ന തേങ്ങയ്ക്ക് ഇപ്പോൾ 20 മുതൽ 24 വരെയാണ് വില. കടയിൽനിന്നു വാങ്ങണമെങ്കിൽ 35 മുതൽ 40 വരെ വിലയുണ്ട്. സർക്കാർ 32 രൂപ താങ്ങുവില നിശ്ചയിച്ചിട്ടുണ്ട്. പക്ഷേ, സംഭരണം നടന്നാലല്ലേ താങ്ങുവിലയ്ക്ക് അർഥമുള്ളൂ. കോഴിക്കോട്, മലപ്പുറം, തൃശൂർ, കൊല്ലം, തിരുവനന്തപുരം എന്നിവിടങ്ങളിൽ മാത്രമാണ് സംഭരണകേന്ദ്രങ്ങളുള്ളത്. സഹകരണസംഘങ്ങൾ വഴി സംഭരിക്കുമെന്നു പറഞ്ഞെങ്കിലും പ്രായോഗികമായില്ല. കൃഷിഭവനിൽനിന്നുള്ള രസീതുകളുമായി തേങ്ങ വാഹനത്തിൽ കയറ്റി കർഷകൻ സംഭരണകേന്ദ്രത്തിലെത്തിക്കണം. ഇതിന്റെ ചെലവ് ഓർക്കുന്പോൾ സംഭരണകേന്ദ്രത്തിനു സമീപത്തുള്ളവരൊഴിച്ച് ആരും അങ്ങോട്ടു പോകാറില്ല. കേരളത്തിൽ ഒരു തേങ്ങയുടെ ഉത്പാദനച്ചെലവ് സർക്കാർ കണക്കാക്കിയിട്ടുള്ളത് 9.87 ആണ്. ഇത് അടിസ്ഥാനരഹിതമാണെന്നും ഇപ്പോഴത്തെ ചെലവനുസരിച്ച് ഒരു തേങ്ങയ്ക്ക് മുടക്കുമുതൽ 15 രൂപയെങ്കിലുമാകുമെന്നു കർഷകർ പറയുന്നു. തെങ്ങുകയറ്റക്കാർക്കു തെങ്ങൊന്നിന് 40 മുതൽ 50 രൂപ വരെ കൊടുക്കണം. ഒരു തേങ്ങ പൊതിക്കാൻ ഒരു രൂപയെങ്കിലും കുറഞ്ഞതു കൊടുക്കണം. സംഭരണശാലയിലെത്തിക്കുന്നതിനുള്ള വാഹനവാടക വേറെ. ഇതൊന്നും കണക്കിലില്ല. സർക്കാർ ഇതുവല്ലതും അറിയുന്നുണ്ടോ?
തമിഴ്നാട്ടിൽനിന്നു തേങ്ങ ധാരാളം എത്തുന്നുണ്ട്. കരിക്കുവിപണിയും അവരുടെ കൈയിലായി. അവിടത്തെ വൻകിട തോട്ടങ്ങളിൽ പതിനായിരക്കണക്കിനു തെങ്ങുകളാണുള്ളത്. തെങ്ങിൻതടിയിലുൾപ്പെടെ കുത്തിക്കയറ്റുന്ന കീടനാശിനിയുടെ വാർത്തകളും പുറത്തുവന്നിട്ടുണ്ട്.
പക്ഷേ, വില കുറച്ചു കിട്ടുന്നതിനാൽ കേരളത്തിൽ നല്ല വിൽപ്പനയാണ്. 35 ലക്ഷത്തിലേറെ തെങ്ങുകർഷകരാണ് കേളത്തിലുള്ളത്. കൂടുതൽ സ്ഥലത്തേക്കു കൃഷി വ്യാപിപ്പിക്കാനുള്ള ശ്രമമാണ് കൃഷിവകുപ്പിന്റെ നേതൃത്വത്തിൽ നടത്തുന്നത്. ഇന്നത്തെ അവസ്ഥയിൽ കൂടുതൽ കർഷകരെ കടക്കെണിയിലേക്ക് മുക്കാനല്ലാതെ എന്തു പ്രയോജനമാണ് അതുകൊണ്ടുള്ളത്? കൃഷിവകുപ്പുകൊണ്ട് കുറെ ഉദ്യോഗസ്ഥർക്കല്ലാതെ കർഷകർക്ക് എന്തു നേട്ടമാണ് ഉണ്ടാകുന്നതെന്ന് സർക്കാർ ഒരന്വേഷണം നടത്തണം. കേന്ദ്രസർക്കാർ സ്ഥാപനമായ നാളികേര വികസന ബോർഡിൽ വിവിധ തസ്തികകളിലേക്കു കഴിഞ്ഞ ഡിസംബറിൽ അപേക്ഷ ക്ഷണിച്ചിട്ടുണ്ടായിരുന്നു.
രണ്ടു ലക്ഷത്തിനു മുകളിൽവരെ ശന്പളമുണ്ട്. കാർഷികമേഖലയുമായി ബന്ധപ്പെട്ട ഒരു ഉദ്യോഗസ്ഥനെപ്പോലെ അന്തസോടെ കൈനിറയെ കാശുമായി ജീവിക്കാൻ, പകലന്തിയോളം വിയർപ്പൊഴുക്കുന്ന കർഷകന് എന്നെങ്കിലും സാധിക്കുമോ? കേരത്തിന്റെ നാടായ കേരളത്തിൽ കേരകൃഷിക്കും അന്ത്യം കുറിക്കും മാറിമാറി വരുന്ന സർക്കാരുകളുടെ വികലമായ പദ്ധതികളും ദീർഘവീക്ഷണമില്ലായ്മയും. അവസാനത്തെ കർഷകനെയും കെട്ടുകെട്ടിച്ചാൽ പിന്നെ അയൽസംസ്ഥാനങ്ങൾക്കു തീറെഴുതാം നമ്മുടെ കാർഷികവിപണിയത്രയും. ഈ പോക്കു പോയാൽ അതിനു താമസമുണ്ടാകില്ല.
ഉത്പാദനച്ചെലവിനേക്കാൾ 1.48 രൂപ മാത്രം അധികം ചേർത്താണ് സർക്കാരിന്റെ താങ്ങുവില. ആ വിലയെങ്കിലും കൊടുത്ത് സംഭരണ കേന്ദ്രങ്ങൾ വഴിയും സഹകരണസംഘങ്ങൾ വഴിയും തേങ്ങ സംഭരിച്ചാൽ കേരകർഷകരെ പട്ടിണിയിൽനിന്നു രക്ഷിക്കാനാകും. സംഭരിക്കുന്ന തേങ്ങയുടെ വില യഥാസമയം നൽകുകയും വേണം.
വിറ്റ നെല്ലിന്റെ കാശിനുവേണ്ടി ബാങ്കുകൾ കയറിയിറങ്ങുന്ന നെൽക്കർഷകരുടെ നിരയിൽ ചേരേണ്ട ഗതികേട് കേരകർഷകർക്കും ഉണ്ടാകരുത്. സർക്കാർ സംഭരണം കൃത്യമായി നടന്നാൽ പൊതുവിപണിയിലെ വില കൂടും. സർക്കാരിന്റെ തേങ്ങ സംഭരണം ഒരുവിധത്തിലും കൃത്യമായി നടക്കില്ലെന്ന ഉറപ്പാണ്, കച്ചവടക്കാർ പൊതുവിപണിയിൽ വിലയിടിക്കുന്നതിനു കാരണം. സർക്കാർ ഒപ്പമുണ്ടെങ്കിൽ കൃഷിയിടങ്ങളിൽ കർഷകരുമുണ്ടാകും. കീടങ്ങളും കീടനാശിനി-വളം വിലക്കയറ്റവും ഇടനിലക്കാരുമൊക്കെ ചതിക്കുന്പോൾ പിന്തുണയ്ക്കേണ്ട സർക്കാർ പിന്നിൽനിന്നു കുത്തുകയല്ല, മുന്നിൽ നിന്നൊരു കൈത്താങ്ങ് കൊടുക്കുകയാണു വേണ്ടത്.