മദ്യലഭ്യത കൂടുന്തോറും അതിലേക്ക് ആകർഷിക്കപ്പെടുന്നവരുടെ എണ്ണം കൂടുമെന്ന മദ്യപാനികൾക്കു പോലുമറിയാവുന്ന അടിസ്ഥാനതത്വം ഈ സർക്കാർ വിസ്മരിക്കുകയാണ്.
നികുതിയിനത്തിൽ സർക്കാരിനു കിട്ടുന്ന വരുമാനമൊഴിച്ചാൽ, മദ്യം നാശമല്ലാതെ മറ്റൊന്നും നാടിനു സമ്മാനിക്കുന്നില്ലെന്നു തമിഴ്നാട് സർക്കാരിനു ബോധ്യമുണ്ട്. അതുകൊണ്ടാണ്, തമിഴ്നാട് സ്റ്റേറ്റ് മാർക്കറ്റിംഗ് കോർപറേഷൻ ലിമിറ്റഡിന്റെ (ടാസ്മാക്) കീഴിലുള്ള 500 ചില്ലറ മദ്യവില്പനശാലകൾ ഒറ്റയടിക്ക് നിർത്തലാക്കിയത്. പണമുണ്ടാക്കാൻ ഏന്തു ജനദ്രോഹത്തിനും തയാറാകുന്നതല്ല തങ്ങളുടെ നയമെന്ന തമിഴ്നാടിന്റെ പ്രഖ്യാപനംകൂടിയായി ഈ നടപടി.
നിരവധി കുടുംബങ്ങൾക്ക് ആശ്വാസമാകുന്ന മദ്യനിയന്ത്രണ തീരുമാനത്തിനു പിന്നാലെയാണ് തമിഴ്നാട്ടിൽ വീട്ടമ്മമാർക്ക് പ്രതിമാസം 1000 രൂപ സഹായം നൽകുന്ന പദ്ധതി പ്രഖ്യാപിച്ചത്. കുടുംബത്തിന്റെ വരുമാനം ഇല്ലാതാക്കുന്ന മദ്യപാനത്തിനു നിയന്ത്രണം കൊണ്ടുവന്നതിനൊപ്പം വീട്ടമ്മമാർക്കു ചെറിയൊരു വരുമാനം ഉറപ്പാക്കുകയും ചെയ്തിരിക്കുന്നു. മദ്യത്തിലും മയക്കുമരുന്നിലും മൂക്കോളം മുങ്ങിക്കിടക്കുന്ന കേരളത്തിന് ഇതു മാതൃകയാകുമോയെന്ന് ഒരുറപ്പുമില്ല. കാരണം, നമ്മുടെ പോക്ക് ആ വഴിക്കല്ല.
തമിഴ്നാട്ടിൽ ആകെയുള്ള 5329 മദ്യശാലകളിൽ 500 എണ്ണം അടച്ചുപൂട്ടുമെന്ന് എക്സൈസ് മന്ത്രി സെന്തിൽ ബാലാജി ഏപ്രിൽ 12നാണ് നിയമസഭയിൽ പ്രഖ്യാപിച്ചത്. ഏപ്രിൽ 20ന് ഉത്തരവ് പുറത്തിറക്കി. ജൂൺ 21ന് പൂട്ടേണ്ട മദ്യശാലകളുടെ പട്ടിക ടാസ്മാക് പൂർത്തിയാക്കുകയും 22ന് അടച്ചുപൂട്ടുകയും ചെയ്തു.
ജനവാസ മേഖലകൾ, ആരാധനാലയങ്ങൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവയ്ക്കു സമീപമുള്ളവയാണ് പ്രധാനമായും അടച്ചുപൂട്ടിയത്. തമിഴ്നാട്ടിൽ മദ്യശാലകളുടെ എണ്ണം കുറയ്ക്കുന്നതിന്റെ ആദ്യപടിയാണിത്. ഇതോടൊപ്പമാണ് കുടുംബങ്ങളെ ശക്തീകരിക്കുന്നതിനുള്ള സഹായധന പ്രഖ്യാപനം. വീട്ടമ്മമാർക്ക് 1,000 രൂപ നൽകുന്ന ‘മാഗളിർ ഉറുമൈ തോഗൽ’ പദ്ധതി സെപ്റ്റംബർ 15നു തുടങ്ങും. 7,000 കോടി രൂപയാണ് ഇതിനായി മാറ്റിവച്ചിട്ടുള്ളത്.
സന്പൂർണ മദ്യനിരോധനം പ്രായോഗികമല്ലെന്ന വിവിധ റിപ്പോർട്ടുകളിലെ ശിപാർശകൾ കണക്കിലെടുത്ത് മദ്യ-ലഹരി ഉപയോഗം കുറയ്ക്കുകയും പുനരധിവാസവും ബോധവത്കരണവും നടപ്പാക്കുകയും ചെയ്യുമെന്നാണ് നമ്മുടെ സർക്കാർ പറയുന്നത്.
ഒരുവശത്ത് ധർമ പ്രഭാഷണവും മറുവശത്ത് നാടാകെ മദ്യമൊഴുക്കും! ഇതിനു പുറമെയാണ്, സംസ്ഥാനത്തിന്റെ മുക്കിനും മൂലയിലും ലഭ്യമാകുന്ന വിവിധ തരം മയക്കുമരുന്നുകൾ. കഴിഞ്ഞദിവസം, കോൺഗ്രസ് നേതാവ് വി.എം. സുധീരൻ പറഞ്ഞതനുസരിച്ച്, 2016ൽ പിണറായി വിജയൻ മുഖ്യമന്ത്രിയായി ചുമതലയേൽക്കുന്പോൾ 29 ബാറുകളാണുണ്ടായിരുന്നത്. അതു പിന്നീട് 859 ആയി വർധിച്ചു. വീണ്ടും അനുവദിച്ചുകൊണ്ടിരിക്കുകയാണ്. ഇതിനു പുറമേയാണ് ബെവ്കോയുടെ 270ഉം കൺസ്യൂമർ ഫെഡിന്റെ 36ഉം മദ്യവിൽപ്പന ശാലകൾ, ക്ലബ്ബുകളോടനുബന്ധിച്ചുള്ള മദ്യശാലകൾ, 4,000ൽ പരം കള്ളുഷാപ്പുകൾ എന്നിവയൊക്കെ.
ഏതായാലും ഏതൊരു പൗരനും വിളിപ്പാടകലെ നിന്നു മദ്യം വാങ്ങാനും ഇരുന്നു കുടിക്കാനുമുള്ള സംവിധാനങ്ങളെല്ലാം ഒരുക്കിയിട്ടുണ്ട്. ഇതുകൂടാതെ വീര്യം കുറഞ്ഞ മദ്യം ഉത്പാദിപ്പിക്കാനുള്ള നടപടികളും ഊർജിതമാണ്. മദ്യലഭ്യത കൂടുന്തോറും അതിലേക്ക് ആകർഷിക്കപ്പെടുന്നവരുടെ എണ്ണം കൂടുമെന്ന മദ്യപാനികൾക്കു പോലുമറിയാവുന്ന അടിസ്ഥാനതത്വം ഈ സർക്കാർ വിസ്മരിക്കുകയാണ്.
15 മുതല്‍ 49 വയസുവരെ പ്രായമുള്ളവരുടെ കാര്യത്തിൽ, 2019നുമുമ്പുള്ള കണക്കുകളുമായി താരതമ്യപ്പെടുത്തുമ്പോള്‍ കേരളത്തില്‍ മദ്യപാനികളുടെ എണ്ണം കുറഞ്ഞിട്ടുണ്ടെന്നാണ് നാഷണൽ ഫാമിലി ഹെൽത്ത് സർവേ (എന്‍എഫ്എച്ച്എസ്) റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നത്.
2019-20ൽ 19.9 ശതമാനം പുരുഷന്മാരും 0.2 ശതമാനം സ്ത്രീകളുമാണ് കേരളത്തില്‍ മദ്യപിച്ചിരുന്നത്. 2015-16 കാലത്ത് 37 ശതമാനം പുരുഷന്മാരും 1.6 ശതമാനം സ്ത്രീകളും എന്നതായിരുന്നു കണക്ക്. ഒറ്റ നോട്ടത്തിൽ ആശ്വാസകരമെന്നു തോന്നുമെങ്കിലും നാടാകെ വ്യാപകമായ മയക്കുമരുന്നിന്റെ സാന്നിധ്യമാണ് ഈ മാറ്റത്തിൽ മറഞ്ഞിരിക്കുന്നത്. 15നും 49നും ഇടയ്ക്കു പ്രായമുള്ളവരാണ് മയക്കുമരുന്നിനു പിന്നാലേ പാഞ്ഞുകൊണ്ടിരിക്കുന്നത്. മദ്യത്തെക്കാളും ലഹരി കിട്ടുന്നതും കൂടുതൽ അപകടകരവും ഗന്ധംകൊണ്ടു തിരിച്ചറിയാൻ പറ്റാത്തതുമായ രാസലഹരി ഉപയോഗിക്കുന്നവർക്കു മദ്യത്തിന്റെ ആവശ്യമില്ലെന്നതാണ് യാഥാർഥ്യം.
മദ്യപാനം മൂലമുള്ള കുടുംബകലഹങ്ങൾ, കുറ്റകൃത്യങ്ങൾ, കൊലപാതകങ്ങൾ, സ്ത്രീപീഡനങ്ങൾ, സാന്പത്തികത്തകർച്ച, മാരക രോഗങ്ങൾ എന്നിവയെല്ലാം വർധിക്കുകയാണ്. എല്ലായിടത്തും മദ്യമെത്തിക്കുകയും അതേസമയം, മദ്യപിക്കരുതെന്ന് ഉപദേശിക്കുകയും ചെയ്യുന്ന ഔദ്യോഗിക കാപട്യത്തിന്റെ ഫലമാണ് മദ്യത്തിലും മയക്കുമരുന്നിലും മുങ്ങിയ കേരളം. നാട് ഈവിധം നശിക്കരുതെന്ന് ആഗ്രഹിക്കുന്നവരെല്ലാം സർക്കാരിൽനിന്നു പ്രതീക്ഷിക്കുന്നത് കുറച്ചുകൂടി സത്യസന്ധതയാണ്.