സമൂഹമാധ്യമങ്ങളിലെ സത്യവും മിഥ്യയും തിരിച്ചറിയാതെ അനിശ്ചിതാവസ്ഥയുടെ നാൽക്കവലയിൽ നിൽക്കുന്ന വിദ്യാർഥികളെ വിശ്വാസ്യതയുടെ പത്രലോകത്തേക്കു വഴികാണിക്കുന്നതിനുള്ള ഉത്തരവാദിത്വം സർക്കാർ തിരിച്ചറിഞ്ഞിരിക്കുന്നു.
എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകളില്‍ തുടര്‍മൂല്യനിര്‍ണയത്തിന് അഥവാ പഠനാനുബന്ധ പ്രവർത്തനത്തിനു നല്കുന്ന 20 ശതമാനം മാര്‍ക്കില്‍ പകുതി പത്ര-പുസ്തക വായനയിലെ മികവ് പരിഗണിച്ചായിരിക്കും. ഇതു കൂടാതെ, പൊതുവിദ്യാഭ്യാസ വകുപ്പിന്റെ വാർത്താവായന മത്സരത്തിൽ ആദ്യ മൂന്ന് സ്ഥാനം നേടുന്നവർക്ക് യഥാക്രമം 20, 17, 14 എന്നിങ്ങനെ ഗ്രേസ് മാർക്കും നൽകും. സാമൂഹികാവബോധവും വിശാലമായ അറിവും നേടാൻ കുട്ടികളെ പ്രോത്സാഹിപ്പിക്കുകയാണ് ലക്ഷ്യമെന്നു മന്ത്രി വി. ശിവൻകുട്ടി പറയുന്നു. വിദ്യാഭ്യാസവകുപ്പിന്റെ ഏറ്റവും ശ്ലാഘനീയമായ ചുവടുവയ്പുകളിലൊന്നായി ഇതു വിലയിരുത്തപ്പെടും. നിശ്ചയമായും നടപ്പാക്കേണ്ട കാര്യമാണിത്. പക്ഷേ, അത് സർക്കാർ തെരഞ്ഞെടുക്കുന്ന ഏതാനും പത്രങ്ങളെ വളർത്താനുള്ള കുറുക്കുവഴിയായി ചുരുക്കിക്കളയരുത്.
ഗ്രന്ഥശാലാ പ്രസ്ഥാനം കെട്ടിപ്പടുത്ത പി.എൻ. പണിക്കരുടെ ചരമദിനാചരണമായ വായനദിനത്തിലായിരുന്നു മന്ത്രിയുടെ പ്രഖ്യാപനം. പാഠ്യവിഷയങ്ങൾക്കൊപ്പം ഉന്നതചിന്തയുടെയും സാമൂഹികാവബോധത്തിന്റെയും പ്രതിബദ്ധതയുടെയും തലത്തിലേക്ക് ഓരോ പൗരനും ഉയരണമെന്ന് ആഗ്രഹിക്കുന്ന ഏതൊരാളും വിലമതിക്കുന്ന കാര്യമാണത്. പക്ഷേ, അതിലൊരു അവ്യക്തത കണ്ടു. മലയാളത്തിലെ മൂന്നു പ്രമുഖ ദിനപ്പത്രങ്ങളിലെ വാർത്തകളെ അടിസ്ഥാനമാക്കിയാണ് വാർത്തയും അവലോകനവും വിദ്യാർഥികൾ തയാറാക്കേണ്ടത് എന്നാണ് ചില റിപ്പോർട്ടുകളിൽ കണ്ടത്. ആ പരാമർശം ആധികാരികമാണെങ്കിലും അല്ലെങ്കിലും തെറ്റിദ്ധാരണയ്ക്ക് ഇടയാക്കിയിട്ടുണ്ട്.
ഇതു സംബന്ധിച്ച് പൊതുവിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കാനിരിക്കുന്ന ഉത്തരവിൽ, ഉന്നതമായൊരു ലക്ഷ്യത്തെ സംശയനിഴലിലാക്കുന്ന അത്തരമൊരു ‘ഇടുങ്ങിയ നിബന്ധന’ ഉണ്ടാവില്ലെന്നാണു കരുതുന്നത്; ഉണ്ടാകാൻ പാടില്ലല്ലോ.
സർക്കാർ ഉൾപ്പെടുത്താൻ ആഗ്രഹിക്കുന്ന മൂന്നു പത്രങ്ങൾ ഏതാണെന്ന് അറിയില്ല. അത് ഏതായാലും, ഈ പത്രവും ഉൾക്കൊള്ളുന്നതാണെങ്കിലും മലയാള പത്രലോകത്തെ ചുരുക്കിക്കാണിക്കുന്ന നീക്കത്തെ പിന്തുണയ്ക്കാനാവില്ല. ഏതെങ്കിലും മൂന്നു പത്രങ്ങളിലൂടെ മാത്രമല്ല കേരളത്തിന്റെ വായനാ സംസ്കാരം വളർന്നതും നിലനിൽക്കുന്നതും.
നിലവിലുള്ളതിൽ, മലയാളത്തിലെ ആദ്യപത്രമായ ദീപികയുടെ നിലപാട് അതാണ്. കേരളത്തിൽ ഇംഗ്ലീഷ്, മലയാളം ഭാഷകളിലായി ഇരുപതിലേറെ പത്രങ്ങൾ മലയാളികളുടെ പ്രഭാതത്തെ പ്രബുദ്ധമാക്കുന്നുണ്ട്. സത്യത്തെ തമസ്കരിക്കാൻ ഒരു മാധ്യമത്തിനും സാധിക്കാതെവരുന്നത് പത്രങ്ങളുടെ പ്രതിബദ്ധതകൊണ്ടു മാത്രമല്ല, തമസ്കരിക്കപ്പെടുന്ന വാർത്ത പ്രസിദ്ധീകരിക്കാൻ മറ്റു പത്രങ്ങളും ഉള്ളതുകൊണ്ടും കൂടിയാണ്. നിലനിൽക്കേണ്ടതാണ് ആ വൈവിധ്യം. ഓരോ പത്രത്തോടും വായനക്കാർക്ക് പ്രത്യേക താത്പര്യങ്ങളും വിയോജിപ്പും ഉണ്ടെങ്കിലും അതെല്ലാം രാജ്യത്തെ നിയമങ്ങൾക്കു വിധേയമായി പ്രവർത്തിക്കുന്നതാണ്. ഇതിൽ ഏതെങ്കിലും മൂന്നു പത്രങ്ങളെ മാത്രം ഒരു വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമാക്കാൻ എങ്ങനെയാണു സാധിക്കുക? സർക്കാരിന്റെ താത്പര്യത്തിലോ തെരഞ്ഞെടുപ്പിലോ ഉൾപ്പെടാത്ത പത്രങ്ങൾ വരുത്തുന്ന ലക്ഷക്കണക്കിനു വീടുകളിലെ വിദ്യാർഥികൾ എന്തു ചെയ്യും? സർക്കാർ പട്ടികയിലെ പത്രങ്ങൾകൂടി വരുത്താൻ എത്ര മാതാപിതാക്കൾക്കു കഴിയും?
പിഴവുകളിൽനിന്നു പൂർണമായും മുക്തമല്ലെങ്കിലും, വ്യാജവും ഉത്തരവാദിത്വമില്ലാത്തതും തെറ്റിദ്ധരിപ്പിക്കുന്നതുമായ വാർത്തകളുടെ ഓൺലൈൻ പ്രവാഹത്തിൽ കൂടുതൽ ആശ്രയിക്കാവുന്നത് പത്രങ്ങളെയാണ്. പത്രങ്ങൾക്കു റിപ്പോർട്ടർ മാത്രമല്ല, റിപ്പോർട്ടിന്റെ ആധികാരികതയും വിശ്വാസ്യതയും പരിശോധിക്കാൻ എഡിറ്ററുമുണ്ട്. പ്രഫഷണലായ പലരുടെ കൈകളിലൂടെ കടന്നാണ് ഒരു പത്രം വായനക്കാരിലെത്തുന്നത്. ഈ പത്രവാർത്തകളാണ് നാളത്തെ ചരിത്രം; നാളത്തെ പാഠപുസ്തകത്തിന്റെ ആദ്യരൂപം. മറ്റൊരു കാര്യം, സമൂഹമാധ്യമങ്ങളുമായി ബന്ധപ്പെട്ടതാണ്.
ഇന്റർനെറ്റിൽ പരതുന്ന ഓരോരുത്തരുടെയും ഓരോ ചലനവും പഠനവിധേയമാക്കുന്ന സോഫ്റ്റ്വെയർ കോഡിംഗ് സംവിധാനമാണ് അൽഗോരിതം. നല്ലതായാലും ചീത്തയായാലും നാം അന്വേഷിച്ചു നടക്കുന്നതും നമ്മെ തൃപ്തിപ്പെടുത്തുന്നതുമായ വാർത്തകൾ മാത്രമേ നമ്മുടെ മൊബൈൽ ഫോൺ ഉൾപ്പെടെയുള്ള ഇലക്ട്രോണിക് ഉപകരണങ്ങളിലേക്ക് അൽഗോരിതം കടത്തിവിടുകയുള്ളൂ. പക്ഷേ, നമുക്ക് ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും ഒരു പൗരൻ അറിഞ്ഞിരിക്കേണ്ടതെല്ലാം പ്രാധാന്യമനുസരിച്ച് വിവിധ പേജുകളായി പത്രങ്ങൾ നൽകും. അതാണ് രാഷ്ട്രനിർമിതി.
പുലിറ്റ്സർ ജേതാവായ റിച്ചാർഡ് ക്ലൂജെർ സമൂഹത്തെയും രാഷ്ട്രീയത്തെയും ചരിത്രത്തെയും കുറിച്ച് ആഴത്തിൽ പഠിച്ചിട്ടുള്ള അമേരിക്കൻ ഗ്രന്ഥകാരനാണ്. അദ്ദേഹത്തിന്റെ വിഖ്യാതമായ ഒരു വാക്യമുണ്ട്: “നല്ലതോ ചീത്തയോ ആകട്ടെ, ഒരു പത്രം ഇല്ലാതായാൽ ആ രാജ്യം ഏകാധിപത്യത്തിലേക്ക് ഇത്തിരികൂടി അടുക്കുകയാണ്.’’ അതിനെ ഇന്ത്യൻ പശ്ചാത്തലത്തിൽ പറഞ്ഞാൽ, എല്ലാ പത്രങ്ങൾക്കും ഇടമുള്ള ജനാധിപത്യ-മതേതര സമൂഹമാണ് നമുക്കാവശ്യം. വിശ്വാസ്യതയും ആധികാരികതയുമുള്ള പത്രവായനാ സംസ്കാരത്തെ വളർത്താനുള്ള ചരിത്രപരമായ തീരുമാനം ഏതെങ്കിലും മൂന്നു പത്രങ്ങളെ വളർത്താനുള്ള മൂന്നാംകിട രാഷ്ട്രീയമായി അധഃപതിക്കരുത്.