ടൈറ്റാനിക്കിനൊപ്പം ടൈറ്റനും
ടൈറ്റാനിക് ദുരന്തത്തെ വൈകാരികമായൊരു ചരിത്രാനുഭവമായി കണ്ട അഞ്ചുപേരാണ് കടലിനടിയിലുറങ്ങുന്ന വിസ്മയം കാണാനുള്ള അടക്കാനാവാത്ത ആഗ്രഹവുമായി ടൈറ്റൻ എന്ന ജലപേടകത്തിൽ പുറപ്പെട്ടത്. പക്ഷേ...
അവർക്കായി ഇനി കാത്തിരിക്കേണ്ടതില്ല. 1,500 മനുഷ്യരുടെ പ്രാണനുമായി കടലിൽ താഴ്ന്ന ടൈറ്റാനിക്കിനെയെന്നപോലെ അതു കാണാനെത്തിയവരെയും അറ്റ്ലാന്റിക് മാറോടു ചേർത്തിരിക്കുന്നു. ടൈറ്റാനിക് ദുരന്തത്തെ വൈകാരികമായൊരു ചരിത്രാനുഭവമായി കണ്ട അഞ്ചുപേരാണ് കടലിനടിയിലുറങ്ങുന്ന വിസ്മയം കാണാനുള്ള അടക്കാനാവാത്ത ആഗ്രഹവുമായി ടൈറ്റൻ എന്ന ജലപേടകത്തിൽ പുറപ്പെട്ടത്. പക്ഷേ, ടൈറ്റാനിക്കിനേക്കാൾ ദാരുണമായൊരു ദുരന്തമായിരുന്നു അവരെ കാത്തിരുന്നത്. ടൈറ്റാനിക്കിനൊപ്പം ഇനി ടൈറ്റനും നഷ്ടസ്വപ്നത്തിന്റെ കടൽക്കല്ലറയിൽ ചരിത്രസ്മാരകം.
ആഴക്കടൽ പര്യവേക്ഷണങ്ങൾ സംഘടിപ്പിക്കുന്ന അമേരിക്കൻ കന്പനിയായ ഓഷ്യന്‍ഗേറ്റ് എക്സ്പഡീഷന്സിന്റെ അന്തർവാഹിനിയായ ടൈറ്റൻ കടലാഴത്തിലേക്കുള്ള യാത്ര പുറപ്പെട്ടത് കഴിഞ്ഞ ഞായറാഴ്ച ഉച്ചയ്ക്ക് ഇന്ത്യൻ സമയം ഒന്നരയ്ക്കാണ്.
കാനഡയിലെ ന്യൂഫൗണ്ട്ലാൻഡിൽനിന്നു പുറപ്പെട്ട ടൈറ്റന്റെ യാത്ര വിജയകരമാണെങ്കിൽ ഏഴു മണിക്കൂറിനകം തിരിച്ചെത്തേണ്ടതായിരുന്നു. പക്ഷേ, പുറപ്പെട്ട് ഒന്നേമുക്കാൽ മണിക്കൂർ കഴിഞ്ഞതോടെ അന്തർവാഹിനിക്കു മദർഷിപ്പുമായുള്ള ബന്ധം നഷ്ടപ്പെട്ടു. അഞ്ചു യാത്രക്കാർക്ക് 96 മണിക്കൂർ യാത്രയ്ക്കുള്ള ഓക്സിജൻ മാത്രമേ ഉണ്ടായിരുന്നുള്ളൂ. അതു തീരും മുന്‍പ്, യാത്രക്കാരെ രക്ഷിക്കാനുള്ള ശ്രമമാണ് പിന്നീടുണ്ടായത്.
അമേരിക്ക, കാനഡ, ഫ്രാൻസ് എന്നീ രാജ്യങ്ങളുടെ വിമാനങ്ങളും കപ്പലുകളും അന്തർവാഹിനികളും റോബട്ടുകളും രക്ഷാപ്രവർത്തനത്തിനിറങ്ങി. ജലനിരപ്പിൽനിന്ന് നാലു കിലോമീറ്റർ ആഴത്തിലേക്ക് മുങ്ങിക്കപ്പലുകളുടെയോ പേടകങ്ങളുടെയോ സഹായമില്ലാതെ മുങ്ങൽ വിദഗ്ധർക്ക് എത്താനാവില്ല. ആധുനിക സംവിധാനങ്ങളെല്ലാം ഉപയോഗിച്ചു സ്കാൻ ചെയ്തിട്ടും ടൈറ്റന്റെ സ്ഥാനം കണ്ടുപിടിക്കാനായില്ല.
ബുധനാഴ്ച ടൈറ്റന്റേതെന്നു കരുതുന്ന ശബ്ദതരംഗം കനേഡിയൻ എയർക്രാഫ്റ്റിനു ലഭിച്ചതോടെ പ്രതീക്ഷയായി. അതോടെ രക്ഷാപ്രവർത്തനങ്ങൾ ഊർജിതമാക്കി. പക്ഷേ, എല്ലാറ്റിനെയും വിഫലമാക്കിക്കൊണ്ടാണ് ഇന്നലെ രാത്രിയിൽ അമേരിക്കൻ തീരസേനയും ടൈറ്റന്റെ കന്പനിയും ദുരന്തവാർത്ത ലോകത്തെ അറിയിച്ചത്. ടൈറ്റൻ ജലപേടകം അകത്തേക്കു പൊട്ടിത്തെറിച്ച് അഞ്ചു യാത്രക്കാരും കൊല്ലപ്പെട്ടു. ടൈറ്റാനിക്കിൽനിന്ന് ഏകദേശം അര കിലോമീറ്റർ അകലെ ടൈറ്റന്റെ യാത്ര അവസാനിച്ചു.
സാഹസികതയെ നെഞ്ചേറ്റിയ അഞ്ചു മനുഷ്യരുടെ അന്ത്യത്തിനാണ് ലോകം സാക്ഷ്യം വഹിച്ചിരിക്കുന്നത്. ഓഷൻഗേറ്റ് കന്പനിയുടെ സ്ഥാപകനും സിഇഒയുമായ സ്റ്റോക്ടൺ റഷ്, ദുബായിലെ ബ്രിട്ടീഷ് വ്യവസായിയും ആക്ഷൻ ഏവിയേഷൻ കന്പനിയുടെ ചെയർമാനുമായ ഹാമിഷ് ഹാർഡിംഗ്, പാക്കിസ്ഥാനിലെ ഏറ്റവും സന്പന്നരിലൊരാളും കറാച്ചി ആസ്ഥാനമായുള്ള ബഹുരാഷ്ട്ര കന്പനി എൻഗ്രോയുടെ വൈസ് ചെയർമാനും ശതകോടീശ്വരനുമായ ഷഹ്സാദ ദാവൂദ്, മകൻ സുലൈമാൻ, പേടകത്തിന്റെ പൈലറ്റും ഫ്രഞ്ച് പൗരനുമായ പോൾ ഹെന്റി നാർസലെ എന്നിവരായിരുന്നു യാത്രക്കാർ.
ടൈറ്റാനിക്കിനെക്കുറിച്ച് അറിയാവുന്നതെല്ലാം അറിയാൻ ശ്രമിക്കുകയും അതിനെ അസാധാരണമായൊരു വികാരമായി കൊണ്ടുനടക്കുകയും ചെയ്തയാളായിരുന്നു ഷഹ്സാദ ദാവൂദ്. അദ്ദേഹത്തിന്റെ മകൻ പത്തൊൻപതുകാരനായ സുലൈമാന്‍ ഇത്തരമൊരു യാത്രയ്ക്കിറങ്ങാൻ സത്യത്തിൽ ഭയമായിരുന്നു. പക്ഷേ, പിതൃദിനത്തിലെ യാത്രയിൽ പിതാവിന്റെ സന്തോഷമോർത്ത് അവനും പുറപ്പെടുകയായിരുന്നുവെന്ന് കുടുംബാംഗങ്ങളെ ഉദ്ധരിച്ച് ഇംഗ്ലീഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ഗ്ലാസ്ഗോയിലെ സ്ട്രാത് ക്ലൈഡ് യൂണിവേഴ്സിറ്റിയിലെ ബിസിനസ് സ്കൂളിൽ ഒന്നാം വർഷ വിദ്യാർഥിയായിരുന്നു സുലൈമാൻ. ടൈറ്റനോടൊപ്പം കടലിൽ മറഞ്ഞ അഞ്ചു മനുഷ്യർ ഇനി ചരിത്രത്തിലും സാഹിത്യത്തിലും സിനിമയിലുമൊക്കെ ഉയിർത്തെഴുന്നേൽക്കും. പക്ഷേ, സുരക്ഷാസംവിധാനത്തിൽ ഉത്തരവാദിത്വമില്ലാതെ പെരുമാറിയ ഓഷ്യന്‍ഗേറ്റ് എക്സ്പഡീഷന്‍സ് എന്ന കന്പനിക്കും ഇതിന്മേലൊന്നും നിയന്ത്രണമില്ലാതെ പോയ അമേരിക്കയെന്ന രാജ്യത്തിനും ഈ ദുരന്തചരിത്രത്തിൽ കുറ്റബോധത്തോടെ നിൽക്കേണ്ടിവരും.
ഓഷ്യന്‍ഗേറ്റ് മുന്‍ ഓപ്പറേഷന്‍സ് ഡയറക്ടര്‍ ഡേവിഡ് ലോക്റിഡ്ജ് പറഞ്ഞതനുസരിച്ച്, ടൈറ്റന്റെ അപകടസാധ്യതയെക്കുറിച്ച് മുന്നറിയിപ്പു നൽകിയിരുന്നതാണ്. സുരക്ഷാ ഏജൻസികളെക്കൊണ്ടു പരിശോധിപ്പിക്കുന്നതിനും സർട്ടിഫൈ ചെയ്യുന്നതിനും കന്പനിയുടെ സിഇഒ സ്റ്റോക്ടൺ റഷ് എതിരായിരുന്നു. ടൈറ്റാനിക് കിടക്കുന്നത്ര ആഴത്തിലേക്കു പോയാൽ മർദത്തെ മറികടക്കാൻ ടൈറ്റനു കഴിയില്ലെന്നു ചൂണ്ടിക്കാട്ടി കോടതിയെ സമീപച്ചതിനെത്തുടർന്ന് തനിക്കു ജോലി നഷ്ടപ്പെടുകയായിരുന്നെന്നാണ് ലോക്റിഡ്ജ് മാധ്യമങ്ങളോടു പറഞ്ഞത്. സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാൻ വിസമ്മതിച്ച സിഇഒയും മരിച്ചവരിൽ ഉൾപ്പെട്ടു.
അന്തർവാഹിനികൾ മാത്രം പാലിക്കേണ്ട സുരക്ഷാ മാനദണ്ഡങ്ങളിലേക്കല്ല ടൈറ്റൻ വിരൽ ചൂണ്ടുന്നത്. സകല യാത്രാസംവിധാനങ്ങളിലേക്കുമാണ്. ടൈറ്റൻ എന്ന അന്തർവാഹിനിയിലെ യാത്രക്കാരുടേതെന്നപോലെ വിലപ്പെട്ടതാണ് കഴിഞ്ഞ മാസം കോഴിക്കോട് നൂരിലെ ബോട്ടപകടത്തിൽ കൊല്ലപ്പെട്ട മനുഷ്യരുടെ ജീവനും. ദുരന്തങ്ങളിലേറെയും മനുഷ്യനിർമിതങ്ങളാണെന്ന യാഥാർഥ്യം കടലിൽ താഴ്ത്തുന്നവർ പുതിയതിനു കോപ്പുകൂട്ടുകയാണ്.