ആ കുഞ്ഞിനെ കൊന്നത് "തെരുവുനായ്ക്കളല്ല'
പട്ടിപിടിത്തവും നായ്ക്കളെ പാർപ്പിക്കാനുള്ള കേന്ദ്രങ്ങളും ഓപ്പറേഷൻ തീയറ്ററുകളും വാക്സിനേഷനും വന്ധ്യംകരണവുമൊക്കെ കേട്ടു മടുത്തു. പൊതുമുതലിൽനിന്നു കോടികൾ മുടിക്കുന്നതല്ലാതെ പരിഹാരമൊന്നുമില്ല.
കണ്ണൂരിൽ 11 വയസുകാരനെ കൊന്നത് തെരുവുനായകളല്ല, ആക്രമണകാരികളായ അവയെ നാടാകെ അഴിച്ചുവിട്ടിരിക്കുന്നവരാണ്. നായപ്രേമികളും കേന്ദ്ര-സംസ്ഥാന മൃഗസംരക്ഷണ വകുപ്പുകളും കോടതിവിധികളും അതിനെയൊക്കെ പഴി പറഞ്ഞ് ഉത്തരവാദിത്വങ്ങളിൽനിന്ന് തലയൂരുന്ന സർക്കാരുമാണ് ഈ ദാരുണ മരണത്തിന് ഉത്തരവാദികൾ. മേൽപ്പറഞ്ഞ വിഭാഗത്തിൽ പെട്ടവരിലേറെയും തെരുവുനായകളുടെയോ വന്യമൃഗങ്ങളുടെയോ ആക്രമണത്തിന് ഇരയാകാത്തവിധം സുരക്ഷിതരായി ജീവിക്കുന്നവരാണ്. സാധാരണക്കാരായ മനുഷ്യരുടെ ദുരിതങ്ങൾ ഇത്തരക്കാരെ പറഞ്ഞുമനസിലാക്കുന്നത് ഒട്ടും എളുപ്പമല്ല. ഈ ദുരവസ്ഥയുടെ ഏറ്റവും പുതിയ ഇരയാണ് കണ്ണൂരിലെ നിഹാൽ എന്ന ബാലൻ. സംസാരശേഷിയില്ലാത്തതിനാൽ ഒന്നു നിലവിളിക്കാൻ പോലുമാകാതെയാണ് കൂട്ടമായെത്തിയ നായ്ക്കളുടെ കടിയേറ്റ് അവൻ മരണത്തിനു കീഴടങ്ങിയത്. ആ "മിണ്ടാപ്രാണി'യുടെ കടിച്ചുകീറപ്പെട്ട രക്തപങ്കിലമായ മൃതദേഹമെങ്കിലും ഈ കണ്ണിൽചോരയില്ലാത്തവരുടെ കണ്ണു തുറപ്പിച്ചിരുന്നെങ്കിൽ!
കണ്ണൂർ മുഴപ്പിലങ്ങാട്ടാണ് സംഭവം. വീട്ടുമുറ്റത്തുനിന്നു കളിക്കുന്നതിനിടെ പുറത്തിറങ്ങിയ കുട്ടിയെ തെരുവുനായ്ക്കൾ ആക്രമിക്കുകയായിരുന്നെന്നാണ് റിപ്പോർട്ടുകൾ. സംസാരശേഷിയില്ലാത്തതിനാൽ കരയാനോ ബഹളം വയ്ക്കാനോ കഴിഞ്ഞില്ലെന്നു നാട്ടുകാർ പറയുന്നു. നായ്ക്കൾ വലിച്ചിഴച്ചുകൊണ്ടുപോയതാകാം 300 മീറ്ററകലെ ആളൊഴിഞ്ഞ വീടിനുടത്ത് ചപ്പുചവറുകൾക്കിടയിലാണ് കുട്ടി കിടന്നത്. കാലിന്റെ ഭാഗമെല്ലാം നായ്ക്കൾ കടിച്ചെടുത്തുകൊണ്ടുപോയിരുന്നു. ആശുപത്രിയിലെത്തിക്കുന്പോൾ ജീവനുണ്ടായിരുന്നില്ല. മുഴപ്പിലങ്ങാട് പ്രദേശത്ത് തെരുവുനായ ശല്യം രൂക്ഷമായിരുന്നെന്നും ബന്ധപ്പെട്ട അധികൃതർക്കു പല തവണ പരാതി നൽകിയിരുന്നെന്നും നാട്ടുകാർ പറയുന്നു. ഇതു മുഴപ്പിലങ്ങാട്ടെ മാത്രം വിഷയമല്ല. കേരളത്തിലെ ഏതു പഞ്ചായത്തിലാണ് തെരുവുനായ്ക്കളുടെ ശല്യം രൂക്ഷമാണെന്ന് നാട്ടുകാർ പരാതിപ്പെടാത്തത്? അലഞ്ഞുനടക്കുന്ന നായ്ക്കളെ ഭയപ്പെടാതെ നടക്കാവുന്ന ഏതെങ്കിലുമൊരു പ്രദേശമുണ്ടോ കേരളത്തിൽ? ദിവസവും തെരുവുനായ്ക്കളുടെ കടിയേറ്റ് ആശുപത്രികളിലെത്തുന്നവരുടെ എണ്ണം വർധിക്കുകയാണ്. തെരുവുനായ ശല്യം ഇല്ലാതാക്കാൻ ഇതുവരെ കഴിഞ്ഞിട്ടില്ലെങ്കിലും സൗജന്യമായി നൽകുന്ന പേവിഷ വാക്സിനു പണം ഈടാക്കുന്നതിനെക്കുറിച്ചുള്ള ഗവേഷണത്തിലാണ് സർക്കാരെന്നാണു വാർത്തകൾ. ആരോടെന്തു പറയാൻ?
നിഹാലിന്റെ മരണത്തെ തുടർന്ന് മുഴുപ്പിലങ്ങാട് പഞ്ചായത്ത് പട്ടിപിടിത്തത്തിന് ഇറങ്ങിയിട്ടുണ്ട്. ഈ നാടകമാണ് വർഷങ്ങളായി കേരളത്തിൽ നടന്നുകൊണ്ടിരിക്കുന്നത്. ആരെയെങ്കിലും തെരുവുനായകൾ കൊല്ലുകയോ കടിച്ചുകീറുകയോ ചെയ്താൽ പെട്ടെന്നു പഞ്ചായത്തിൽ അതുവരെ ഇല്ലാതിരുന്ന പട്ടിപിടിത്തക്കാരിറങ്ങുകയും വന്ധ്യംകരണം തുടങ്ങുകയും ചെയ്യും. ജനരോഷം തണുക്കുന്നതിനനുസരിച്ച് പട്ടിപിടിത്തവും അവസാനിക്കും. നാടായ നാടെല്ലാം തെരുവുനായ്ക്കളെക്കൊണ്ട് നിറഞ്ഞതിനാൽ വന്ധ്യംകരണമൊന്നും പ്രശ്ന പരിഹാരമല്ലെന്നു വർഷങ്ങളായി പറയുന്നുണ്ട് ജനങ്ങളും മാധ്യമങ്ങളും. 2019ൽ മൃഗസംരക്ഷണ വകുപ്പു നടത്തിയ സർവേ പ്രകാരം 2.8 ലക്ഷം തെരുവുനായ്ക്കൾ സംസ്ഥാനത്തുണ്ടായിരുന്നു. കോവിഡിൽ ഇതിന് 20 ശതമാനം വർധനയുണ്ടായെന്നാണ് കണക്കാക്കുന്നത്. അതനുസരിച്ച് 3.36 ലക്ഷം തെരുവുനായ്ക്കളുണ്ടെന്നായിരുന്നു കഴിഞ്ഞ സെപ്റ്റംബറിലെ കണക്ക്. ഇപ്പോൾ അതിലേറെയായിട്ടുണ്ട്.
2016ൽ തെരുവുനായ ശല്യം രൂക്ഷമായപ്പോൾ പരിസ്ഥിതിവാദിയും കേന്ദ്രമന്ത്രിയുമായിരുന്ന മേനക ഗാന്ധി പറഞ്ഞത് തെരുവുനായകൾ കേരളത്തിന്റെ മാത്രം പ്രശ്നമാണ്, ഡൽഹിയിലുൾപ്പെടെ വന്ധ്യംകരണത്തിലൂടെ എല്ലാ പ്രശ്നങ്ങളും പരിഹരിച്ചു എന്നാണ്. പക്ഷേ, ഏഴു വർഷങ്ങൾക്കുശേഷവും ഡൽഹിയിൽ തെരുവുനായ ആക്രമണം ദിവസവുമുള്ള വാർത്തയാണെന്ന് അവർ അറിഞ്ഞിട്ടില്ല. എവിടെപ്പോയി പ്രതിരോധ കുത്തിവയ്പും വന്ധ്യംകരണവുമൊക്കെ? കഴിഞ്ഞ സെപ്റ്റംബറിലാണ് പിബി യോഗത്തിൽ പങ്കെടുക്കാൻ ഡൽഹി എകെജി ഭവനിൽ എത്തിയ മുഖ്യമന്ത്രി പിണറായി വിജയനുനേർക്ക് തെരുവുനായ പാഞ്ഞടുത്തത്. സുരക്ഷാ ഉദ്യോഗസ്ഥർ ഉണ്ടായിരുന്നതുകൊണ്ട് കടിയേറ്റില്ല. പക്ഷേ, നാട്ടുകാർക്ക് ഇത്തരം സുരക്ഷയൊന്നുമില്ലെന്ന് ഇവരൊന്നും ചിന്തിക്കുന്നില്ല.
നിലവിലുള്ള നിയമങ്ങളെ പഴിപറഞ്ഞ് ഒഴിഞ്ഞുമാറുന്നവരല്ല നാടു ഭരിക്കേണ്ടത്. പട്ടിപിടിത്തവും നായ്ക്കളെ പാർപ്പിക്കാനുള്ള കേന്ദ്രങ്ങളും ഓപ്പറേഷൻ തിയറ്ററുകളും വാക്സിനേഷനും വന്ധ്യംകരണവുമൊക്കെ കേട്ടു മടുത്തു. പൊതുമുതലിൽനിന്നു കോടികൾ മുടിക്കുന്നതല്ലാതെ പരിഹാരമൊന്നുമില്ല. പേ പിടിച്ചതും അല്ലാത്തതുമായ ഈ നായ്ക്കളെ ഇല്ലാതാക്കി ജനങ്ങളെ രക്ഷിക്കാൻ എന്തു ചെയ്യാനാകുമെന്നുമാത്രം ഇനി പറഞ്ഞാൽ മതി. മുഴപ്പിലങ്ങാട്ടെ കുഞ്ഞിനെ ഈവിധം കൊന്നത് ഒരു മനുഷ്യനായിരുന്നെങ്കിൽ ഈ രാജ്യത്തെ നിയമം എന്തു ചെയ്യുമായിരുന്നു? അപ്പോൾ ആർക്കുവേണ്ടിയാണ് ഈ നിയമം? കാലഹരണപ്പെട്ടതും ജനദ്രോഹം ഉറപ്പാക്കുന്നതുമായ ഇത്തരം നിയമങ്ങൾക്കു മുകളിൽ അടയിരിക്കുന്നവരെ തിരുത്താൻ ഇനിയെത്ര കുരുതി വേണ്ടിവരും?