രാജ്യത്തിന്റെ താരങ്ങളെ ഇനിയും പീഡിപ്പിക്കരുത്
രാജ്യത്തിന്റെ അഭിമാനമായ ഈ വനിതാ താരങ്ങളെ പിന്തുണയ്ക്കാൻ കർഷകസംഘടനകൾക്കു മാത്രമല്ല, മനുഷ്യത്വവും ദേശാഭിമാനവുമുള്ള സകലർക്കുമുണ്ട് ബാധ്യത.
പുതിയ പാർലമെന്റ് മന്ദിരത്തിൽ ഉദ്ഘാടനത്തോടനുബന്ധിച്ചു പൂജാദി കർമങ്ങളും മന്ത്രോച്ചാരണങ്ങളും ഉയർന്ന ദിവസംതന്നെ ഈ രാജ്യത്തിന്റെ ഏറ്റവും വിലപ്പെട്ട കായികതാരങ്ങൾ തങ്ങളെ പീഡിപ്പിച്ച ബിജെപി നേതാവിനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് പാർലമെന്റ് മാർച്ച് നടത്തി. പീഡനക്കേസിലെ കുറ്റാരോപിതനെ തുറന്നുവിട്ടിരിക്കുന്നവർ ഇരകളെ അകത്താക്കി രാജ്യത്തിന്റെ “നാണക്കേട്’’ ഒഴിവാക്കുകയും ചെയ്തു. അതേസമയം, രാഷ്ട്രപതിയെയും ഉപരാഷ്ട്രപതിയെയും ഉദ്ഘാടനച്ചടങ്ങിൽനിന്ന് ഒഴിവാക്കിയതിലോ പ്രതിപക്ഷത്തെ അവഗണിച്ച് ഏകാധിപത്യ പ്രവണതയുടെ അദൃശ്യകിരീടം ചൂടിയതിലോ മതേതര രാജ്യത്തിന്റെ പാർലമെന്റ് മതചടങ്ങുകളാൽ മുഖരിതമാക്കിയതിലോ ജനാധിപത്യത്തെ തല കുനിപ്പിച്ചതിലോ അതേദിവസംതന്നെ മണിപ്പുരിൽ ന്യൂനപക്ഷ വേട്ടയുടെ ചോരയിലെഴുതിയ രണ്ടാമധ്യായം തുറന്നതിലോ ഒന്നും ഒരപമാനവും തോന്നിയിട്ടുമില്ല. അഭിമാനത്തിന്റെയും അപമാനത്തിന്റെയും കാരണങ്ങൾ തല വച്ചുമാറുന്ന ജനാധിപത്യ അപചയത്തിനുകൂടിയാണോ ഇന്ത്യയിൽ തുടക്കമിട്ടിരിക്കുന്നത്?
ബിജെപി എംപിയും റസ്ലിംഗ് ഫെഡറേഷൻ ഓഫ് ഇന്ത്യ (ഡബ്ല്യുഎഫ്ഐ) പ്രസിഡന്റുമായ ബ്രിജ്ഭൂഷൺ ശരൺ സിംഗാണ് പീഡനക്കേസിലെ കുറ്റാരോപിതൻ. പ്രായപൂർത്തിയാകാത്ത പെൺകുട്ടി ഉൾപ്പെടെ ഏഴു ഗുസ്തി താരങ്ങളാണ് പരാതിക്കാർ. ബ്രിജ്ഭൂഷണും ഫെഡറേഷനുമായി അടുപ്പമുള്ള ചില പരീശീലകരും നിരവധി താരങ്ങളെ പീഡിപ്പിച്ചെന്നാണ് വനിതാ ഗുസ്തി താരവും കോമൺവെൽത്തിലെയും ഏഷ്യൻ ഗെയിംസിലെയും ഗോൾഡ് മെഡൽ ജേതാവുമായ വിനേഷ് ഫോഗട്ട് ഇക്കഴിഞ്ഞ ജനുവരിയിൽ ആരോപണമുന്നയിച്ചത്.
ആദ്യം കായികമന്ത്രാലയത്തിനാണ് പരാതി നൽകിയതെങ്കിലും ബിജെപി നേതാവിനെതിരേ മന്ത്രാലയം ചലിച്ചില്ല. രണ്ടു മാസം കഴിഞ്ഞതോടെ പരാതിക്കാർ ഡൽഹി പോലീസിൽ കേസ് കൊടുത്തു. പോലീസിനും നടപടിയെടുക്കാൻ ധൈര്യമുണ്ടായില്ല. ഇതിനുശേഷമാണ്, ഒളിംപിക് ജേതാക്കളായ സാക്ഷി മാലിക്, ബജ്രംഗ് പുനിയ എന്നിവരുടെ നേതൃത്വത്തിൽ കായികതാരങ്ങൾ ജന്തർ മന്തറിൽ രാപ്പകൽ സമരം തുടങ്ങിയത്. പ്രതിപക്ഷ പാർട്ടികളും മാധ്യമങ്ങളും വിഷയം ഗൗരവത്തിലെടുത്തെങ്കിലും സർക്കാർ കണ്ട ഭാവം നടിച്ചില്ല. ഇതോടെയാണ് താരങ്ങൾ സുപ്രീംകോടതിയെ സമീപിച്ചത്. ആരോപണം ഗൗരവമുള്ളതാണെന്നു കണ്ടെത്തിയ കോടതി കക്ഷികൾക്കു നോട്ടീസ് അയയ്ക്കാൻ ഉത്തരവിട്ടു.
കോടതി ഉത്തരവിനെ തുർന്ന് എഫ്ഐആർ തയാറാക്കുകയും മൊഴിയെടുക്കുകയും ചെയ്തെങ്കിലും പ്രതിയെ അറസ്റ്റ് ചെയ്യാതെ സമരം അവസാനിപ്പിക്കില്ലെന്ന നിലപാടിലായിരുന്നു താരങ്ങൾ. ആ തീരുമാനം ശരിയായിരുന്നെന്ന് തെളിയിച്ചിരിക്കുകയാണ് ഒരു മാസം കഴിഞ്ഞിട്ടും നിഷ്ക്രിയമായിരിക്കുന്ന സർക്കാർ. സഹികെട്ട ഇരകളാണ് കഴിഞ്ഞ ദിവസം പുതിയ പാർലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനദിവസം അവിടേക്കു പ്രതിഷേധ മാർച്ച് നടത്തിയത്. കലികയറിയ സർക്കാരിനുവേണ്ടി രാജ്യത്തിന്റെ അഭിമാനമായ താരങ്ങളെ വലിച്ചിഴച്ച് കസ്റ്റഡിയിലെടുത്ത ഡൽഹി പോലീസ് ജന്തർ മന്തറിലെ സമരവേദിയിലെത്തി ടെന്റുകളും കിടക്കകളുമെല്ലാം നീക്കം ചെയ്തു. ഇന്നലെ വീണ്ടും സമരത്തിനെത്താനുള്ള താരങ്ങളുടെ ശ്രമത്തെ ജന്തർ മന്തറിലേക്കുള്ള വഴി തടഞ്ഞ് മുടക്കുകയും ചെയ്തു.
പീഡനക്കേസിലെ ഒരു കുറ്റാരോപിതനെ സംരക്ഷിക്കാൻവേണ്ടി രാജ്യത്തെ വനിതകളെയാകെ അവഹേളിക്കുംവിധം പെരുമാറുന്ന സർക്കാരിന്റെ ധാർഷ്ട്യം ജനാധിപത്യ അധികാരത്തിന്റെ യാതൊരു ലക്ഷണവുമുള്ളതല്ല. ഭരണാധികാരികൾക്കു തോന്നുന്നതു ചെയ്യാൻ അവകാശമുണ്ടായിരുന്ന ചെങ്കോൽ ഭരണത്തിന്റെ കാലം അസ്തമിച്ചത് അംഗീകരിക്കാൻ കഴിയാത്തതാവാം ഇത്തരം മർക്കടമുഷ്ടിക്കു കാരണം. പീഡിപ്പിച്ചെന്നു പറയപ്പെടുന്നയാൾ പ്രകോപനപരമായ പ്രസ്താവനകളുമായി നാടാകെ വിലസുന്നതിനിടെ, സമരക്കാർക്കെതിരേ കലാപശ്രമം, നിയമവിരുദ്ധമായി സംഘം ചേരല്‍, ഉത്തരവ് ലംഘനം, ഉദ്യോഗസ്ഥരുടെ കൃത്യ നിര്‍വഹണം തടസപ്പെടുത്തല്‍, ഉദ്യോഗസ്ഥരെ ആക്രമിക്കൽ എന്നീ വകുപ്പുകള്‍ ചുമത്തി കേസെടുത്ത ഡൽഹി പോലീസിനു പ്രത്യേകിച്ചു നാണക്കേടൊന്നും തോന്നാനിടയില്ല. കാരണം, വേണ്ടപ്പെട്ടവരെ സംരക്ഷിക്കാനുള്ള സർക്കാരുകളുടെ താത്പര്യത്തെ അവഗണിക്കാൻ അവർക്കാവില്ല.
ഒളിംപിക്സിലും കോമൺവെൽത്ത് ഗെയിംസിലും ഏഷ്യൻ ഗെയിംസിലുമൊക്കെ രാജ്യത്തെ പ്രശസ്തിയുടെ നെറുകയിലെത്തിച്ചു ദേശീയ പതാക പാറിച്ചവർ പീഡിപ്പിക്കപ്പെടുകയും രാജ്യതലസ്ഥാനത്തെ തെരുവിൽ വലിച്ചിഴയ്ക്കപ്പെടുകയും ചെയ്യുന്നു; അതും പീഡനക്കേസിൽപ്പെട്ട ഒരു പാർട്ടിനേതാവിനുവേണ്ടി. രാജ്യത്തിന്റെ അഭിമാനമായ ഈ വനിതാ താരങ്ങളെ പിന്തുണയ്ക്കാൻ കർഷകസംഘടനകൾക്കു മാത്രമല്ല, മനുഷ്യത്വവും ദേശാഭിമാനവുമുള്ള സകലർക്കുമുണ്ട് ബാധ്യത. പീഡിതവനിതകളുടെ ഈ പോരാട്ടം പരാജയപ്പെടരുത്. അവരുടെ ശരീരത്തെയും മനസിനെയും പീഡിപ്പിച്ചവരെ സംരക്ഷിക്കുന്ന ചെങ്കോലുകൾ വിജയിക്കുകയുമരുത്.