ആവർത്തിക്കുന്ന തീപിടിത്തങ്ങളിലൊക്കെ അഴിമതിയുടെ പുകയും ഉയരുന്നുണ്ട്. ആരോപണങ്ങൾക്ക് അടിസ്ഥാനമില്ലെന്ന് ഉറപ്പാക്കേണ്ടത് സർക്കാരാണ്.
തലസ്ഥാനത്ത് സർക്കാരിന്റെ മരുന്നു സംഭരണശാലയിലെ തീയണയ്ക്കാൻ ശ്രമിക്കുന്നതിനിടെ അഗ്നിശമന സേനാംഗം മരിച്ച സംഭവത്തിൽ ആ കുടുംബത്തിന്റെ വേദനയിലും തീരാനഷ്ടത്തിലും പങ്കുചേരുകയാണ്. ഒപ്പം, ഒരു ജീവൻ ബലി കൊടുക്കാനിടയായ തീപിടിത്തത്തിന്റെ കാരണത്തെക്കുറിച്ച് ഉയർന്നിരിക്കുന്ന സംശയത്തിന്റെ പുകപടലങ്ങൾ നീക്കണമെന്ന് സർക്കാരിനെ ഓർമിപ്പിക്കുകയും ചെയ്യുന്നു.
തിരുവനന്തപുരം തുന്പ കിൻഫ്ര പാർക്കിൽ മെഡിക്കൽ സർവീസസ് കോർപറേഷന്റെ മരുന്നുസംഭരണ കേന്ദ്രത്തിലാണ് ചൊവ്വാഴ്ച തീപിടിച്ചത്. നട്ടുച്ചയ്ക്ക് ഗോഡൗൺ പൊട്ടിത്തെറിക്കുകയായിരുന്നു. ചാക്ക ഫയർഫോഴ്സ് യൂണിറ്റിലെ ഫയർമാൻ ജെ.എസ്. രഞ്ജിത്താണ് തീയണയ്ക്കാനുള്ള ശ്രമത്തിനിടെ കോൺക്രീറ്റ് പാളി തകർന്നുവീണു മരിച്ചത്. ഗോഡൗണിൽ സൂക്ഷിച്ചിരുന്ന ബ്ലീച്ചിംഗ് പൗഡറിനാവാം ആദ്യം തീപിടിച്ചതെന്നാണ് പ്രഥമിക നിഗമനം. 16 കോടിയോളം രൂപയുടെ മരുന്നുകൾ സൂക്ഷിച്ചിരുന്നത് മറ്റൊരു കെട്ടിടത്തിലായിരുന്നതിനാൽ കൂടുതൽ നാശനഷ്ടം ഒഴിവായി. ഒരു കാര്യം ഉറപ്പായിട്ടുണ്ട്. മെഡിക്കൽ സർവീസ് കോർപറേഷന്റെ മരുന്നുസംഭരണ കേന്ദ്രം പ്രവർത്തിച്ച കെട്ടിടത്തിന് ഫയർഫോഴ്സിന്റെ എൻഒസിയും തീയണയ്ക്കാനുള്ള സംവിധാനങ്ങളും ഉണ്ടായിരുന്നില്ല. ഫയർഫോഴ്സ് മേധാവി ബി. സന്ധ്യ തന്നെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഈ മാസം 17നാണ് കൊല്ലം ഉളിയക്കോവിലിലെ മരുന്നു സംഭരണശാലയിൽ തീപിടിത്തമുണ്ടായത്. ഗോഡൗണ് പൂർണമായും കത്തിനശിച്ചിരുന്നു. കൊല്ലത്തിനു പിന്നാലെ തിരുവനന്തപുരത്തും സമാന സാഹചര്യങ്ങളിൽ തീപിടിത്തമുണ്ടായത് സംശയത്തോടെയാണ് പലരും കാണുന്നത്.
കോവിഡ് കാലത്തെ മരുന്നുവാങ്ങലിന്റെ മറവിൽ വൻകൊള്ളയാണ് നടന്നിട്ടുള്ളതെന്ന് ആരോപണമുയർന്നിരുന്നു. അതേക്കുറിച്ച് ലോകായുക്ത അന്വേഷണം നടത്തുന്നതിനിടെ, കൊല്ലത്തെയും ദിവസങ്ങൾക്കകം തിരുവനന്തപുരത്തെയും മെഡിക്കൽ സർവീസസ് കോർപറേഷൻ ഗോഡൗണുകളിൽ തീ പിടിച്ചത് സ്വാഭാവികമായും സംശയമുളവാക്കുന്നതാണ്. കൊല്ലത്തുണ്ടായതുപോലെ തിരുവനന്തപുരത്തും ബ്ലീച്ചിംഗ് പൗഡറിൽനിന്നു തീ പടർന്നെന്നു പറയുന്നത് അവിശ്വസനീയമാണെന്നാണ് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പറഞ്ഞത്. കോവിഡ് കാലത്ത് വാങ്ങിയ മരുന്നുകളും മെഡിക്കൽ സാമഗ്രികളും 2014ൽ കാലാവധി കഴിഞ്ഞ മരുന്നുകളുമൊക്കെ കത്തിനശിച്ചവയിൽ ഉൾപ്പെട്ടിട്ടിട്ടുണ്ടെന്നാണ് പ്രാഥമിക വിവരമെന്നും കോവിഡ് മറവിൽ 1032 കോടി രൂപയുടെ അഴിമതി നടത്തിയതിന് അന്നത്തെ ആരോഗ്യമന്ത്രിയും ഉദ്യോഗസ്ഥരും പ്രതികളായ കേസിലെ തെളിവുകളാണ് നശിപ്പിക്കപ്പെട്ടതെന്നും സതീശൻ ആരോപിച്ചു.
സെക്രട്ടേറിയറ്റിൽ വ്യവസായ മന്ത്രി പി. രാജീവിന്റെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയുടെ ഓഫീസിൽ തീപിടിത്തമുണ്ടായത് ഈ മാസം ഒന്പതിനാണ്. ഗതാഗത നിയമലംഘനങ്ങൾ കണ്ടുപിടിക്കാൻ കാമറകൾ വാങ്ങിയതിൽ അഴിമതിയുണ്ടെന്ന് പ്രതിപക്ഷം ആരോപണം ഉന്നയിച്ച സമയത്തായിരുന്നു ആ തീപിടിത്തം. സ്വർണക്കടത്ത് വിവാദത്തിന്റെ സമയത്ത് 2020 ഓഗസ്റ്റിൽ പ്രോട്ടോകോൾ വിഭാഗത്തിൽ തീപിടിത്തമുണ്ടായിരുന്നു. കേന്ദ്ര ഏജൻസികൾ അന്വേഷിക്കുന്ന കേസ് വന്നപ്പോൾ സെക്രട്ടേറിയറ്റിലും അഴിമതി കാമറയുമായി ബന്ധപ്പെട്ട അന്വേഷണം നടക്കുന്നതിനിടെ വ്യവസായമന്ത്രിയുടെ ഓഫീസിലും തീപിടിത്തമുണ്ടായി. നാടിനെ ആഴ്ചകളോളം മുൾമുനയിൽ നിർത്തിയ ബ്രഹ്മപുരം മാലിന്യ സംസ്കരണ കേന്ദ്രത്തിലെ തീപിടിത്തവും വിവാദമായിരുന്നു. പാർട്ടിയുമായി ബന്ധപ്പെട്ട കരാറുകാരന്റെ അഴിമതി മറയ്ക്കാനുള്ള നീക്കമായിരുന്നു അതെന്ന ആരോപണത്തിന് ഇന്നും ഉത്തരമായിട്ടില്ല. എന്തെങ്കിലും ആരോപണങ്ങൾ ഉയരുന്പോൾ അതുമായി ബന്ധപ്പെട്ട സ്ഥലങ്ങളിൽ തീപിടിത്തം ഉണ്ടാകുന്നതും കാമറകൾ ഇടിവെട്ടി നശിക്കുന്നതുമൊക്കെ സ്ഥിരം സംഭവങ്ങളായി മാറുകയാണെന്നാണ് പ്രതിപക്ഷ ആരോപണം.
തീപിടിത്തത്തിനു കാരണമായ ബ്ലീച്ചിംഗ് പൗഡർ വാങ്ങിയതിലും അഴിമതി മണക്കുന്നുണ്ട്. കാരുണ്യ പദ്ധതി വഴി വാങ്ങിക്കൂട്ടിയത് ലക്ഷക്കണക്കിനു കിലോഗ്രാം ബ്ലീച്ചിംഗ് പൗഡറാണെന്നും ഇതുൾപ്പെടെ 700 ടണ്ണോളം ബ്ലീച്ചിംഗ് പൗഡർ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതെ മെഡിക്കൽ സർവീസസ് കോർപ്പറേഷന്റെ ഗോഡൗണുകളിൽ കെട്ടിക്കിടക്കുന്നുണ്ടെന്നുമാണ് റിപ്പോർട്ടുകൾ. കാരുണ്യ പദ്ധതിവഴി വാങ്ങുന്പോൾ കാര്യമായ ടെണ്ടർ വ്യവസ്ഥകളില്ലെന്നതും കൂട്ടിവായിക്കേണ്ടതാണ്. ആവർത്തിക്കുന്ന തീപിടിത്തങ്ങളിലൊക്കെ അഴിമതിയുടെ പുകയും ഉയരുന്നുണ്ട്. ആരോപണങ്ങൾക്ക് അടിസ്ഥാനമില്ലെന്ന് ഉറപ്പാക്കേണ്ടത് സർക്കാരാണ്. മറ്റൊന്ന് കെടുകാര്യസ്ഥതയാണ്. അഗ്നിശമന സേനാ വിഭാഗത്തിന്റെ മുന്നറിയിപ്പുകൾ ഉണ്ടായിട്ടും മെഡിക്കൽ ഗോഡൗണുകളിൽ യാതൊരു സുരക്ഷാനടപടികളും ഏർപ്പെടുത്തിയിട്ടില്ലെന്നത് കെടുകാര്യസ്ഥതയാണ്. അഴിമതിയായാലും കെടുകാര്യസ്ഥതയായാലും നഷ്ടമായത് വിലപ്പെട്ട ജീവനും പൊതുമുതലുമാണ്; രണ്ടായാലും ഉത്തരവാദി സർക്കാർ മാത്രമാണ്.