ക്ലാസിക്കുകൾ എന്ന വാക്ക് കൂട്ടുകാർ നിരന്തരം കേൾക്കുന്നുണ്ടാവും. സാഹിത്യത്തിലും, സിനിമയിലും, മറ്റു കലാരൂപങ്ങളിലുമൊക്കെ പല തലമുറയിൽപ്പെട്ടവരോടും ഒരുപോലെ വിജയകരമായി സംവദിക്കുന്ന മരണമില്ലാത്ത സൃഷ്ടികളാണവ. സാർവ ജനീനതയും സാർവകാലികതയുമാണ് അവയുടെ മുഖമുദ്രകൾ. അവയുടെ ആശയം ദേശങ്ങൾക്കും കാലങ്ങൾക്കും അതീതമായി നിലകൊള്ളുന്നു. കൂട്ടുകാർക്ക് വായിക്കാൻ തെരഞ്ഞെടുക്കാവുന്ന ഏതാനും മികച്ച പുസ്തകങ്ങൾ അവതരിപ്പിക്കുകയാണ് ഈ ലക്കത്തിൽ.
ഈസോപ്പു കഥകൾ
ആമയുടെയും മുയലിന്റെയും ഓട്ടമത്സരത്തിന്റെയും, കിട്ടാതെ പോയ മുന്തിരി പുളിക്കുമെന്നു പറഞ്ഞ കുറുക്കന്റെയും, പൊന്മുട്ടയിടുന്ന താറാവിന്റെയുമൊക്കെ കഥകൾ കൂട്ടുകാർ കേട്ടിട്ടുണ്ടാകുമല്ലോ. ഇങ്ങനെ ജന്തുക്കളെ മുഖ്യ കഥാപാത്രങ്ങളാക്കി നീതിയുടെ കഥകൾ ചേർത്തെടുത്ത സമാഹാരമാണ് ഈസോപ്പു കഥകൾ.
പാശ്ചാത്യലോകത്തെ ഏറ്റവും പ്രസിദ്ധമെന്ന് പറയുന്ന ഈ ജന്തുകഥയുടെ പിതാവായ ഈസോപ്പിന്റെ ജീവിതത്തെക്കുറിച്ച് കൃത്യമായ വിവരങ്ങളില്ല. പ്രാചീന ഗ്രീസിൽ ബിസി 620-564 കാലത്ത് ജീവിച്ചിരുന്നു എന്ന് വിശ്വസിക്കപ്പെടുന്നു.
ചെറിയ കഥകളിലൂടെ വലിയ ജീവിത ദർശനങ്ങൾ നല്കുന്ന ഈസോപ്പിന്റെ കഥകൾ വാമൊഴിയായി ലഭിച്ചതും പിന്നീട് സമാഹാരമായി എഴുതപ്പെട്ടതുമാണ്. ഒരു ചെറിയ കഥ, മൃഗ കഥാപാത്രങ്ങൾ, വലിയൊരു ഗുണപാഠം ഇതാണ് പൊതു ഘടന.
ജാതക കഥകൾ
പ്രിയ കൂട്ടുകാരനായ കുരങ്ങന്റെ ഹൃദയം ഭാര്യയുടെ കൊതിമൂലം ഭക്ഷണമായി നല്കാൻ ശ്രമിച്ച മുതലയുടെ കഥ അറിയില്ലേ? ബുദ്ധൻ പറഞ്ഞ കഥകളാണ് ജാതക കഥകൾ. ബുദ്ധന്റെ പല ജന്മങ്ങളിലെ കഥകളായിരുന്നതിനാലാണ് ജാതക കഥകളെന്ന് പേരു വന്നത്.
ബുദ്ധന്റെ മുജ്ജന്മ കഥകളിലെ സാരോപദേശങ്ങളാണ് ജാതക കഥകളുടെ രൂപത്തിൽ നല്കപ്പെട്ടതെന്നാണ് വിശ്വസിക്കപ്പെടുന്നത്. വാമൊഴിയായി പകർന്ന് ഇന്ത്യയിലും, അന്യനാടുകളിലും ഇവ പ്രചാരം നേടി.
പഞ്ചതന്ത്രം
ബിസി മൂന്നാം നൂറ്റാണ്ടിൽ വിഷ്ണുശർമയെന്നൊരാൾ, രാജാവിന്റെ മണ്ടന്മാരായ മക്കൾക്ക് ബുദ്ധിയും വിവേകവുമുണ്ടാക്കാൻ സൃഷ്ടിച്ച കഥാസഞ്ചയമാണിതെന്ന് വിശ്വസിക്കപ്പെടുന്നു. കഥയായും, കഥയ്ക്കുള്ളിലെ കഥയായും, അതിനുള്ളിൽ മറ്റൊരു കഥയായും വികസിക്കുന്ന പഞ്ചതന്ത്രം ഭാരതീയ നാടോടി സാഹിത്യ ശാഖയുടെ മികച്ച മാതൃകയാണ്.
വിഷ്ണുശർമയെന്ന അജ്ഞാത കലാകാരന്റെ പഞ്ചതന്ത്രത്തിൽനിന്ന് സിംഹത്തിന്റെയും, ബുദ്ധിയുള്ള മുയലിന്റെയും കഥ നമ്മൾ വായിച്ചത് ഓർമയില്ലേ. സിംഹരാജന് എല്ലാ ദിവസവും ഒരു ജീവിയെ ഭക്ഷണമായി മുന്നിൽ വേണം. തന്റെ ഉൗഴമെത്തിയപ്പോൾ ബുദ്ധിയുള്ള മുയൽ സിംഹത്തെ തന്ത്രപരമായി നിഴൽ കാണിച്ചു കിണറ്റിൽ വീഴ്ത്തിയ കഥ!
ഐതിഹ്യമാല
കേരളത്തിൽ പണ്ടു മുതൽ നിലവിലിരിക്കുന്ന ഐതിഹ്യങ്ങളെ പുനരാവിഷ്കരിച്ച കൊട്ടാരത്തിൽ ശങ്കുണ്ണിയാണ്, കേരളത്തിലെ കഥാ സരിത് സാഗരമെന്ന് വിശേഷിപ്പിക്കപ്പെട്ട ഈ കൃതി രചിച്ചത്. ദേവന്മാരും, മനുഷ്യരും, മൃഗങ്ങളും ഈ ഐതിഹ്യങ്ങളിൽ പ്രത്യക്ഷപ്പെടുന്നു.
പറയിപെറ്റ പന്തിരുകുലവും, കായംകുളം കൊച്ചുണ്ണിയും ഒക്കെ സത്യവും, മിത്തും ഇടകലർന്ന ഐതിഹ്യങ്ങളായി നമ്മുടെ മുന്നിലെത്തുന്നു.
എന്റെ സത്യാന്വേഷണ പരീക്ഷണങ്ങൾ
ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും മഹാനായ ശാന്തിയുടെ പ്രവാചകൻ എന്നാണ് സമാധാനത്തിനുള്ള നൊബേൽ സമ്മാനം ലഭിക്കാതിരുന്ന നമ്മുടെ രാഷ്ട്രപിതാവിനു ബ്രിട്ടാനിക്ക വിശ്വവിജ്ഞാനകോശം നല്കിയ വിശേഷണം.
മജ്ജയും മാംസവുമുള്ള ഇങ്ങനെയൊരു മനുഷ്യൻ ജീവിച്ചിരുന്നുവെന്ന് വരുംതലമുറ വിശ്വസിച്ചേക്കില്ലായെന്നു പറഞ്ഞത് ആൽബർട്ട് ഐൻസ്റ്റൈനും. ഗുജറാത്തി ഭാഷയിൽ സത്യ കേ ഗോഥ് എന്നാണ് ആത്മകഥയ്ക്ക് ഗാന്ധിജി നല്കിയ പേര്.
കഥാസരിത് സാഗരം
കഥകളുടെ കൊച്ചരുവികൾ ചേർന്നൊരു മഹാസാഗരം. സോമദേവൻ എന്ന പണ്ഡിതൻ, സംസ്കൃതത്തിൽ ഭാരതത്തിന്റെ ഇതിഹാസ, നാടോടി കഥകളെ, കാഷ്മീർ രാജാവായിരുന്ന അനന്തദേവന്റെ പത്നി സൂര്യമതിയെ സന്തോഷിപ്പിക്കാനായി പറഞ്ഞുവെച്ചതെന്ന് കരുതപ്പെടുന്നു.
രചയിതാവിനേക്കുറിച്ചുള്ള വിവരങ്ങൾ ലഭ്യമല്ലെങ്കിലും നരവരഹനദത്ത എന്ന രാജകുമാരന്റെ സാഹസിക കഥകളാണ് മുഖ്യ കഥാതന്തു. 18 പുസ്തകങ്ങളിലായി 124 അധ്യായങ്ങളിലാണ് ഈ കഥാസാഗരം. 1880ൽ ഇംഗ്ലീഷിലേക്ക് വിവർത്തനമുണ്ടായി.
ഒരച്ഛൻ മകൾക്കയച്ച കത്തുകൾ
നമ്മുടെ ആദ്യത്തെ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റു, പത്തു വയസുകാരിയായ മകൾ ഇന്ദിരാ പ്രിയദർശിനിക്കയച്ച കത്തുകളാണിത്. ഇവ ഉൾക്കൊള്ളുന്ന വൈവിധ്യ വിഷയസന്പത്ത് ഇന്ദിരയുടെ വ്യക്തി വികാസത്തിൽ ഏറെ സ്വാധീനം ചെലുത്തി.
ഭൂമിയുടെ ഉദ്ഭവം, മനുഷ്യപരിണാമം, പ്രകൃതി വൈവിധ്യം, ഇന്ത്യയുടെ ചരിത്രം, പൈതൃകം, സംസ്കാരം, ഭാഷ തുടങ്ങിയ നിരവധി വിഷയങ്ങൾ കത്തുകളുടെ രൂപത്തിൽ വിശകലനം ചെയ്തിരിക്കുന്നു. ഒരച്ഛൻ ഇതിൽപരം എന്ത് സമ്മാനമാണ് മകൾക്കു നല്കാനുണ്ടായിരുന്നത്.
അഗ്നിച്ചിറകുകൾ (ആത്മകഥ)
നമ്മുടെ രാഷ്ട്രപതിയായിരുന്ന എ.പി.ജെ. അബ്ദുൾകലാമിന്റെ ആത്മകഥ. മിസൈൽ ടെക്നോളജി വിദഗ്ദനായ ശാസ്ത്രജ്ഞൻ, ഭാരതരത്ന ജേതാവ് എന്നീ നിലകളിലും പ്രസിദ്ധനായിരുന്നു അദ്ദേഹം.
കലാമിന്റെ വ്യക്തി ജീവിതം ഒൗദ്യോഗിക വളർച്ച, രാജ്യസേവനം എന്നിവ വിവരിക്കുന്നതിലൂടെ ഒരു സാധാരണക്കാരന് എത്തിപ്പെടാവുന്ന ഉയരങ്ങളേക്കുറിച്ച് അനേകർക്ക് ഉത്തേജനവും, ആത്മവിശ്വാസവും നല്കാൻ കഴിയുന്ന ഉയർത്തെഴുന്നേൽപ്പിന്റെ പുസ്തകം.
ആൻ ഫ്രാങ്കിന്റെ ഡയറിക്കുറിപ്പുകൾ
1929ൽ ജർമനിയിൽ ജനിച്ച് ഹോളണ്ടിലേക്കു കുടിയേറിയ യഹൂദ കുടുംബമായിരുന്നു ആൻഫ്രാങ്കിന്റേത്. 1944ൽ ജർമൻ അധിനിവേശത്തിൽ കോണ്സൻട്രേഷൻ ക്യാന്പിൽ തടവിലാക്കപ്പെട്ടു. 1945ൽ ബെർഗൻ-ബെൻഡൻ എന്ന കുപ്രസിദ്ധ നാസി തടങ്കലിൽ ടൈഫസ് ബാധയാൽ മരണപ്പെട്ടു. അതും ഹോളണ്ടിന്റെ മോചനത്തിന്റെ തൊട്ടുമുന്പുള്ള മാസങ്ങളിൽ.
നാടിന്റെ മോചനം കാണാൻ ജീവിച്ചിരുന്നില്ലെങ്കിലും ആൻ ഫ്രാങ്ക് - ദ ഡയറി ഓഫ് എ യങ്ങ് ഗേൾ എന്ന ഡയറിക്കുറിപ്പുകളുടെ സമാഹാരം ലോകമനസാക്ഷിയെ പിടിച്ചുലയ്ക്കുക മാത്രമല്ല അശാന്തിയിലും പ്രത്യാശയുടെ കിരണങ്ങൾ നല്കുകയും ചെയ്തു.
ജർമൻ അധീനതയിൽ അനുഭവിച്ച യാതനകൾക്കൊപ്പം സ്വന്തം ചിന്തകളും, നിരീക്ഷണങ്ങളും, മനുഷ്യ സ്നേഹത്തിലുള്ള വിശ്വാസവും, പ്രത്യാശയും സുഹൃത്തായി മാറിയ കിറ്റി എന്ന ഡയറിയിൽ രേഖപ്പെടുത്തുകയായിരുന്നു ഈ പെണ്കുട്ടി.
ജംഗിൾ ബുക്ക്
ജംഗിൾ ബുക്ക് സിനിമ കൂട്ടുകാർ കണ്ടിരിക്കുമല്ലോ? 1894ൽ ഇംഗ്ലീഷ് ഭാഷയിൽ റുഡയാർഡ് കിപ്ലിംഗ് രചിച്ചതാണിത്. ഇന്ത്യയിൽ ജനിച്ചു ജീവിച്ച അനുഭവങ്ങളിൽ നിന്നുള്ള കൃതി സാഹിത്യത്തിനുള്ള നൊബേൽ പുരസ്കാരം ലഭിച്ച ആദ്യ ബ്രിട്ടീഷ് എഴുത്തുകാരനാണ് കിപ്ലിംഗ്.
ചെന്നായ്ക്കളുടെ സംരക്ഷണത്തിൽ കാട്ടിൽ വളർന്ന മൗഗ്ലി എന്ന മനുഷ്യക്കുട്ടിയുടെ കഥ. അവനെ കൊല്ലാൻ ഷേർഖാൻ എന്ന കടുവ. ചെന്നായ് കൂട്ടത്തിൽനിന്നും മനുഷ്യരിൽനിന്നും പുറത്താക്കപ്പെടുന്ന മൗഗ്ലി ഷേർഖാനെ കൊല്ലുന്നു. അകേല എന്ന ചെന്നായ നേതാവിനെയും, മൗഗ്ലിയുടെ പ്രിയ മിത്രങ്ങളായ ബാലുക്കരടിയെയും, ബഗീരയെന്ന കരിന്പുലിയേയും കൂട്ടുകാർ ഓർക്കുന്നുണ്ടല്ലോ അല്ലേ ?
റോബിൻസണ് ക്രൂസോ
1719ൽ ഇംഗ്ലീഷിൽ പ്രസിദ്ധീകരിക്കപ്പെട്ട കൃതിയാണിത്. പാശ്ചാത്യ സാഹിത്യത്തിൽ ഏറെ വായിക്കപ്പെട്ട ഈ കൃതിയുടെ രചയിതാവ് ഡാനിയേൽ ഡിഫോ.
കപ്പൽച്ചേതം വന്ന് ഏകാന്തമായ ഒരു തെക്കേ അമേരിക്കൻ ദ്വീപിലകപ്പെടുന്ന റോബിൻസണ് ക്രൂസോയുടെ 28 വർഷത്തെ വിചിത്രമായ അനുഭവങ്ങളുടെ ചിത്രീകരണമാണ് കുട്ടികൾക്കും, മുതിർന്നവർക്കും ഏറെ ഇഷ്ടപ്പെടുന്ന രീതിയിൽ കൃതിയിലുള്ളത്.
ടോട്ടോ-ചാൻ ജനാലയ്ക്കരുകിലെ വികൃതിക്കുട്ടി
സ്വന്തം വിദ്യാലയത്തേക്കുറിച്ച് മധുരതരമായ ഓർമകളുള്ള എത്ര കൂട്ടുകാരുണ്ട് ? നമ്മുടെ സ്കൂൾ നമുക്കേറ്റവും പ്രിയങ്കരമായ സ്ഥലമാണോ? 1981ൽ ജപ്പാനിൽ പുറത്തിറങ്ങിയ ഈ പുസ്തകം ലോകത്തിലെ ഏറ്റവും ജനപ്രിയ പുസ്തകങ്ങളിലൊന്നാണ്. തെത്സുകോ കുറോയാനഗി എഴുതിയ ഈ പുസ്തകം കുട്ടികളെ സ്നേഹിക്കുന്നവരുടെ സുവിശേഷമാണ്.
ടോട്ടോ ചാൻ എന്ന വികൃതി പെണ്കുട്ടിയുടേയും അവളുടെ ഹൃദയം കവർന്ന റ്റോമോ എന്ന വിദ്യാലയത്തിന്റെയും, അവളുടെ സ്നേഹ സന്പന്നനായ കൊബായാഷി എന്ന പ്രഥമ അധ്യാപകന്റെയും കഥയാണിത്.
ഗീതാഞ്ജലി
വിശ്വ സാഹിത്യത്തിലെ നിത്യഹരിത വിസ്മയമാണ് രവീന്ദ്ര നാഥ ടാഗോറിന്റെ ഗീതാഞ്ജലി. ടാഗോർ സ്വയം ഇംഗ്ലീഷ് ഭാഷയിലേക്കു വിവർത്തനം നടത്തുകയുണ്ടായി. 1910ൽ പ്രസിദ്ധപ്പെടുത്തിയ ഗീതാഞ്ജലിക്ക് 1913ൽ സാഹിത്യത്തിനുള്ള നൊബേൽ പുരസ്കാരം ലഭിച്ചു.
നിരവധി ഭാഷകളിൽ, പലരാൽ തർജമ ചെയ്യപ്പെട്ടിട്ടുണ്ട്. മലയാളത്തിൽ ജി. ശങ്കരക്കുറുപ്പിന്റെ പദ്യ വിവർത്തനവും, കെ. ജയകുമാറിന്റെ ഗദ്യ പരിഭാഷയും ലഭ്യമാണ്.
ബ്ലാക്ക് ബ്യൂട്ടി
ഒരൊറ്റ നോവൽ ഇംഗ്ലീഷിൽ, 1877ൽ. ഒരു മാസത്തിനകം മരണം, അന്ന സിവെൽ എന്ന എഴുത്തുകാരിയുടെ ഏക നോവലാണ് ബ്ലാക്ക് ബ്യൂട്ടി. ഒരു കുതിര പറയുന്ന സ്വന്തം കഥയാണിത്.
കഠിനാധ്വാനം ചെയ്യുന്ന കുതിരയ്ക്ക് പിന്നീട് പരുക്കേൽക്കുന്നതും നിരവധി ഉടമകളാൽ സുഖദുഃഖങ്ങളിലൂടെ കടന്നുപോയി ഒടുവിൽ നല്ല യജമാനന്മാരുടെ കൈയിലെത്തുന്നതുമാണ് കഥാതന്തു.
ഡോണ് ക്വിക്സോട്ട്
മിഗേൽ ദെ സെർവാന്തസ് സാവെന്ദ്ര എന്ന സ്പാനിഷ് എഴുത്തുകാരൻ 1605ൽ പ്രസിദ്ധീകരിച്ച നോവൽ. വായിച്ച വീരകഥകളിലെ ധീര യോദ്ധാവായി സ്വയം സങ്കൽപ്പിച്ച് ലോകം ചുറ്റാനിറങ്ങിയ ഡോണ് ക്വിക്സോട്ട് എന്ന ഭൂവുടമയുടെ കഥ. കുതിരപ്പുറത്തേറിയുള്ള യാത്രയിൽ നേരിടുന്ന പ്രശ്നങ്ങളാണ് ഇതിവൃത്തം.
ബുദ്ധിയും, ഭ്രാന്തും, വിവേകവും, അവിവേകവും ഒത്തു ചേരുന്ന വ്യക്തിത്വമാണ് ക്വിക്സോട്ടിന്റേത്. എങ്കിലും സത്യസന്ധതയും, അന്തസും, ആദർശവും ഉപേക്ഷിക്കാൻ തയാറാകുന്നുമില്ല.
കേരളത്തിലെ പക്ഷികൾ
പക്ഷിനിരീക്ഷണത്തിൽ താത്പര്യമുള്ള കൂട്ടുകാർക്കായുള്ള ആധികാരിക ഗ്രന്ഥം. അൻപതു വർഷത്തോളം പക്ഷി നിരീക്ഷണത്തിനും, പ്രകൃതി സംരക്ഷണത്തിനുമായി ജീവിതം ഉഴിഞ്ഞുവച്ച കെ.കെ. നീലകണ്ഠൻ (ഇന്ദുചൂഡൻ) ആണ് രചയിതാവ്. കേരള സാഹിത്യ അക്കാദമി പ്രസിദ്ധീകരിച്ച ആദ്യ പുസ്തകമാണിത് (1959).
കാക്ക മുതൽ മണ്ണാത്തിപ്പുള്ള് വരെ, അങ്ങാടിക്കുരുവി മുതൽ ഓലഞ്ഞാലിക്കുരുവി വരെ നമ്മുടെ മുന്നിലെത്തുന്നു. സൈലന്റ് വാലി സംരക്ഷണ സമരത്തിനായി രൂപംകൊണ്ട പ്രകൃതി സംരക്ഷണ സമിതിയുടെ സ്ഥാപക പ്രസിഡന്റായിരുന്നു ഇന്ദുചൂഡൻ.
ഡോ. സാബിൻ ജോർജ്