അമേരിക്കൻ മലങ്കര അതിഭദ്രാസനം 32-ാമത് കുടുംബമേള; ഒരുക്കങ്ങൾ അവസാന ഘട്ടത്തിൽ
Saturday, July 14, 2018 5:54 PM IST
ന്യൂയോർക്ക്: ആകമാന സുറിയാനി ഓർത്തഡോക്സ് സഭയുടെ അമേരിക്കാ- കാനഡ മലങ്കര അതിഭദ്രാസനത്തിന്‍റെ 32ാമത് യൂത്ത് ആൻഡ് ഫാമിലി കോണ്‍ഫറൻസിന്‍റെ ഒരുക്കങ്ങൾ പൂർത്തിയാവുന്നതായി കുടുംബമേളയുടെ വിവിധ ഭാരവാഹികൾ അറിയിച്ചു.

പെൻസിൽവാനിയ പോക്കനോസ് “കലഹാരി റിസോർട്സ് & കണ്‍വൻഷൻ സെന്‍ററിൽ ജൂലൈ 25, 26, 27, 28 തീയതികളിലാണ് കുടുംബമേള.

25ന് വൈകുന്നേരം ആറിന് യൽദോ മോർ തീത്തോസ് കൊടി ഉയർത്തുന്നതോടെ കുടുംബമേളക്കു തുടക്കം കുറിക്കും. യൂത്ത് ആൻഡ് ഫാമിലി കോണ്‍ഫറൻസിന്‍റെ ഈ വർഷത്തെ ചിന്താവിഷയം “നിങ്ങൾ പൂർണ്ണ പ്രസാദത്തിനായി കർത്താവിനു യോഗ്യമാം വണ്ണം നടന്ന്, ആത്മീയമായ സകല ജ്ഞാനത്തിലും വിവേകത്തിലും അവന്‍റെ ഇഷ്ടത്തിന്‍റെ പരിജ്ഞാനം കൊണ്ട് നിറഞ്ഞു വരേണമെന്നും സകല സത്പ്രവർത്തിയിലും ഫലം കായ്ച്ചു ദൈവത്തെക്കുറിച്ചുള്ള പരിജ്ഞാനത്തിൽ വളരേണമെന്നും ....” (കൊലോസ്യൻസ് 1:10) എന്നതാകുന്നു.

കണ്‍വൻഷനിൽ പങ്കെടുക്കുന്നതിനായി ന്യൂവാർക്ക് ലിബർട്ടി അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തുന്ന മുഴുവൻ പേരെയും കണ്‍വൻഷൻ സെന്‍ററിൽ എത്തിക്കുന്നതിനായി വിപുലമായ വാഹനസൗകര്യം ക്രമീകരിച്ചിട്ടുണ്ടെന്ന് കണ്‍വീനർമാരായ ജോയ് ഇട്ടൻ, ജയിംസ് ജോർജ് എന്നിവർ അറിയിച്ചു.

25 മുതൽ രാവിലെ 7.30 മുതൽ ഒരു മണിക്കൂർ ഇടവിട്ട് വാഹനങ്ങൾ ക്രമീകരിച്ചിട്ടുണ്ട്. സമാപന ദിവസം ഉച്ചക്ക് 12.15 മുതൽ വിമാനത്താവളത്തിലേക്കും ആവശ്യാനുസരണം വാഹന സൗകര്യം ഉണ്ടായിരിക്കും.

സമാപന ദിവസമായ ശനിയാഴ്ച രാവിലെ 7.30 ന് ഭദ്രാസന മെത്രാപ്പോലീത്താ ആർച്ച് ബിഷപ്പ് യെൽദൊ മോർ തീത്തോസിന്േ‍റയും സഖറിയാസ് മോർ പീലക്സീനോസ് (തൂത്തൂട്ടി) മെത്രാപ്പോലീത്തായുടെയും കാർമികത്വത്തിൽ പ്രഭാത പ്രാർഥനയും തുടർന്നു വിശുദ്ധ കുർബാനയും നടക്കും. രാവിലെ ഏഴു മുതൽ വിശുദ്ധ കുന്പസാരത്തിനുള്ള സൗകര്യം ഉണ്ടായിരിക്കും.

അമേരിക്കയിലും കാനഡയിലുമുള്ള എല്ലാ ദേവാലയങ്ങളിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ടവർ ഉൾപ്പെട്ട ഭദ്രാസന പ്രതിനിധികളുടെ മീറ്റിംഗിനുള്ള രജിസ്ട്രേഷൻ പൂർത്തിയായതായി കണ്‍വീനർ റവ. ഫാ. ഡോ. രഞ്ജൻ മാത്യു, ബിനോയ് വർഗീസ് എന്നിവർ അറിയിച്ചു. ഭദ്രാസനത്തെപ്പറ്റിയുള്ള എല്ലാ പ്രധാന തീരുമാനങ്ങളും കൈക്കൊള്ളുന്ന പ്രതിനിധി മീറ്റിംഗ് കുടുംബ മേളയുടെ ആരംഭ ദിവസമായ വെള്ളിയാഴ്ച ഉച്ചകഴിഞ്ഞു 2 മുതൽ വൈകുന്നേരം 5 വരെ നടക്കും.

വിവരങ്ങൾക്ക്: ഫാ. രഞ്ജൻ മാത്യു 469 585 5393, ബിനോയ് വർഗീസ് 647 284 4150.

റിപ്പോർട്ട്: മൊയ്തീൻ പുത്തൻചിറ