ഖത്തറില്‍ കനത്ത മഴ
Wednesday, November 25, 2015 8:04 AM IST
ദോഹ: ഖത്തറില്‍ അതിശൈത്യത്തിനു മുന്നോടിയായി കനത്ത മഴ തുടരുന്നു. ബുധനാഴ്ച രാവിലെ തുടങ്ങിയ മഴയ്ക്ക് അകമ്പടിയായി ശക്തമായ ഇടിയും മിന്നലുമുണ്ടായി. കഴിഞ്ഞ കുറെ മാസങ്ങളായി നീണ്ടു നിന്ന അത്യുഷ്ണത്തിനു ശേഷം പെയ്ത മഴ അതിശൈത്യത്തിന്റെ മുന്നറിയിപ്പാണെന്നാണ് കാലാവസ്ഥാ നിരീക്ഷകര്‍ വിലയിരുത്തുന്നത്. ചെവ്വാഴ്ച രാവിലെ പെയ്ത മഴ ബുധനാഴ്ചയോടെ ശക്തിപ്രാപിക്കുകയായിരുന്നു.

ദോഹയിലാണ് ഏറ്റവും കൂടുതല്‍ മഴ പെയ്തതെന്നാണ് ലഭിക്കുന്ന റിപ്പോര്‍ട്ടുകള്‍. താഴ്ന്ന പ്രദേശങ്ങള്‍ പലതും വെള്ളത്തിനടിയിലാണ്. റോഡുകളില്‍ വെള്ളം നിറഞ്ഞതോടെ ദോഹ നഗരത്തിന്റെ പല ഭാഗങ്ങളിലും ഗതാഗതകുരുക്കും രൂക്ഷമായിരിക്കുകയാണ്. വാഹനങ്ങള്‍ മണിക്കൂറുകളോളം കുരുക്കിലകപ്പെട്ടതോടെ ഓഫീസുകളുടെ പ്രവര്‍ത്തനം താറുമാറായി. ദോഹയിലെ പ്രധാന സ്കൂളുകള്‍ക്കെല്ലാം അധികൃതര്‍ അവധി പ്രഖ്യാപിച്ചു. വര്‍ക് സൈറ്റുകളിലും പണികള്‍ നിര്‍ത്തിവച്ചിരിക്കുകയാണ്.