വടകര സ്വദേശിയെ റിയാദില്‍ കാണാതായി
Saturday, June 13, 2015 4:40 AM IST
റിയാദ്: വടകര നാദാപുരം പുറമേരി സ്വദേശിയായ വിജയന്‍ പാറച്ചാലില്‍ (48) എന്നയാളെ കഴിഞ്ഞ ചൊവ്വാഴ്ച മുതല്‍ കാണാനില്ലെന്നു നാട്ടുകാരും സുഹൃത്തുക്കളും അറിയിച്ചു. 20 വര്‍ഷമായി റിയാദിലുള്ള വിജയന്‍ ഇസുസു ട്രക്ക് ഡ്രൈവറാണ്. അദ്ദേഹം ഓടിച്ചിരുന്ന വണ്ടിയും കാണാനില്ലെന്നാണ് സുഹൃത്തുക്കള്‍ പറയുന്നത്.

അപകടം സംഭവിച്ചിരിക്കുമോ എന്ന സംശയത്തില്‍ റിയാദിലെ പ്രധാനപ്പെട്ട എല്ലാ ആശുപത്രികളിലും പോലീസ് സ്റ്റേഷനുകളിലും സാമൂഹ്യ പ്രവര്‍ത്തകനായ ലത്തീഫ് തെച്ചിയുടേയും ഇന്ത്യന്‍ എംബസി ഉദ്യോഗസ്ഥനായ പുഷ്പരാജിന്റേയും സഹായത്തോടെ സുഹൃത്തുക്കളും സാമൂഹ്യ പ്രവര്‍ത്തകരുമായ നിരവധി പേര്‍ തെരച്ചില്‍ നടത്തിയെങ്കിലും തുമ്പൊന്നും കിട്ടിയിട്ടില്ല. വിജയന്‍ ഉപയോഗിച്ചിരുന്ന മൊബൈല്‍ ഫോണ്‍ ബഗ്ളഫ് ഭാഗത്ത് നിന്നും റിംഗ് ചെയ്യുന്നതായി സുഹൃത്തുക്കള്‍ പറഞ്ഞു. എന്നാല്‍ ഈ ഭാഗങ്ങളില്‍ നടത്തിയ അന്വേഷണത്തിലും കണ്െടത്താനായില്ല. എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ രാജീവ് (0502337904), ജയപ്രദീഷ് (0506539491) എന്നീ നമ്പരുകളില്‍ വിവരമറിയിക്കേണ്ടതാണ്.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍