'ജീവിതത്തെ നിത്യവസന്തമാക്കാന്‍ മനസിന്റെ താളങ്ങളിലൂടെ സാധിക്കും'
Wednesday, December 10, 2014 6:20 AM IST
കുവൈറ്റ്: മനസിന്റെ താളങ്ങളെ ശരിയായി ചിട്ടപ്പെടുത്തുന്നതിലൂടെ ജീവിതത്തെ നിത്യവസന്തമാക്കാന്‍ സാധിക്കുമെന്ന് ഇന്റര്‍നാഷണല്‍ മൈന്റ് പവര്‍ ട്രെയിനറും സക്സസ് കോച്ചുമായ സി.എ റസാഖ് അഭിപ്രായപ്പെട്ടു. 'ഇഴ ചേര്‍ന്ന ബന്ധങ്ങള്‍ ഈണമുള്ള ജീവിതം' എന്ന പ്രമേയത്തില്‍ മൈന്റ് ട്യൂ വേവ്സ് ജിസിസി കാംപയിനിന്റെ ഭാഗമായി ഫോക്കസ് ഇന്റര്‍നാഷണല്‍ കുവൈറ്റ് ചാപ്റ്റര്‍ അബാസിയയില്‍ സംഘടിപ്പിച്ച മൈന്റ് ട്യൂ സെമിനാറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

മനസിനെ കുറിച്ചുള്ള പഠന ഗവേഷണങ്ങള്‍ വളരെയധികം പുരോഗതി പ്രാപിച്ചിട്ടുണ്ട്. അതിന്റെ ക്രിയാത്മകവും നിഷേധാത്മകവുമായ ഭാവങ്ങളെ തെരഞ്ഞെടുക്കുന്നിടത്ത് കാണിക്കേണ്ട സൂക്ഷ്മതയെ മനഃശാസ്ത്ര പഠനങ്ങള്‍ വിശദമായി ചര്‍ച്ചചെയ്തിട്ടുണ്ട്. ബോധമനസിന്റെ സ്വൈര വിഹാരങ്ങള്‍ സൃഷ്ടിക്കു പ്രതിസന്ധികളെ ഉപബോധാവസ്ഥയിലെ അനന്ത സാധ്യതകളിലൂടെ മറികടക്കാന്‍ സാധിക്കുമെന്ന് മനഃശാസ്ത്രം പ്രസ്താവിക്കുന്നു. യുക്തി, ചിന്ത, കോപം, അഹങ്കാരം, അക്ഷമ, അക്രമാവസ്ത തുടങ്ങിയ ബോധമനസിന്റെ സഹജമായ സവിശേഷകളിലെ വൈകല്യങ്ങളെ ഉപബോധ മനസിന്റെ സ്നേഹം, വികാരം, വിചിന്തനം, വൈകാരികത തുടങ്ങിയ മറുമരുന്നുകള്‍കൊണ്ട് അതിജീവിക്കുന്നതിന്റെ സാധ്യതകളെയാണ് മൈന്റ് ട്യൂ പരിശീലനം പ്രധാനമായും ചര്‍ച്ചചെയ്യുന്നതെന്ന് റസാഖ് വിശദീകരിച്ചു.

മൈന്റ് ട്യൂ ജിസിസി ഡയറക്ടറും ഖത്തര്‍ യൂണിറ്റി കോഓര്‍ഡിനേറ്ററുമായ മശ്ഹൂദ് തിരുത്തിയാട് മുഖ്യാതിഥിയായിരുന്നു. കുവൈറ്റിലെ വിവിധ സംഘടനകളെ പ്രതിനിധീകരിച്ച് എം.ടി മുഹമ്മദ്, അബ്ദുള്‍ ഫത്താഹ് തൈയില്‍, സക്കീര്‍ ഹുസൈന്‍ തുവൂര്‍, ഹിലാല്‍ എന്നിവര്‍ പങ്കെടുത്തു. ഫോക്കസ് ചെയര്‍മാന്‍ എന്‍ജിനിയര്‍ അബ്ദുറഹ്മാന്‍, മുഹമ്മദ് അരിപ്ര, മുഹമ്മദ് സൈദ് റഫീഖ് തുടങ്ങിയവര്‍ പ്രസംഗിച്ചു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍