ബിഹാറിനു പുറത്തും "കുടി' പറ്റില്ല, ഉദ്യോഗസ്ഥർക്കു നിതീഷിന്‍റെ മുന്നറിയിപ്പ്
Friday, February 17, 2017 4:41 PM IST
പാറ്റ്ന: തെരഞ്ഞെടുപ്പു വാഗ്ദാനത്തിന്‍റെ ഭാഗമായി ബിഹാറിൽ മദ്യനിരോധനം കർശനമായി നടപ്പാക്കിയ മുഖ്യമന്ത്രി നിതീഷ് കുമാറിന്‍റെ പുതിയ ഉത്തരവ് കേട്ട സർക്കാർ ഉദ്യോഗസ്ഥർക്ക് ഞെട്ടൽ. സർക്കാരിന്‍റെ കീഴിലുള്ള ഉദ്യോഗസ്ഥർ സംസ്ഥാനത്തു മാത്രമല്ല, ബിഹാറിനു പുറത്തു സഞ്ചരിക്കുന്പോഴും അന്യരാജ്യങ്ങളിൽ പോകുന്പോഴും മദ്യം ഉപയോഗിക്കാൻ പാടില്ലെന്ന കർശന നിർദേശമാണ് മുഖ്യമന്ത്രിയുടേതായി പുറത്തുവന്നിരിക്കുന്നതെന്നും എൻഡിടിവി റിപ്പോർട്ട് ചെയ്തു.

ബിഹാർ മന്ത്രിസഭ കഴിഞ്ഞയാഴ്ച കൊണ്ടുവന്ന നിയമഭേദഗതിപ്രകാരം മജിസ്ട്രേറ്റുമാർ, ഉദ്യോഗസ്ഥർ, ജഡ്ജിമാർ തുടങ്ങിയവർ ലോകത്തിന്‍റെ ഏതു കോണിൽവച്ചു മദ്യപിച്ചു പിടിയിലായാലും കുറ്റക്കാരാകുമെന്ന് റിപ്പോർട്ടിൽ പറയുന്നു. കുറ്റക്കാരാണെന്നു കണ്ടെത്തിയാൽ സസ്പെൻഷൻ, ശന്പളം വെട്ടിക്കുറയ്ക്കൽ, പിരിച്ചുവിടൽ എന്നിങ്ങനെയുള്ള ശിക്ഷകളാണ് ഉദ്യോഗസ്ഥരെ കാത്തിരിക്കുന്നത്. ഉദ്യോഗസ്ഥർ എവിടെയായാലും പെരുമാറ്റമര്യാദ കാണിക്കുന്നുണ്ടോയെന്നു നോക്കാൻ സർക്കാരിനു ബാധ്യതയുണ്ട്. സംസ്ഥാനത്തിനു പുറത്തു ഡപ്യൂട്ടേഷനിൽ ജോലി ചെയ്യുന്ന ഉദ്യോഗസ്ഥർക്കും വിലക്ക് ബാധകമാക്കിയിട്ടുണ്ട്. ഉദ്യോഗസ്ഥർക്ക് ഇങ്ങനെ വിലക്ക് ഏർപ്പെടുത്തുന്ന ആദ്യ സംസ്ഥാനമാണ് ബിഹാർ.

സന്പൂർണ മദ്യനിരോധനം നടപ്പാക്കിയിരിക്കുന്ന സംസ്ഥാനത്തെ ചില ഉദ്യോഗസ്ഥർ രഹസ്യമായി മദ്യം ഉപയോഗിക്കുന്നതായി റിപ്പോർട്ട് ഉണ്ടെന്നു നിതീഷ്കുമാർ തന്നെ കഴിഞ്ഞ ദിവസം ഒരു പൊതുസമ്മേളനത്തിൽ പറഞ്ഞിരുന്നു. ഇതിനു പിന്നാലെയാണ് ഉദ്യോഗസ്ഥർക്കു മദ്യവിലക്ക് പ്രഖ്യാപിച്ചിരിക്കുന്നത്.

മദ്യത്തിന്‍റെ കുത്തൊഴുക്കിൽ വലഞ്ഞിരുന്ന ബിഹാറിൽ നിതീഷ്കുമാർ സർക്കാർ നടപ്പാക്കിയ മദ്യനിരോധനത്തിനു വൻ ജനപിന്തുണയാണു ലഭിച്ചിരിക്കുന്നത്. മദ്യനിരോധനത്തെ പിന്തുണച്ചു കഴിഞ്ഞമാസം പാറ്റ്നയിൽ നടന്ന മനുഷ്യച്ചങ്ങലയിൽ നിതീഷ് കുമാറും ലാലുപ്രസാദ് യാദവും അടക്കം വിവിധ രാഷ്ട്രീയ നേതാക്കളും പ്രവർത്തകരുമൊക്കെ അണിചേർന്നിരുന്നു. മൂന്നു കോടിയോളം പേർ പരിപാടിയിൽ പങ്കെടുത്തെന്നാണ് സംഘാടകർ അവകാശപ്പെട്ടത്. ബിഹാർ രാജ്യത്തിനാകെ നൽകുന്ന സന്ദേശമാണ് ഈ ജനപങ്കാളിത്തമെന്നു പരിപാടിക്കു ശേഷം മുഖ്യമന്ത്രി നിതീഷ്കുമാർ പറഞ്ഞിരുന്നു.