ആ​ലും​തു​രു​ത്തി പാ​ട​ത്ത് ക​ർ​ഷ​ക​ൻ പൊ​ള്ള​ലേ​റ്റ് മ​രി​ച്ചു
Saturday, April 27, 2024 3:21 AM IST
തി​രു​വ​ല്ല: ആ​ലും​തു​രു​ത്തി​യി​ല്‍ കൊ​യ്ത്ത് ക​ഴി​ഞ്ഞ പാ​ട​ത്ത് തീ​യി​ടാ​ന്‍ പോ​യ ക​ര്‍​ഷ​ക​ന്‍ പൊ​ള​ള​ലേ​റ്റ് മ​രി​ച്ചു. ആ​ലം​തു​രു​ത്തി ക​ന്യാ​ക്കോ​ണി​ല്‍ മാ​ത്തു​ക്കു​ട്ടി​യാ​ണ് (64) മ​രി​ച്ച​ത്. വെ​ള​ളി​യാ​ഴ്ച ഉ​ച്ച​യോ​ടെ അ​ഞ്ച​ടി വേ​ളൂ​ര്‍​മു​ണ്ട​കം പാ​ട​ത്താ​ണ് സം​ഭ​വം. സ്വ​ന്തം പാ​ട​ത്ത് തീ​യി​ടു​ന്ന​തി​നാ​യാ​ണ് മാ​ത്തു​ക്കു​ട്ടി​ പോ​യ​തെ​ന്ന് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗം സോ​മ​ന്‍ താ​മ​ര​ച്ചാ​ലി​ല്‍ പ​റ​ഞ്ഞു.

കൊ​യ്ത്ത് ക​ഴി​ഞ്ഞ പാ​ട​ത്ത് അ​ടു​ത്ത​ത​വ​ണ ക​ള​സ​സ്യ​ങ്ങ​ള്‍ കി​ളി​ർ​ക്കാ​തി​രി​ക്കാ​ന്‍ തീ​യി​ടു​ന്ന പ​തി​വു​ണ്ട്. മാ​ത്തു​ക്കു​ട്ടി ത​നി​ച്ചാ​ണ് തീ​യി​ടാ​ന്‍ പോ​യ​ത്. പാ​ട​ത്തി​ന്‍റെ പ​ല ​ഭാ​ഗ​ത്തും മ​റ്റ് ക​ര്‍​ഷ​ക​ര്‍ തീ​യി​ട്ടി​രു​ന്നു. ഇ​തി​ന്‍റെ പു​ക​യേ​റ്റ് മാ​ത്തു​ക്കു​ട്ടി കു​ഴ​ഞ്ഞ് തീ​യി​ല്‍ വീ​ണ​താ​ണോ​യെ​ന്ന് സം​ശ​യി​ക്കു​ന്നു​ണ്ട്.

വി​ശാ​ല​മാ​യ പാ​ട​ശേ​ഖ​ര​ത്തി​ന്‍റെ ന​ടു​ക്കാ​യാ​ണ് മാ​ത്തു​ക്കു​ട്ടി​യു​ടെ പാ​ടം. അ​ച്ഛ​നെ കാ​ണാ​ഞ്ഞ് മ​ക​ന്‍ അ​ന്വേ​ഷി​ച്ച് പാ​ട​ത്ത് എ​ത്തു​മ്പോ​ള്‍ പൊ​ള​ള​ലേ​റ്റ് അ​വ​ശ​നി​ല​യി​ല്‍ മാ​ത്തു​ക്കു​ട്ടി​യെ ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു. തു​ട​ര്‍​ന്ന് നാ​ട്ടു​കാ​രു​ടെ സ​ഹാ​യ​ത്തോ​ടെ ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ചെ​ങ്കി​ലും ര​ക്ഷ​പ്പെ​ടു​ത്താ​നാ​യി​ല്ല. ഭാ​ര്യ: പ​രേ​ത​യാ​യ വ​ത്സ​മ്മ. മ​ക്ക​ള്‍: ജി​ജോ, ജീ​ന.