മുസാഫര്‍നഗര്‍ കലാപം: പ്രധാനമന്ത്രി അഖിലേഷുമായി ചര്‍ച്ച നടത്തി
Monday, September 9, 2013 4:05 AM IST
ന്യൂഡല്‍ഹി: മുസാഫര്‍ നഗര്‍ കലാപവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി അഖിലേഷ് യാദവുമായി ടെലിഫോണില്‍ ചര്‍ച്ച നടത്തി. ജില്ലയിലെ ക്രമസമാധാന നില പ്രധാനമന്ത്രി വിലയിരുത്തി. അതിനിടെ ആവശ്യമെങ്കില്‍ ഉത്തര്‍പ്രദേശിലേക്ക് കൂടുതല്‍ അര്‍ധസൈനിക വിഭാഗത്തെ അയയ്ക്കാന്‍ തയാറാണെന്ന് കേന്ദ്ര ആഭ്യന്തരവകുപ്പ് സഹമന്ത്രി ആര്‍.പി.എന്‍ സിംഗ് വ്യക്തമാക്കി.

മുസാഫര്‍നഗര്‍ സമാധാനത്തിലേക്ക് തിരിച്ചുവരുന്നുണ്ടെന്നും ഞായറാഴ്ച വൈകുന്നേരം മുതല്‍ സംഘര്‍ഷങ്ങള്‍ ഒന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും അദ്ദേഹം അറിയിച്ചു. എന്നാല്‍ സംഘര്‍ഷ സാധ്യത നിലനില്‍ക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ആഭ്യന്തരമന്ത്രി സുശീല്‍ കുമാര്‍ ഷിന്‍ഡെയും അഖിലേഷുമായി ചര്‍ച്ച നടത്തിയതായും കേന്ദ്ര ആഭ്യന്തര സെക്രട്ടറി അനില്‍ ഗോസ്വാമി സംസ്ഥാന ചീഫ് സെക്രട്ടറിയുമായി നിരന്തരം ബന്ധപ്പെടുന്നുണ്ടെന്നും ആര്‍.പി.എന്‍ സിംഗ് പറഞ്ഞു.

അതേസമയം വര്‍ഗീയ സംഘര്‍ഷത്തെക്കുറിച്ച് യുപി സര്‍ക്കാരിന് മുന്നറിയിപ്പ് നല്‍കിയിരുന്നതായി ആഭ്യന്തരമന്ത്രി സുശീല്‍ കുമാര്‍ ഷിന്‍ഡെ അവകാശപ്പെട്ടു. 11 സംസ്ഥാനങ്ങളില്‍ വര്‍ഗീയ സംഘര്‍ഷത്തിന് സാധ്യതയുണ്ടെന്ന കേന്ദ്ര രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോര്‍ട്ടിനെ തുടര്‍ന്നായിരുന്നു ഇതെന്നും അദ്ദേഹം പറഞ്ഞു.