ടിപിയുടെ ശരീരത്തിലുണ്ടായിരുന്നത് ആഴത്തിലുള്ള 14 വെട്ടുകള്‍
Thursday, May 16, 2013 5:59 AM IST
കോഴിക്കോട്: കൊല്ലപ്പെട്ട ആര്‍എംപി നേതാവ് ടി.പി.ചന്ദ്രശേഖരന്റെ ശരീരത്തില്‍ ആഴത്തിലുള്ള 14 വെട്ടുകള്‍ ഉണ്ടായിരുന്നതായി ഫോറന്‍സിക് സര്‍ജന്‍ കോടതിയില്‍ മൊഴി നല്കി. കോഴിക്കോട് മെഡിക്കല്‍ കോളജിലെ ഫോറന്‍സിക് മെഡിസിന്‍ വിഭാഗം അസിസ്റ്റന്റ് പ്രഫസര്‍ ഡോക്ടര്‍ സുജിത് ശ്രീനിവാസാണ് നിര്‍ണായകമായ മൊഴിനല്‍കിയത്.

14 വെട്ടുകള്‍ ഉള്‍പ്പെടെ മൊത്തം 27 മുറിവുകള്‍ ശരീരത്തിലുണ്ടായിരുന്നുവെന്നും വെട്ടാന്‍ ഉപയോഗിച്ച ആയുധങ്ങള്‍ ഫോറന്‍സിക് സയന്‍സ് ലബോറട്ടറിയില്‍ കണ്ടിരുന്നതായും ഡോക്ടര്‍ പറഞ്ഞു. കൊലയാളി സംഘം ഉപയോഗിച്ച അഞ്ചു വാളുകളും ലബോറട്ടറിയില്‍ കണ്ടിരുന്നതായി ഡോക്ടര്‍ മൊഴിനല്‍കി.

51 വെട്ടുകളാണ് ടിപി ചന്ദ്രശേഖരന്റെ ശരീരത്തിലെന്നായിരുന്നു ആദ്യം മതല്‍ പുറത്തു വന്ന റിപ്പോര്‍ട്ട്. എന്നാല്‍ പോസ്റ്റ്്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ മുറിവുകളുടെ എണ്ണം 51 ആണെന്നു പരാമര്‍ശിച്ചിട്ടില്ല. പൊലീസിന്റെ ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ടിലാണ് ഈ എണ്ണം പരാമര്‍ശിച്ചിട്ടുള്ളത്. അതേസമയം, സംഭവ സമയത്ത് മല്‍പ്പിടുത്തം നടന്നുവെന്നും ടി.പിയുടെ ഷര്‍ട്ടിന്റെ ബട്ടണ്‍ പൊട്ടിയത് മല്‍പ്പിടുത്തത്തിന്റെ ഭാഗമാണോയെന്നു പ്രതിഭാഗം വാദിച്ചു.