സച്ചിന്‍ തെണ്ടുല്‍ക്കര്‍ ഇന്ത്യയുടെ ഡോണ്‍ ബ്രാഡ്മാന്‍: മാത്യു ഹെയ്ഡന്‍
Sunday, April 21, 2013 2:17 AM IST
ന്യൂഡല്‍ഹി: സച്ചിന്‍ തെണ്ടുല്‍ക്കര്‍ ഇന്ത്യയുടെ ഡോണ്‍ ബ്രാഡ്മാനാണെന്ന് ഓസ്ട്രേലിയന്‍ മുന്‍ ഓപ്പണര്‍ മാത്യു ഹെയ്ഡന്‍. ഇന്ത്യന്‍ ക്രിക്കറ്റിനെ പുതിയ തലത്തിലേക്ക് ഉയര്‍ത്തിയത് സച്ചിനാണെന്നു പറഞ്ഞു കൊണ്ട് ഓസ്ട്രേലിയന്‍ ക്രിക്കറ്റ് ഇതിഹാസവുമായി ഹെയ്ഡന്‍ സച്ചിനെ താരതമ്യം ചെയ്തത്. ക്രിക്കറ്റിനേക്കാള്‍ വലുതായി സച്ചിന്‍ മാറിയെന്നും ഹെയ്ഡന്‍ ചൂണ്ടിക്കാട്ടി.

'വരും വര്‍ഷങ്ങളില്‍ ഇവിടെ സച്ചിനെക്കുറിച്ച് നിരവധി പുസ്തകങ്ങള്‍ രചിക്കപ്പെടും. അദ്ദേഹത്തെ കേന്ദ്ര കഥാപാത്രമാക്കി സിനിമകള്‍ ഇറങ്ങും. കാരണം അദ്ദേഹം ഇന്ത്യന്‍ ക്രിക്കറ്റിനെ പുതിയ ഉയരങ്ങളിലെത്തിച്ച വ്യക്തിയാണ്. ഇന്ത്യ നാട്ടിലും മറുനാട്ടിലും നിരവധി വിജയങ്ങള്‍ നേടിയതില്‍ സച്ചിനുള്ള പങ്ക് നിസ്തുലമാണ്. അദ്ദേഹം ഇന്ത്യയിലെ ഏറ്റവും മികച്ച കളിക്കാരനാണ്. ഒരര്‍ഥത്തില്‍ ഇന്ത്യയുടെ ഡോണ്‍ ബ്രാഡ്മാനാണ്.- ഹെയ്ഡന്‍ നിരീക്ഷിച്ചു.

ഏറ്റവും മഹാന്‍മാരായ ക്രിക്കറ്റ് താരങ്ങളുടെ പട്ടികയില്‍ ഏറ്റവും മുകളിലായാണ് താന്‍ സച്ചിനെ പ്രതിഷ്ഠിച്ചിരിക്കുന്നതെന്നും ഹെയ്ഡന്‍ വ്യക്തമാക്കി. സച്ചിനെ ഓസ്ട്രേലിയക്കാന്‍ ഇന്ത്യക്കാരനായല്ല കാണുന്നതെന്നു പറഞ്ഞ അദ്ദേഹം ക്രിക്കറ്റ് ലോകത്ത് സച്ചിന്‍ സ്വയം ഒരു ലോകമാണെന്നും സംസ്കാരമാണെന്നും പ്രകീര്‍ത്തിച്ചു. സിഡ്നിയില്‍ ഇരട്ട സെഞ്ചുറി നേടിയ സച്ചിന്റെ ഇന്നിംഗ്സാണ് തനിക്ക് ഏറ്റവും ഇഷ്ടപെപട്ടതെന്നും ഹെയ്ഡന്‍ വ്യക്തമാക്കി.