യുഡിഎഫ് വിടില്ലെന്ന് കെ.കെ. ഷാജു; ജെഎസ്എസ് പിളര്‍പ്പിലേക്ക്
Sunday, April 21, 2013 12:18 AM IST
ആലപ്പുഴ: യുഡിഎഫ് വിട്ട് എല്‍ഡിഎഫില്‍ ചേരില്ലെന്ന് ജെഎസ്എസ് നേതാവ് കെ.കെ. ഷാജു. യുഡിഎഫില്‍ ഇനി നില്‍ക്കാന്‍ കഴിയില്ലെന്ന് ഗൌരിയമ്മ പ്രഖ്യാപിച്ചതിനു മണിക്കൂറുകള്‍ക്കകമാണ് ഷാജു നിലപാട് വ്യക്തമാക്കിയത്. ഇതോടെ ഗൌരിയമ്മ യുഡിഎഫ് വിട്ടാല്‍ ജെഎസ്എസ് പിളരുമെന്ന് ഉറപ്പായി. ജനറല്‍ സെക്രട്ടറി രാജന്‍ ബാബു അടക്കമുള്ളവര്‍ ഗൌരിയമ്മയ്ക്കൊപ്പമാകും നിലകൊള്ളുക.

ഒരു മുണണിയിലിരുന്ന് മറ്റൊരു മുന്നണിയുമായി ചര്‍ച്ച ചെയ്യുന്നത് സദാചാര വിരുദ്ധമാണ്. വിഎസ് ക്ഷണിച്ചത് അദ്ദേഹത്തിന്റെ വ്യക്തിപരമായ അഭിപ്രായമാണ്. എല്‍ഡിഎഫിന്റെ നിലപാട് പറയാന്‍ അദ്ദേഹത്തിനു കഴിയില്ലെന്നും ഷാജു പറഞ്ഞു. പിസി ജോര്‍ജിന്റെ വിവാദ പ്രസ്താവനകള്‍ക്ക് കെഎം മാണി മാപ്പു പറഞ്ഞതാണ്. ഗൌരിയമ്മ അത്് അംഗീകരിക്കുകയാണ് വേണ്ടതതെന്നും ഷാജു പറഞ്ഞു.

ഇന്നല്‍െ നടന്ന സംസ്ഥാന സെന്റര്‍ യോഗത്തില്‍നിന്ന് ഷാജു ഇറങ്ങിപ്പോയിരുന്നു. യുഡിഎഫ് വിടണമെന്ന അഭിപ്രായത്തോടുള്ള വിയോജിപ്പ് രേഖപ്പെടുത്താനാണ് ഇറങ്ങിപ്പോയതെന്ന് അദ്ദേഹത്തോട് അടുപ്പമുള്ള വൃത്തങ്ങള്‍ പറഞ്ഞു. വ്യക്തമായ നയം വിശദീകരിക്കാതെ മുന്നണി വിടുന്നതിനോടു യോജിപ്പില്ലെന്നാണ് ഷാജുവിന്റെ നിലപാട്. യോഗത്തില്‍ പങ്കെടുത്ത 75 പേരില്‍ അഞ്ചു പേര്‍ മാത്രമാണ് ഗൌരിയമ്മയുടെ നിലപാടിനോടു വിയോജിച്ചത്.