ഗണേഷിനെതിരേ ഗാര്‍ഹിക പീഡനത്തിന് കേസില്ല; അന്വേഷണം ഉമാ ബഹ്റയ്ക്ക്
Monday, April 1, 2013 11:59 PM IST
തിരുവനന്തപുരം: രാജിവച്ച മന്ത്രി ഗണേഷ് കുമാറിനെതിരേ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. സ്ത്രീധന പീഡനത്തിനും അന്യായമായി തടങ്കലില്‍ വച്ചതിനും ശാരീരികമായി പീഡിപ്പിച്ചതിനുമാണ് കേസ്. അതേസമയം ഗാര്‍ഹിക പീഡന നിയമത്തിന്റെ വകുപ്പുകള്‍ ഉള്‍പ്പെടുത്തിയിട്ടില്ല. ഇത്തരമൊരു ആവശ്യം ഉന്നയിക്കാത്തതിനാലാണ് അതുപ്രകാരമുള്ള വകുപ്പുകള്‍ ചേര്‍ക്കാതിരുന്നതെന്ന് .പോലീസ് പറഞ്ഞു. അതേസമയം ഗണേഷിന്റെയും യാമിനിയുടെയും പരാതി ക്രൈംബ്രാഞ്ചിന് കൈമാറാനും സര്‍ക്കാര്‍ തീരുമാനിച്ചു. അന്വേഷണച്ചുമതല ക്രൈംബ്രാഞ്ച് കൊല്ലം എസ്പി ഉമാ ബഹ്റയ്ക്ക് നല്‍കിക്കൊണ്്ട് സര്‍ക്കാര്‍ ഉത്തരവിറക്കി.

ഗണേഷിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ ഭാര്യ യാമിനി തങ്കച്ചിക്കെതിരേയും പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്്ട്. അതിനിടെ ഗണേഷ് മുന്‍കൂര്‍ ജാമ്യത്തിനു ശ്രമിക്കുന്നതായി റിപ്പോര്‍ട്ടുണ്്ട്. അറസ്റ്റിനു സാധ്യതയുള്ളതിനാലാണ് അദ്ദേഹം മുന്‍കൂര്‍ ജാമ്യത്തിനു ശ്രമിക്കുന്നത്.

ഇന്നലെ മുഖ്യമന്ത്രിക്കു പരാതി നല്‍കിയതിനു പിന്നാലെയാണ് ഗണേഷിന്റെ ഭാര്യ യാമിനി തങ്കച്ചി മ്യൂസിയം പോലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കിയത്. തുടര്‍ന്ന് യാമിനിയുടേയും മകന്റെയും മൊഴി പോലീസ് എടുത്തിരുന്നു. ഇതിനുശേഷമാണ് എഫ്ഐആര്‍ തയാറാക്കിയത് ജാമ്യമില്ലാ വകുപ്പുകള്‍ ഉള്‍പ്പെടുത്തിയതും. ഇതിനു പിന്നാലെ ഗണേഷ് കുമാര്‍ മന്ത്രിസ്ഥാനം രാജിവയ്ക്കുകയും ചെയ്തു.