സമനില "റാഞ്ചി' ഓസീസ്
Monday, March 20, 2017 2:29 PM IST
റാഞ്ചി: ഇന്ത്യയ്ക്കെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ഓസ്ട്രേലിയ പൊരുതി സമനില നേടി. മധ്യനിരയിൽ പീറ്റർ ഹാൻഡ്സ്കോം ഷോണ്‍ മാർഷ് എന്നിവരുടെ പോരാട്ട വീര്യമാണ് ഓസീസിന് ജയത്തിന് തുല്യമായ സമനില സമ്മാനിച്ചത്. അവസാന ദിനം ഇന്ത്യയുടെ വിജയം എട്ട് വിക്കറ്റ് അകലെയായിരുന്നു. എന്നാൽ ഇന്ന് നാല് വിക്കറ്റ് നേടാനെ വിരാട് കോഹ്‌ലിക്കും സംഘത്തിനും കഴിഞ്ഞുള്ളൂ. ഓസീസ് രണ്ടാം ഇന്നിംഗ്സിൽ 204/6 എ്ന്ന നിലയിൽ എത്തിയപ്പോൾ മത്സരം സമനിലയായി പ്രഖ്യാപിക്കുകയായിരുന്നു.

എട്ട് വിക്കറ്റ് നേടാനിറങ്ങിയ ഇന്ത്യയ്ക്ക് വിനയായത് അഞ്ചാം വിക്കറ്റിൽ ഒത്തുചേർന്ന ഹാൻഡ്സ്കോം-ഷോണ്‍ മാർഷ് സഖ്യമാണ്. ഇരുവരും പൊരുതി നേടിയ അർധ സെഞ്ചുറികൾ ഇന്ത്യയുടെ വിജയം തട്ടിയകറ്റുകയായിരുന്നു. സഖ്യം 124 റണ്‍സ് കൂട്ടിച്ചേർത്ത് ഓസീസിനെ തോൽവിയുടെ കരയിൽ നിന്നും കയറ്റി.

ഇന്ത്യയ്ക്ക് വേണ്ടി രവീന്ദ്ര ജഡേജ നാല് വിക്കറ്റ് വീഴ്ത്തി. മത്സരത്തിൽ ഒൻപത് വിക്കറ്റും അർധ സെഞ്ചുറിയും നേടി ജഡേജ മിന്നുന്ന പ്രകടനമാണ് പുറത്തെടുത്തത്. ടെസ്റ്റിൽ ഇരട്ട സെഞ്ചുറിയിലൂടെ ഇന്ത്യയ്ക്ക് ഒന്നാം ഇന്നിംഗ്സ് ലീഡ് സമ്മാനിച്ച ചേതേശ്വർ പൂജാരയാണ് മാൻ ഓഫ് ദ മാച്ച്.

സമനിലയോടെ പരന്പരയിലെ അവസാന ടെസ്റ്റ് നിർണായകമായി. ആദ്യ രണ്ടു ടെസ്റ്റുകളിൽ ഓരോന്ന് വീതം ജയിച്ച് ഇന്ത്യയും ഓസ്ട്രേലിയയും തുല്യത പാലിക്കുകയാണ്. പരന്പരയിലെ നാലാം ടെസ്റ്റ് 25ന് ധർമശാലയിൽ തുടങ്ങും.

സ്കോർ: ഓസ്ട്രേലിയ ഒന്നാം ഇന്നിംഗ്സ് 451, രണ്ടാം ഇന്നിംഗ്സ് 204/6. ഇന്ത്യ ഒ്ന്നാം ഇന്നിംഗ്സ് 603/9 ഡിക്ലയേർഡ്.