എസ്എംഇയിൽ സഹപാഠി തീവച്ചുകൊന്ന ലക്ഷ്മിക്ക് ഒന്നാം റാങ്ക്
Saturday, March 18, 2017 12:01 PM IST
കോട്ടയം: എംജി സർവകലാശാലയുടെ ഇത്തവണത്തെ ഫിസിയോതെറാപ്പി (ബിപിടി) കോഴ്സിന്‍റെ റാങ്ക് ജേതാവ് ഇന്ന് ഈ ലോകത്തില്ല. ഗാന്ധിനഗർ എസ്എംഇ കോളജിൽ സഹപാഠി പെട്രോളൊഴിച്ച് തീവച്ചു കൊലപ്പെടുത്തിയ ഹരിപ്പാടി ചിങ്ങോലി ശങ്കരമംഗലത്ത് ലക്ഷ്മിക്കാണ് ഇത്തവണത്തെ ഒന്നാം സ്ഥാനം. രണ്ടാം വർഷ പരീക്ഷയിൽ ക്ലാസ് തലത്തിൽ രണ്ടാം സ്ഥാനക്കാരിയായിരുന്നു ലക്ഷ്മി.

കഴിഞ്ഞ ദിവസമാണ് മൂന്നാം വർഷ ഫിസിയോതെറാപ്പിയുടെ ഫലം സർവകലാശാല പ്രഖ്യാപിച്ചത്. തങ്ങളുടെ പൊന്നുമോൾക്കാണ് റാങ്ക് ലഭിച്ചതെന്ന് അറിഞ്ഞതോടെ അമ്മ ഉഷാറാണിയും അച്ഛൻ കൃഷ്ണകുമാറും കണ്ണീർക്കടലിലായി. ലക്ഷ്മിയുടെ സുഹൃത്തുക്കളാണ് റാങ്ക് നേട്ടം വീട്ടിലറിയിച്ചത്.

കഴിഞ്ഞ ഫെബ്രുവരി ഒന്നിനാണ് കോളജിലെ പൂർവ വിദ്യാർഥിയായ ആദർശ് പ്രണയാഭ്യർഥന നിരസിച്ചതിന് ലക്ഷ്മിയെ പെട്രോളൊഴിച്ച് തീവച്ചു കൊന്നത്. എസ്എംഇ കോളജ് ലൈബ്രറിയിൽ വച്ചാണ് സംഭവമുണ്ടായത്. ലക്ഷ്മിയെ തീവച്ചതിനൊപ്പം ആദർശും സ്വയം തീവച്ചിരുന്നു. ഇരുവരും മരണത്തിന് കീഴടങ്ങുകയായിരുന്നു.