കുടിയേറ്റ നിയന്ത്രണം: പഴുതടച്ച നിയമം കൊണ്ടുവരുമെന്ന് ട്രംപ്
Friday, February 17, 2017 11:07 AM IST
വാഷിടംഗ്ടണ്‍: സുപ്രീം കോടതിയിൽ അപ്പീൽ പോകുന്നതിനു പകരം കുടിയേറ്റ നിയന്ത്രണം ലക്ഷ്യമിട്ട് പഴുതടച്ച പുതിയ നിയമം കൊണ്ടു വരുമെന്ന് യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്. കുടിയേറ്റ വിലക്ക് തടഞ്ഞ കോടതി വിധിക്കെതിരേ സമർപ്പിച്ച അപ്പീൽ ട്രംപ് ഭരണകൂടം പിൻവലിക്കുകയും ചെയ്തു. കുടിയേറ്റ നിയന്ത്രണം സംബന്ധിച്ച് അടുത്തയാഴ്ച പഴുതടച്ച എക്സിക്യുട്ടീവ് ഉത്തരവ് പുറത്തിറക്കാനാണ് ട്രംപിന്‍റെ ശ്രമം. ജഡ്ജിമാർ ഉന്നയിച്ച ആശങ്കകൾ പരിഹരിച്ചുകൊണ്ടാകും പുതിയ ഉത്തരവ് പുറത്തിറക്കുകയെന്നും ട്രംപ് പറഞ്ഞു.

ഏഴു മുസ്ലീം രാജ്യങ്ങളിൽനിന്നുള്ളവർക്ക് യുഎസിൽ പ്രവേശന വിലക്ക് ഏർപ്പെടുത്തിയ ജനുവരി 27ലെ എക്സിക്യൂട്ടീവ് ഉത്തരവിനെതിരേ സിയാറ്റിൽ കോടതി പുറപ്പെടുവിച്ച വിധി സാൻഫ്രാൻസിസ്കോ അപ്പീൽ കോടതി ശരിവച്ചത് ട്രംപിനു തിരിച്ചടിയായിരുന്നു. സുപ്രീംകോടതിയിൽ അപ്പീൽ പോയാൽ വിജയസാധ്യത കമ്മിയായ സാഹചര്യത്തിലാണ് വീണ്ടും എക്സിക്യുട്ടീവ് ഉത്തരവ് ഇറക്കുന്നത്.

സിറിയ, യെമൻ, ഇറാൻ, ഇറാക്ക്, ലിബിയ, സോമാലിയ, സുഡാൻ എന്നിവിടങ്ങളിൽനിന്നുള്ളവർ യുഎസിൽ പ്രവേശിക്കുന്നതു 90 ദിവസത്തേക്കു വിലക്കിക്കൊണ്ടുള്ള ഉത്തരവാണ് ജനുവരി 27നു പുറപ്പെടുവിച്ചത്. തീവ്രവാദികളിൽനിന്നു രാജ്യത്തെ രക്ഷിക്കാൻ ഇതാവശ്യമാണെന്നായിരുന്നു ട്രംപിന്‍റെ നിലപാട്. എന്നാൽ ഇതിനെ സാധൂകരിക്കാനാവശ്യമായ തെളിവു ഹാജരാക്കാൻ സർക്കാരിനായില്ലെന്നു പറഞ്ഞാണു സാൻഫ്രാൻസിസ്കോ കോടതി കീഴ്ക്കോടതി വിധിക്കെതിരേ സമർപ്പിച്ച അപ്പീൽ തള്ളിയത്.