മീങ്കുന്നം പള്ളിയിൽ നേർച്ചപ്പെട്ടികൾ തകർത്ത് കവർച്ച; മോഷണദൃശ്യങ്ങൾ സിസിടിവിയിൽ
മീങ്കുന്നം പള്ളിയിൽ നേർച്ചപ്പെട്ടികൾ തകർത്ത് കവർച്ച; മോഷണദൃശ്യങ്ങൾ സിസിടിവിയിൽ
Thursday, December 8, 2016 4:18 PM IST
മൂവാറ്റുപുഴ: എംസി റോഡരികിലെ പ്രശസ്തമായ മീങ്കുന്നം സെന്റ് ജോസഫ്സ് പള്ളിയിൽ നേർച്ചപ്പെട്ടികൾ തകർത്തു മോഷണം. പള്ളിക്കുപുറത്തു സ്‌ഥാപിച്ചിട്ടുള്ള രൂപക്കൂടിലേതുൾപ്പെടെ അഞ്ചുനേർച്ചപ്പെട്ടികൾ തകർത്തു പതിനായിരത്തോളം രൂപ കവർന്നു. ബുധനാഴ്ച രാത്രി 12.30നു ശേഷമാണു മോഷണം നടന്നത്. മോഷണത്തിന്റെ ദൃശ്യങ്ങൾ പള്ളിയിലെ സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്.

ഇന്നലെ പുലർച്ചെ അഞ്ചോടെ പള്ളിയിലെത്തിയ കപ്യാരാണു മോഷണവിവരം ആദ്യം അറിഞ്ഞത്. തുടർന്നു വികാരി ഫാ. ജോൺ കൊച്ചുമുട്ടത്തെ അറിയിക്കുകയായിരുന്നു.

വിവരമറിഞ്ഞ ഉടൻ മൂവാറ്റുപുഴയിൽനിന്നു പോലീസ് സ്‌ഥലത്തെത്തി. പള്ളിയുടെ പോർട്ടിക്കോയിൽ രൂപക്കൂടിനോട് അനുബന്ധിച്ചുള്ള തടിയിലുള്ള നേർച്ചപ്പെട്ടിയാണു മോഷ്‌ടാവ് ആദ്യം തകർത്തതെന്നു സിസിടിവിയിൽ വ്യക്‌തമാണ്. അരമണിക്കൂർ സമയമെടുത്താണ് ഈ നേർച്ചപ്പെട്ടി തുറന്നത്.

പിന്നീടു പള്ളിയുടെ അൾത്താരയോടു ചേർന്നുള്ള വാതിൽ തകർത്ത് അകത്തുകയറാൻ ശ്രമം നടത്തിയെങ്കിലും വിജയിച്ചില്ല. പിന്നീട് സിസിടിവിയില്ലാത്ത ഭാഗത്തെ വാതിൽ പൊളിച്ചു പള്ളിക്കകത്തു കയറി. അരമണിക്കൂറോളം സമയമെടുത്താണു മോഷ്ടാവ് ഈ വാതിൽ തുറന്നത്. വാതിലിന്റെ കൊളുത്തും പൂട്ടുകളും ആയുധമുപയോഗിച്ചു തകർക്കുകയായിരുന്നു. പള്ളിക്കുള്ളിൽ നാലുഭാഗങ്ങളിലായി രൂപങ്ങളുടെ അടുത്തുവച്ചിരുന്ന നേർച്ചപ്പെട്ടികൾ ഓരോന്നായി പള്ളിക്കു പുറത്തുകൊണ്ടുവന്നു പൂട്ട് തകർത്തു പണം കവരുകയായിരുന്നു.


ദൃശ്യങ്ങൾ സിസിടിവിയിൽ പതിഞ്ഞിട്ടുണ്ടെങ്കിലും മോഷ്ടാവിനെ തിരിച്ചറിയാൻ സാധിച്ചിട്ടില്ല. ആറടിയിലേറെ ഉയരം തോന്നിക്കുന്ന ദൃഢഗാത്രനായ കണ്ണാടി വച്ചയാളാണു മോഷ്‌ടാവ്.

മുഖമുൾപ്പെടെ ശരീരമാസകലം തുണി ഉപയോഗിച്ചു മറച്ചിരുന്നു. കൈയിൽ ഗ്ലൗസ് അണിഞ്ഞിരുന്നതായും ദൃശ്യങ്ങളിൽനിന്നു വ്യക്‌തമാണ്. നീളം കൂടിയ കമ്പിയും മറ്റ് ആയുധങ്ങളും മോഷ്ടാവിന്റെ കൈവശമുണ്ടായിരുന്നു. അർധരാത്രി 12.20ഓടെ പള്ളിയിലെത്തിയ മോഷ്ടാവ് മണിക്കൂറുകൾക്കു ശേഷമാണു സ്‌ഥലംവിട്ടത്.

പള്ളിയുടെ താഴ്ഭാഗത്തു റോഡിരികിലുള്ള പ്രശസ്തമായ പിയേത്തയ്ക്കു സമീപം സെക്യൂരിറ്റിയെ നിയോഗിച്ചിട്ടുണ്ടെങ്കിലും ഇദ്ദേഹം മോഷണം വിവരം അറിഞ്ഞില്ല. മൂവാറ്റുപുഴ ഡിവൈഎസ്പി കെ. ബിജുമോന്റെ നേതൃത്വത്തിലുള്ള സംഘം പള്ളിയിലെത്തി പരിശോധന നടത്തി.

എസ്ഐ മനുരാജിന്റെ നേതൃത്വത്തിൽ പ്രത്യേക ക്വാഡ് രൂപീകരിച്ചാണ് അന്വേഷണം. ആലുവയിൽനിന്നു വിരലടയാള വിദഗ്ധരെത്തി തെളിവുകൾ ശേഖരിച്ചു. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചാണു പോലീസ് അന്വേഷണം നടത്തുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.