ഐഎൻപിഎ സെക്രട്ടേറിയറ്റ് ധർണ
Tuesday, December 6, 2016 3:29 PM IST
കൊച്ചി: വിദ്യാഭ്യാസ വായ്പയെടുത്തവരുടെ ജപ്തി നടപടികൾ എന്നന്നേക്കുമായി അവസാനിപ്പിച്ച്, വായ്പാ ബാധ്യത പൂർണമായും സർക്കാർ ഏറ്റെടുക്കണമെന്നാവശ്യപ്പെട്ട് ഇന്ത്യൻ നഴ്സസ് പേരന്റ്സ് അസോസിയേഷൻ (ഐഎൻപിഎ) 14, 15 തീയതികളിൽ സെക്രട്ടേറിയറ്റിനു മുന്നിൽ ധർണ നടത്തും. കടക്കെണിയിലായ വിദ്യാർഥികളും രക്ഷിതാക്കളും ധർണയിൽ പങ്കെടുക്കുമെന്ന് ഐഎൻപിഎ ജില്ലാ ഭാരവാഹികൾ അറിയിച്ചു. ഹൈക്കോടതി ബാർ അസോസിയേഷൻ ഹാളിൽ സംഘടിപ്പിച്ച ഐഎൻപിഎ ജില്ലാ കൺവൻഷനിലാണ് ഇതുസംബന്ധിച്ച തീരുമാനമുണ്ടായത്.

വിദ്യാഭ്യാസ വായ്പയെടുത്ത് ആത്മഹത്യ ചെയ്യുന്നവരുടെ നാടായി കേരളം മാറാതിരിക്കാൻ സർക്കാർ അടിയന്തര നടപടികൾ കൈക്കൊള്ളണമെന്നു കൺവൻഷൻ ആവശ്യപ്പെട്ടു. വിദ്യാഭ്യാസത്തിനു വേണ്ടി വായ്പയെടുക്കുകയും സ്‌ഥിരമായി ജോലിയോ മെച്ചപ്പെട്ട വരുമാനമോ ലഭിക്കാതെ കടക്കെണിയിലകപ്പെട്ട് വിദ്യാർഥികളും രക്ഷിതാക്കളും ജപ്തി നടപടികളിലും കോടതി കേസുകളിലും അകപ്പെട്ടിരിക്കുകയാണ്. രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ എസ്ബിഐ ഉൾപ്പെടെയുള്ള ബാങ്കുകളിൽ നിന്നു വായ്പയെടുത്ത് വിജയ് മല്യയടക്കം വമ്പൻ കുത്തക വ്യവസായികളുടെ 60,000ഓളം കോടി രൂപയാണ് കഴിഞ്ഞ സാമ്പത്തിക വർഷം കേന്ദ്രസർക്കാർ എഴുതിത്തള്ളിയത്. ഈ വർഷവും ഇതേനിലപാട് തന്നെ സ്വീകരിക്കാനാണ് സർക്കാരും ബാങ്കുകളും തീരുമാനിച്ചിരിക്കുന്നത്. ബാങ്കുകളുടെ നിരന്തരമായ ഭീഷണിയിൽ ഭയന്ന് ഇതിനോടകം കേരളത്തിൽ 28 പേരാണ് ജീവനൊടുക്കിയത്.


വിദ്യാഭ്യാസ വായ്പയുടെ ബാധ്യത തീർക്കാൻ തുക വകയിരുത്തുമെന്നു മന്ത്രി എ.കെ.ബാലന്റെ പ്രസ്താവനയും ജപ്തിയിലൂടെ ഒരാളേയും സ്വന്തം വീടുകളിൽ നിന്ന് ഇറക്കിവിടില്ലെന്ന മുഖ്യമന്ത്രിയുടെയും നിയമസഭാ പ്രഖ്യാപനം പത്രത്താളുകളിൽ ഒതുക്കിയിരിക്കുകയാണെന്നും കൺവൻഷൻ കുറ്റപ്പെടുത്തി. റിലയൻസിന്റെ ഗുണ്ടകൾ രാത്രി സമയത്തും വീടുകളിലെത്തി പല രീതിയിൽ ഭീഷണിപ്പെടുത്തുന്നു.

വായ്പ തിരിച്ചുപിടിക്കാൻ കുത്തക കമ്പനിയെ ഏൽപ്പിച്ച ജനദ്രോഹ നടപടി പിൻവലിക്കുന്നതിന് പകരം ഊർജിതപ്പെടുത്തുവാനാണ് പ്രധാനമന്ത്രിയുടെ നിർദേശമെന്നും കൺവൻഷൻ ആരോപിച്ചു. അസോസിയേഷൻ സംസ്‌ഥാന കമ്മിറ്റിയംഗം സി.കെ. ശിവദാസൻ കൺവൻഷൻ ഉദ്ഘാടനം ചെയ്തു.

ജപ്തി വിരുദ്ധ സമിതി ജില്ലാ കോ–ഓർഡിനേറ്റർ കെ.ഒ. ഷാൻ, ഐഎൻപിഎ ജില്ലാ സെക്രട്ടറി മേരി തോമസ്, കെ.പി. സാൽവിൻ, കമ്മിറ്റിയംഗങ്ങളായ എം.കെ. ഉഷ, എം.പി. സുധ തുടങ്ങിയവർ പ്രസംഗിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.