ജയലളിത ഇന്ത്യകണ്ട അസാധാരണ രാഷ്ട്രീയ പ്രതിഭ– പിണറായി വിജയൻ
ജയലളിത ഇന്ത്യകണ്ട അസാധാരണ രാഷ്ട്രീയ പ്രതിഭ– പിണറായി വിജയൻ
Tuesday, December 6, 2016 3:29 PM IST
തിരുവനന്തപുരം: ഇന്ത്യ കണ്ട അസാധാരണ രാഷ്ട്രീയ പ്രതിഭയായിരുന്നു തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അനുസ്മരിച്ചു. അന്യാദൃശമായ നേതൃപാടവം, അത്യപൂർവമായ ഭരണനൈപുണ്യം എന്നിവ ഇന്ത്യൻ രാഷ്ട്രീയത്തിൽ ജയലളിതയെ വേറിട്ട വ്യക്‌തിത്വത്തിന് ഉടമയാക്കി. കേരളത്തോടു സവിശേഷ മമത പുലർത്തിയിരുന്ന അവർ എന്നും തമിഴർക്കും മലയാളികൾക്കുമിടയിൽ സാഹോദര്യം നിലനിൽക്കുന്നതിനുവേണ്ടി പരിശ്രമിച്ചു.

കലാരംഗത്തുനിന്നും രാഷ്ട്രീയരംഗത്തേക്ക് വരികയും ചുരുങ്ങിയ നാളുകൾക്കുളളിൽ രാഷ്ട്രീയരംഗത്തെ തന്റെ അസാമാന്യമായ വ്യക്‌തിപ്രഭാവം കൊണ്ട് മാറ്റിമറിക്കുകയും ചെയ്തു ജയലളിത. തമിഴ് ജനതയുടെ മനസിൽ മായാത്ത മാതൃബിംബമായി അവർ ഉയർന്നു. ദരിദ്ര ജനവിഭാഗങ്ങൾക്ക് ആശ്വാസമരുളുന്ന ഒട്ടനവധി നടപടികളിലൂടെ അവർ തമിഴ് ജനതയുടെയാകെ തന്നെ സ്നേഹവിശ്വാസങ്ങൾ ആർജിച്ചു. ഒരു ജനതയുടെ മനസിനെയും ഭാഗധേയത്തേയും ഇത്രയധികം സ്വാധീനിച്ച മുഖ്യമന്ത്രിമാർ നമ്മുടെ രാജ്യത്ത് അധികമില്ല.

പൊതുവേ പുരുഷാധിപത്യപരമായ രാഷ്ട്രീയരംഗത്ത് സ്ത്രീത്വം ഒരുവിധത്തിലും പോരായ്മയല്ല മറിച്ച് മികവാണ് എന്ന് അവർ തെളിയിച്ചു. എംജിആറിന്റെ മരണശേഷം പ്രായോഗിക രാഷ്ട്രീയത്തിൽ ജയലളിതക്കു മുമ്പിൽ ഒട്ടനവധി പ്രതികൂല ഘടകങ്ങളുണ്ടായിരുന്നു. ആ പ്രതികൂല ഘടകങ്ങളെയെല്ലാം ജനങ്ങളെ കൂടെനിർത്തിക്കൊണ്ട് അതിജീവിക്കുകയായിരുന്നു. അങ്ങനെ തമിഴ്നാട്ടിലെ എം ജി ആർ രാഷ്ട്രീയശൈലിയുടെ തുടർക്കണ്ണിയായി ജയലളിത ജനമനസുകളിൽ സ്‌ഥാനം നേടി.

സംസ്‌ഥാനങ്ങളുടെ ന്യായമായ അവകാശങ്ങൾ നേടിയെടുക്കുന്നതിനും അങ്ങനെ ഭരണഘടനയുടെ ഫെഡറൽ സ്പിരിറ്റ് ഉയർത്തിപ്പിടിക്കുന്നതിനും മുഖ്യമന്ത്രി എന്ന നിലയിൽ ജയലളിത പല ഘട്ടങ്ങളിലും വഹിച്ച നേതൃപരമായ പങ്ക് വിസ്മരിക്കാവുന്നതല്ല. രാജ്യസഭാംഗമെന്ന നിലയിലും നിയമസഭാംഗമെന്ന നിലയിലും മുഖ്യമന്ത്രിയെന്ന നിലയിലുമൊക്കെ അവർ സ്വന്തം നാടിന്റെ മനസും ശബ്ദവുമായി നിലനിൽന്നു. അതിനെ തമിഴ് ജനത മനസുകൊണ്ട് അംഗീകരിക്കുകയുമായിരുന്നു.

ചലച്ചിത്രരംഗത്ത് അസാമാന്യപ്രതിഭയായി തിളങ്ങിനിന്ന ഘട്ടത്തിലാണ് ജയലളിത ആ രംഗം ഉപേക്ഷിച്ച് രാഷ്ട്രീയത്തിലേക്ക് വന്നത്. കലാരംഗത്തിനുണ്ടായ നഷ്‌ടം രാഷ്ട്രീയരംഗത്തിന് മുതൽക്കൂട്ടായി എന്നു പറയാം. എന്തായാലും മികച്ച അഭിനേത്രി എന്ന നിലയിൽ ജയലളിത ചലച്ചിത്രരംഗത്തിനു നൽകിയ സംഭാവനകൾ ഗൃഹാതുരത്വത്തോടെ ഓർക്കുന്ന വലിയൊരു ആസ്വാദകസമൂഹമുണ്ട്.

ദ്രാവിഡ രാഷ്ട്രീയത്തിനു കൃത്യമായ മാർഗനിർദേശം നൽകി അതിനെ പുതിയ മാനങ്ങളിലേക്ക് ഉയർത്തിയ വ്യക്‌തി എന്ന നിലയിൽ രാഷ്ട്രീയചരിത്രം ജയലളിതയെ അടയാളപ്പെടുത്തുമെന്നതു നിശ്ചയമാണ്. ജനോപകാരപ്രദമായ നിരവധി പദ്ധതികൾ നടപ്പാക്കിയ ഭരണാധികാരി എന്ന നിലയിലും സംസ്‌ഥാനാവകാശങ്ങൾ സംരക്ഷിക്കുന്ന വിധത്തിൽ കേന്ദ്ര–സംസ്‌ഥാന ബന്ധങ്ങളിൽ മാറ്റം വരുത്താൻ ഇടപെട്ട നേതാവ് എന്ന നിലയിലും ജയലളിതയുടെ സംഭാവനകൾ സ്മരിക്കപ്പെടും. ജയലളിതയുടെ വിയോഗം തമിഴ്നാടിനു മാത്രമല്ല ഇന്ത്യയ്ക്ക് പൊതുവിലുള്ള നഷ്‌ടമാണ്. കേരളത്തെ സംബന്ധിച്ചിടത്തോളം സാഹോദര്യത്തോടെ അയൽപക്കത്തു നിലകൊണ്ടിരുന്ന ഒരു ഭരണാധികാരിയെയാണ് നഷ്‌ടപ്പെടുന്നത്. ബന്ധപ്പെട്ട എല്ലാവരുടെയും തീവ്രമായ ദുഃഖത്തിൽ പങ്കുചേരുന്നു. ഹൃദയപൂർവമായ അനുശോചനം രേഖപ്പെടുത്തുന്നുവെന്നു മുഖ്യമന്ത്രി അനുശോചന സന്ദേശത്തിൽ അറിയിച്ചു.

നഷ്‌ടമായത് അപൂർവ മാതൃസ്പർശം: ഗവർണർ

തിരുവനന്തപുരം: സമകാലികഭാരതം കണ്ട വനിതാ രാഷ്ട്രീയ നേതാക്കളിൽ ഏറ്റവും പ്രഗത്ഭയും തമിഴ്നാടിന്റെ പ്രിയ മുഖ്യമന്ത്രിയുമായ ജയലളിതയുടെ നിര്യാണത്തിലുള്ള, രാജ്യത്തെ ജനങ്ങളുടെ, വിശേഷിച്ചും തമിഴകത്തെ ജനങ്ങളുടെ അഗാധദുഃഖത്തിൽ പങ്കുചേരുന്നുവെന്ന് ഗവർണർ പി.സദാശിവം അറിയിച്ചു. ദൃഢനിശ്ചയവും, ഒരു മനുഷ്യസ്നേഹിയുടെ അനുകമ്പയും ഒരുപോലെ ഒത്തിണങ്ങിയ വ്യക്‌തിത്വം. കഴിഞ്ഞ മൂന്നു ദശകങ്ങളിലായി അനേകം ക്ഷേമപദ്ധതികളിലൂടെ ലക്ഷക്കണക്കിനു ജനങ്ങളുടെ ജീവിതത്തിൽ പ്രകാശം പരത്തിയ അപൂർവ മാതൃസ്പർശമാണ് ഈ നിര്യാണത്തിലൂടെ നഷ്‌ടമാവുന്നതെന്നു ഗവർണർ സന്ദേശത്തിൽ പറഞ്ഞു.


ജയലളിതയുടേതു സഹജമായ നേതൃത്വശൈലി: മാർ ആലഞ്ചേരി

കൊച്ചി: സഹജമായ നേതൃത്വ ശൈലിയിലൂടെ തമിഴ് ജനതയുടെ മനസിൽ ഇടം നേടിയ സവിശേഷ വ്യക്‌തിത്വമാണ് അന്തരിച്ച തമിഴ്നാട് മുഖ്യമന്ത്രി ജെ. ജയലളിതയുടേതെന്നു സീറോ മലബാർ സഭ മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി. തമിഴ് ജനതയുടെ വികാരങ്ങളും വിചാരങ്ങളും ഒപ്പിയെടുത്ത് അവയെ തൃപ്തിപ്പെടുത്തുന്ന രീതിയിൽ രാഷ്ട്രീയപ്രവർത്തനവും ഭരണരീതിയും ക്രമപ്പെടുത്താൻ ജയലളിതയ്ക്കു സാധിച്ചു.

രാജ്യം മുഴുവൻ അവരുടെ പ്രവർത്തനങ്ങളേയും വിയോഗത്തേയും ശ്രദ്ധയോടെ വീക്ഷിക്കാൻ കാരണവും കരുത്തുള്ള ആ നേതൃത്വ ശൈലിയാണ്. 14 വർഷം തമിഴ്നാട്ടിലെ തക്കലരൂപതയുടെ അധ്യക്ഷനായി പ്രവർത്തിച്ചപ്പോൾ തനിക്കതു ബോധ്യമായതാണെന്നും മാർ ആലഞ്ചേരി അനുശോചന സന്ദേശത്തിൽ പറഞ്ഞു.

തമിഴ് ജനതയിൽ ഒരു വിഭാഗമെങ്കിലും വൈകാരികമായി ആ വ്യക്‌തിത്വത്തോട് അലിഞ്ഞുചേരുന്നവരാണ്. അതവരുടെ ശക്‌തിയും ദൗർബല്യവുമായി കാണുന്നവരുണ്ട്. എങ്ങനെയായാലും അതു സത്യമാണെന്നതു നിഷേധിക്കാനാവില്ല. ഭരണനേതൃത്വത്തിൽ വന്ന ഇതരവ്യക്‌തിത്വങ്ങളോടും തമിഴ് ജനതയ്ക്കു വൈകാരിക ഐക്യമാണുണ്ടായിരുന്നത്.

അണ്ണാദുരൈ, എംജിആർ തുടങ്ങിയവരുടെ പേരുകൾ ഭാരതജ നതയ്ക്കു മുഴുവൻ സുപരിചിതമാകുന്നത് ഈ സവിശേഷത യിലാണ്.

തമിഴ് ജനതയോടു സഗാഢം ഇഴുകിച്ചേർന്ന് ആ സംസ്‌ഥാന ത്തെ അഭിവൃദ്ധിയിലേക്കു നയിച്ച ജയലളിതയുടെ സ്മരണയിൽ ആദരവ് അർപ്പിക്കുന്നുവെന്നും മാർ ആലഞ്ചേരി അനുശോചന സന്ദേശത്തിൽ പറഞ്ഞു.

പാവങ്ങളോടു കരുതൽ കാട്ടിയ നേതാവ്: മാർ ക്ലീമിസ്

കൊച്ചി: പാവങ്ങളോടുള്ള കരുതൽ ഭരണതലങ്ങളിൽ പ്രതിഫലിപ്പിച്ച ജനകീയ നേതാവായിരുന്നു അന്തരിച്ച തമിഴ്നാട് മുൻ മുഖ്യമന്ത്രി ജയലളിതയെന്നു കെസിബിസി പ്രസിഡന്റും സീറോ മലങ്കര സഭ മേജർ ആർച്ച്ബിഷപ്പുമായ കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാബാവ. പിഒസിയിൽ നടക്കുന്ന കെസിബിസി സമ്മേളനം ജയലളിതയുടെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി.

രാഷ്ട്രീയത്തിലും ഭരണത്തിലും നേതൃത്വത്തിനു തനതായ മുഖം നൽകാൻ ജയലളിതയ്ക്കു സാധിച്ചു. ജനങ്ങളുടെ മനസറിഞ്ഞു നിലപാടുകൾ രൂപപ്പെടുത്താനും പ്രയോഗതലത്തിൽ എത്തിക്കാനും പ്രത്യേകം ശ്രദ്ധിച്ചതു ദേശീയതലത്തിൽ ജയലളിതയെ ശ്രദ്ധേയയാക്കി. തമിഴ്ജനതയുടെ ഹൃദയങ്ങളിൽ ചിരപ്രതിഷ്ഠ നേടിയ ജയലളിതയുടെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തുന്നതായും കർദിനാൾ സന്ദേശത്തിൽ പറഞ്ഞു.

സാധാരണക്കാരുടെ മുഖ്യമന്ത്രി: മമ്മൂട്ടി

കൊച്ചി: അന്തരിച്ച തമിഴ്നാട് മുഖ്യമന്ത്രി ജെ. ജയലളിതയുടേതു സമാനതകളില്ലാത്ത വ്യക്‌തിത്വമെന്നു നടൻ മമ്മൂട്ടി. അവർ ഭരണത്തിലൂടെ സാധാരണക്കാർക്കു വേണ്ടി പ്രവർത്തിച്ചു. അമ്മയാകാൻ സ്ത്രീ പ്രസവിക്കണമെന്നില്ല എന്നതിനുളള ഏറ്റവും വലിയ തെളിവാണു ജയലളിത. തമിഴ് ജനതയുടെ പ്രസവിക്കാത്ത അമ്മയായിരുന്നു ജയലളിത. സഹജീവികളെ സ്വന്തം മക്കളെപോലെ കാണുകയും അവരുടെ ദൈനംദിന വിഷമങ്ങളിൽ പോലും പങ്കുചേരുകയും സ്ത്രീകളെ ശാക്‌തീകരിക്കുന്നതിനുളള ഒരുപാട് ശ്രമങ്ങളും നിയമവ്യവസ്‌ഥകൾ ഉണ്ടാക്കുകയും ചെയ്ത ഭരണാധികാരിയായിരുന്നു അവർ. ഉരുക്കുവനിതയുടെ വിയോഗം സ്ത്രീസമൂഹത്തിനും രാഷ്ര്‌ടീയത്തിനും തമിഴ്നാടിനും തീരാദുഃഖമാണു സൃഷ്‌ടിച്ചിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.