സ്പോട്ട് അഡ്മിഷൻ വിജ്‌ഞാപനം റദ്ദാക്കി
Friday, October 28, 2016 1:34 PM IST
തിരുവനന്തപുരം: കേരള കാർഷിക സർവകലാശാല ആസ്‌ഥാനത്ത് ബിഎസ്സി (ഓണേഴ്സ്) അഗ്രിക്കൾച്ചർ, ഫോറസ്ട്രി കോഴ്സുകളിലേയ്ക്ക് 31നു നടത്താനിരുന്നു സ്പോട്ട് അഡ്മിഷൻ വിജ്‌ഞാപനം റദ്ദാക്കി. കേരള എൻട്രൻസ് പരീക്ഷാ കമ്മീഷണർ ഇതേ ദിവസം തന്നെ തിരുവനന്തപുരത്തു കേന്ദ്രീകൃത സ്പോട്ട് അഡ്മിഷൻ നടത്തുന്നതിനാലാണ് ഇത്.

എന്നാൽ, കേരള കാർഷിക സർവകലാശാല ബിഎസ്സി (ഓണേഴ്സ്) അഗ്രിക്കൾച്ചർ കോഴ്സിന് നേരിട്ട് പ്രവേശനം നടത്തുന്ന വിഎച്ച്എസ്സി (അഗ്രി) യോഗ്യതയുള്ളവർ, അർധ സൈനിക വിഭാഗങ്ങളിൽനിന്നു വിരമിച്ചവരുടെ മക്കൾ എന്നീ വിഭാഗങ്ങൾക്കുള്ള യഥാക്രമം ആറും രണ്ടും സീറ്റുകളിലേയ്ക്കുള്ള പ്രവേശനം മുൻ നിശ്ചയിച്ച പ്രകാരം 31ന് ഉച്ചയ്ക്ക് 12ന് വെള്ളാനിക്കര സർവകലാശാല ആസ്‌ഥാനത്തെ സെൻട്രൽ ഓഡിറ്റോറിയത്തിൽ നടത്തും.

കേരള എൻട്രൻസ് പരീക്ഷാ കമ്മീഷണർ നടത്തിയ മെഡിക്കൽ പ്രവേശന പരീക്ഷയിൽ റാങ്ക് നേടിയ വിഎച്ച്എസ്സി (അഗ്രി) യോഗ്യതയുള്ളവരോ, അർധസൈനിക വിഭാഗങ്ങളിൽനിന്ന് വിരമിച്ചവരുടെ മക്കളോ ആയ പ്രവേശനാർഥികൾക്ക് മാത്രമേ ഇതിൽ പങ്കെടുക്കാൻ അർഹതയുള്ളു.


പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ 2016 ലെ എൻട്രൻസ് പരീക്ഷയുടെ റാങ്ക്, കാറ്റഗറി വ്യക്‌തമാക്കുന്ന ഡാറ്റാഷീറ്റ്, യോഗ്യത തെളിയിക്കുന്ന രേഖകളുടെ ഒറിജിനൽ/ സാക്ഷ്യപ്പെടുത്തിയ പകർപ്പ്, അർധ സൈനിക വിഭാഗത്തിൽനിന്നു വിരമിച്ചവരുടെ മക്കൾ അത് തെളിയിക്കുന്ന സർട്ടിഫിക്കറ്റ് എന്നീ രേഖകളുമായി പ്രവേശനത്തിന് ഹാജരാകണം. വിശദ വിവരങ്ങൾ കേരള കാർഷിക സർവകലാശാലയുടെ www.kau.in, www.admissions.kau.in എന്നീ വെബ്സൈറ്റുകളിൽ ലഭ്യമാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.