വനിതാ മാധ്യമപ്രവർത്തകർക്കെതിരേ ഫ്ളെക്സ് വച്ച സംഭവം: നടപടിയെടുക്കാൻ ഡിജിപിക്കു വനിതാ കമ്മീഷൻ ശിപാർശ നൽകി
Wednesday, October 26, 2016 12:11 PM IST
തിരുവനന്തപുരം: വഞ്ചിയൂർ കോടതി റിപ്പോർട്ടിംഗിനെത്തിയ വനിതാ മാധ്യമ പ്രവർത്തകർക്കെതിരേ അപകീർത്തികരമായ രീതിയിൽ ഫോട്ടോ പതിച്ച ഫ്ളെക്സ് സ്‌ഥാപിച്ചതിനെതിരേ നടപടി സ്വീകരിക്കാൻ വനിതാ കമ്മീഷൻ ശിപാർശ ചെയ്തു.മുൻമന്ത്രി ഇ.പി. ജയരാജന്റെ ബന്ധുനിയമന കേസ് വഞ്ചിയൂർ വിജിലൻസ് കോടതി പരിഗണനയ്ക്കെടുത്തപ്പോഴാണ് അഭിഭാഷകർ മാധ്യമ പ്രവർത്തകർക്കെതിരേ തിരിയുകയും സംഘർഷമുണ്ടാക്കുകയും ചെയ്തത്.

വനിതാ മാധ്യമ പ്രവർത്തകരുടെ ചിത്രം പതിച്ച് അവർക്ക് അപകീർത്തികരമായ കാര്യങ്ങൾ എഴുതി ബോർഡുകൾ സ്‌ഥാപിച്ച സംഭവം സ്ത്രീകളെ മോശമായി ചിത്രീകരിക്കൽ നിരോധന നിയമ പ്രകാരം ഗൗരവമായിക്കണ്ടു നടപടി സ്വീകരിക്കണമെന്നാണ് വനിതാ കമ്മീഷൻ അധ്യക്ഷ കെ.സി. റോസക്കുട്ടിയുടെ നിർദേശം. വനിതാമാധ്യമപ്രവർത്തകർക്കെതിരെ ഒരുകൂട്ടം അഭിഭാഷകർ നൽകിയിരിക്കുന്ന പരാതി വ്യാജമാണെന്നു കണ്ടാൽ അതു പിൻവലിക്കാൻ നടപടി സ്വീകരിക്കണമെന്നും അവർ അറിയിച്ചു. സംഭവത്തിൽ കമ്മീഷൻ സ്വമേധയാ കേസെടുക്കാൻ ആലോചിക്കുന്നതിനിടയിലാണ് പത്രപ്രവർത്തകരുടെ പരാതികൾ ലഭിച്ചത്. സംഭവത്തെപ്പറ്റി കമ്മീഷൻ സർക്കാരുമായി ആശയവിനിമയം നടത്തിയെന്നും അവർ പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.