9,000 ലഹരിമരുന്ന് കേസുകൾ: ഋഷിരാജ് സിംഗ്
9,000 ലഹരിമരുന്ന് കേസുകൾ: ഋഷിരാജ് സിംഗ്
Wednesday, September 28, 2016 2:10 PM IST
ചങ്ങനാശേരി: നൂറു ദിവസത്തിനുള്ളിൽ 9,000 ലഹരി മരുന്ന് കേസുകളാണ് കേരളത്തിൽ രജിസ്റ്റർ ചെയ്തതെന്ന് എക്സൈസ് കമ്മീഷണർ ഋഷിരാജ് സിംഗ്. സംസ്‌ഥാന എക്സൈസ് വകുപ്പിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന കേരളത്തിലെ ഏറ്റവും വലിയ ലഹരി വിരുദ്ധ ബോധവത്കരണ കാമ്പയിനു സെന്റ് ജോസഫ് കോളജ് ഓഫ് കമ്യൂണിക്കേഷനിൽ നടന്ന ചടങ്ങിൽ ഉദ്ഘാടനം നിർവഹിച്ചു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ഔട്ട് ഡ്രഗ്സ് ഔട്ട് പോലുള്ള ബോധവത്കരണ പരിപാടിയിലൂടെ സെന്റ് ജോസഫ് കോളജ് ഓഫ് കമ്യൂണിക്കേഷൻ എന്ന മാധ്യമ സ്‌ഥാപനത്തിനു സമൂഹത്തിൽ ഏറെ ചലനങ്ങൾ ഉണ്ടാക്കാൻ കഴിയുമെന്നും അദ്ദേഹം പറഞ്ഞു. തുടർന്ന് അദ്ദേഹം വിദ്യാർഥികൾക്ക് ലഹരി വിരുദ്ധ പ്രതിജ്‌ഞ ചൊല്ലിക്കൊടുത്തു.


ഇതേസമയത്ത് തന്നെ ജില്ലയിലെ വിവിധ സ്കൂളുകളിലെ ഒരു ലക്ഷത്തിൽപരം വിദ്യാർഥികൾ പ്രതിജ്‌ഞ ഏറ്റു ചൊല്ലി. എംജി സർവകലാശാലാ പ്രോവൈസ് ചാൻസലർ ഡോ. ഷീന ഷുക്കൂർ സമ്മേളനം ഉദ്ഘാടനം ചെയ്തു. മാനേജർ മോൺ. ജയിംസ് പാലയ്ക്കൽ, ഡയറക്ടർ ഫാ. ആന്റണി എത്തയ്ക്കാട്, റവ.ഡോ.ജോസഫ് പാറയ്ക്കൽ, ഫാ. സെബാസ്റ്റ്യൻ പുന്നശേരി, ഫാ.ജോസഫ് പാലയ്ക്കൽ, ചലച്ചിത്രതാരം ശ്രുതി ബാല, പി.ആർ. ഹരിത തുടങ്ങിയവർ നേതൃത്വം നൽകി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.