സി.എന്നിനെതിരായ കേസ്: വ്യാജരേഖ ചമച്ചെന്ന് ആരോപിച്ചുള്ള ഹർജി തള്ളി
Saturday, August 27, 2016 11:10 AM IST
<ആ>സ്വന്തം ലേഖകൻ

തൃശൂർ: മുൻമന്ത്രി സി.എൻ. ബാലകൃഷ്ണൻ അടക്കമുള്ള പ്രതികൾക്കെതിരേ കൺസ്യൂമർ ഫെഡ് അഴിമതിക്കേസ് ഫയൽ ചെയ്തയാൾ വ്യാജരേഖ ചമച്ചു കോടതിയെ തെറ്റിദ്ധരിപ്പിച്ചെന്ന് ആരോപിച്ചു സമർപ്പിക്കപ്പെട്ട ഹർജി തൃശൂർ വിജിലൻസ് കോടതി തള്ളി.

മുൻമന്ത്രി സി.എൻ. ബാലകൃഷ്ണനും കൺസ്യൂമർ ഫെഡ് മേധാവികളും അടക്കം എട്ടു പേർക്കെതിരേ അഴിമതിക്കേസ് ഫയൽ ചെയ്ത പൊതുതാത്പര്യ വ്യവഹാരിയും മലയാളവേദി പ്രസിഡന്റുമായ ജോർജ് വട്ടുകുളത്തിനെതിരേ കോൺഗ്രസ് നേതാവ് പി.എ. ശേഖരൻ നല്കിയ ഹർജിയാണു ജഡ്ജി സി. ജയചന്ദ്രൻ തള്ളിക്കളഞ്ഞത്.

മന്ത്രി സി.എൻ. ബാലകൃഷ്ണനെതിരേ പലവിധത്തിലുള്ള അഴിമതി ആരോപണങ്ങൾ ഉന്നയിച്ചു മുഖ്യമന്ത്രി, കെപിസിസി പ്രസിഡന്റ്, മാധ്യമപ്രവർത്തകർ എന്നിവർ അടക്കമുള്ളവർക്കു രണ്ടു വർഷം മുമ്പു പി.എ. ശേഖരന്റെ പേരെഴുതി ഒപ്പിട്ട് അയച്ച കത്ത് ജോർജ് വട്ടുകുളം കേസിന്റെ തെളിവുകളിലൊന്നായി സമർപ്പിച്ചിരുന്നു. താൻ അങ്ങനെയൊരു കത്ത് എഴുതിയിട്ടില്ലെന്നും വ്യാജരേഖ ചമച്ചു കോടതിയെ തെറ്റിദ്ധരിപ്പിച്ചിരിക്കുകയാണെന്നും ജോർജ് വട്ടുകുളത്തിനെതിരേ നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ടു പി.എ. ശേഖരൻ വിജിലൻസ് കോടതിയെ സമീപിക്കുകയായിരുന്നു.

എന്നാൽ, താൻ രേഖ ചമച്ചിട്ടില്ലെന്നും കൺസ്യൂമർഫെഡിൽ നൂറു കോടി രൂപയുടെ അഴിമതി നടന്നതിന്റെ തെളിവുകളാണെന്ന് അവകാശപ്പെട്ടു കൺസ്യൂമർഫെഡിലെതന്നെ പേരു വെളിപ്പെടുത്താത്ത ഒരു ഉദ്യോഗസ്‌ഥൻ തനിക്കു കൈമാറിയ രേഖകളാണു കോടതിയിൽ സമർപ്പിച്ചതെന്നും ജോർജ് വട്ടുകുളം കോടതിയെ ബോധിപ്പിച്ചു. രേഖകൾ താൻ തയാറാക്കിയതല്ലെന്നു സത്യവാങ്മൂലം നൽകുകയും ചെയ്തു.

ഇത്തരം സംഭവങ്ങളിൽ സുപ്രീം കോടതി വിധി ചൂണ്ടിക്കാണിക്കുകയും ചെയ്തിരുന്നു. ജോർജ് വട്ടുകുളത്തിനുവേണ്ടി അഡ്വ.കെ.ഡി. ബാബു ഹാജരായി.

കൺസ്യൂമർഫെഡ് കേസിൽ മുൻമന്ത്രി സി.എൻ. ബാലകൃഷ്ണൻ അടക്കമുള്ളവർക്കെതിരേ വിജിലൻസ് കോടതി ത്വരിതാന്വേഷണത്തിനു രണ്ടുമാസം മുമ്പ് ഉത്തരവിട്ടിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.