സീറോ മലബാർ സഭാ മേജർ ആർക്കി എപ്പിസ്കോപ്പൽ അസംബ്ലി സാക്ഷ്യജീവിതത്തിനു പ്രചോദനം: മാർ ആലഞ്ചേരി
സീറോ മലബാർ സഭാ മേജർ ആർക്കി എപ്പിസ്കോപ്പൽ അസംബ്ലി സാക്ഷ്യജീവിതത്തിനു പ്രചോദനം: മാർ ആലഞ്ചേരി
Thursday, August 25, 2016 12:38 PM IST
<ആ>സിജോ പൈനാടത്ത്



കൊടകര: ദൈവമഹത്വത്തിനും സഭാമക്കളുടെ സാക്ഷ്യജീവിതത്തിനും സീറോ മലബാർ സഭാ മേജർ ആർക്കി എപ്പിസ്കോപ്പൽ അസംബ്ലി പ്രചോദനമാണെന്നു മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി. സഭ മുഴുവന്റെയും കൂട്ടായ്മ വിളിച്ചുപറയുന്ന അസംബ്ലി സീറോ മലബാർ സഭയുടെ ചരിത്രത്തിലെ നിർണായക മൂഹൂർത്തമാണെന്നും കർദിനാൾ പറഞ്ഞു. മേജർ ആർക്കി എപ്പിസ്കോപ്പൽ അസംബ്ലിക്കു തുടക്കംക്ക ുറിച്ചു നടന്ന സമൂഹബലിയിൽ സന്ദേശം നൽകുകയായിരുന്നു അദ്ദേഹം.

സഭയുടെ കണ്ണുകളും കാതുകളും ഈ ദിനങ്ങളിൽ കൊടകരയിലെ അസംബ്ലിയിലേക്കാണു സംഗമിക്കുന്നത്. സഭയുടെ പാരമ്പര്യത്തിലുള്ള “സഭായോഗ’ത്തിന്റെ പുതിയ രൂപമാണ് അസംബ്ലി. സഭാ ശുശ്രൂഷകളെ വിലയിരുത്താനും അജപാലന വഴികളെ സജീവമാക്കാനുള്ള നിർദേശങ്ങൾ ക്രോഡീകരിക്കാനുമാണ് നാം സമ്മേളിച്ചിട്ടുള്ളത്. ലോകം മുഴുവൻ വ്യാപിച്ചുകിടക്കുന്ന സീറോ മലബാർ സഭയുടെ എല്ലാ തലങ്ങളെയും പ്രതിനിധീകരിച്ചു മെത്രാന്മാരും വൈദികരും സന്യസ്തരും അസംബ്ലിയിലുണ്ട്. ലാളിത്യത്തിന്റെ ചൈതന്യത്തിൽ ഇതിന്റെ സംഘാടനത്തിനായി ബിഷപ് മാർ പോളി കണ്ണൂക്കാടനൊപ്പം ചേർന്ന് അധ്വാനിച്ചവരെ നിറഞ്ഞ നന്ദിയോടെ ഓർക്കുന്നു. ദിവംഗതനായ മാർ ജെയിംസ് പഴയാറ്റിലിനെ പ്രത്യേകം സ്മരിക്കുന്നു. സഹൃദയ കോളജ് ഹൃദയങ്ങളെ സമന്വയിപ്പിക്കുന്ന ഇടമാണ്. സഭാമക്കളുടെ കൂട്ടായ്മയുടെ വേദിയായി അസംബ്ലി മാറണം.

സഭ ഇന്നു വലിയ സഹനങ്ങൾ ഏറ്റുവാങ്ങുന്നുണ്ട്. ലോകമെമ്പാടും പ്രേഷിതശുശ്രൂഷകളിലുള്ള വൈദികരും സന്യസ്തരും പീഡനങ്ങളേൽക്കുന്ന സ്‌ഥിതിയുണ്ട്. പ്രേഷിതപ്രവർത്തകനായ ഫാ. ടോം ഉഴുന്നാലിലിനെ അജ്‌ഞാതർ തട്ടിക്കൊണ്ടുപോയിട്ടു മാസങ്ങളായിട്ടും വിവരങ്ങൾ ലഭിക്കുന്നില്ല. വിശ്വാസത്തിനുവേണ്ടി പീഡനങ്ങളേൽക്കുന്നവർ ഇനിയുമുണ്ട്. അവർക്കെല്ലാംവേണ്ടി പ്രാർഥിക്കാൻ നമുക്കു കടമയുണ്ട്. സിസ്റ്റർ റാണി മരിയയെപ്പോലെ വിശ്വാസത്തിനായി രക്‌തസാക്ഷികളായവരെ നാം അനുസ്മരിക്കണം.

കുടുംബങ്ങളുടെ കുടുംബമായ സഭയിൽ വിശ്വാസിസമൂഹം മുഴുവനും കുടുംബസമാനമായ ബന്ധം എപ്പോഴും പുലർത്തേണ്ടതുണ്ട്; കൂട്ടായ്മ ശക്‌തിപ്പെടുത്തേണ്ടതുണ്ട്. ദൈവരാജ്യത്തെ കാലഘട്ടത്തിനു മുമ്പിൽ പ്രകാശിപ്പിക്കാനുള്ള ദൗത്യം സഭാമക്കൾ ഏറ്റെടുക്കേണ്ടതുണ്ടെന്നും മേജർ ആർച്ച്ബിഷപ് മാർ ജോർജ് ആലഞ്ചേരി പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.