ഒരു മയവുമില്ലാത്ത റബർനയം; കണക്കുകൂട്ടലുകൾ തെറ്റി കാർഷികകേരളം
ഒരു മയവുമില്ലാത്ത റബർനയം; കണക്കുകൂട്ടലുകൾ തെറ്റി കാർഷികകേരളം
Tuesday, August 23, 2016 1:25 PM IST
<ആ>റെജി ജോസഫ്

കോട്ടയം: റബറിനെ മാത്രം ആശ്രയിച്ച് ഉപജീവനം നടത്തുന്ന പത്തു ലക്ഷത്തോളം ചെറുകർഷകരുടെ വിലാപവും റബർ വിലയിടിവും അവഗണിച്ചും അറിയില്ലെന്നു നടിച്ചുമായിരുന്നു റബർ വിഷയത്തിൽ തിങ്കളാഴ്ച ഡൽഹിയിൽ നടന്ന നിർണായക ചർച്ച.

മൂന്നു വർഷമായി റബർവില താഴേക്കു പതിച്ചുകൊണ്ടിരിക്കെ, ഉത്പാദനചെലവിന്റെ കണക്കെടുത്തശേഷമാകാം അടുത്ത നടപടിയെന്നാണ് വാണിജ്യമന്ത്രി നിർമല സീതാരാമന്റെ നിലപാട്. കഴിഞ്ഞ വർഷം റബർ നയം തയാറാക്കാൻ കൊച്ചിയിലും ഡൽഹിയിലുമൊക്കെയായി മാരത്തൺ ചർച്ചകൾ നടന്ന കാലത്തൊന്നും റബറിന്റെ ഉത്പാദനച്ചെലവ് കണക്കുകൂട്ടാൻ സർക്കാരിനു തോന്നിയില്ല. റബർ മൂല്യവർധന നടത്തി വിലത്തകർച്ച പരിഹരിക്കാനാണ് കേന്ദ്ര വാണിജ്യമന്ത്രാലയം ഈയിടെയായി ആവർത്തിക്കുന്നത്. ത്രിപുരയെ മാതൃകയാക്കി റബർ പാൽ ‘കപ്പ് ലമ്പ്’ അഥവാ ചിരട്ടയിൽ ഉറച്ച ചണ്ടിയാക്കി ക്രംബ് കമ്പനികൾക്ക് വിൽക്കുന്നതാണ് മന്ത്രി പറയുന്ന മൂല്യവർധന. ഇതിന് കിലോയ്ക്ക് 10 രൂപ വീതം സബ്സിഡി നല്കുമെന്ന് റബർ ബോർഡും പ്രസ്താവിച്ചിരുന്നു. ശ്രീലങ്ക, മലേഷ്യ തുടങ്ങിയ രാജ്യങ്ങളിലും ലാറ്റക്സ് ചിരട്ടകളിൽ ഉറച്ചെടുക്കുന്ന രീതി സാധാരണമാണത്രെ. കർഷകരെല്ലാം കപ്പ് ലമ്പിലേക്കു മാറിയാൽ റബർ ആർക്കും വേണ്ടാതെ വരികയും വില നാമമാത്രമാകുകയും ചെയ്യും. ദിവസങ്ങൾ പഴകി ദുർഗന്ധമുള്ള ഉത്പന്നം എങ്ങനെ ശേഖരിക്കുമെന്നും സംഭരിക്കുമെന്നും റബർ ബോർഡ് വ്യക്‌തമാക്കുന്നുമില്ല.

ആർഎസ്എസ് നാല് ഗ്രേഡിൽ ഷീറ്റുണ്ടാക്കി അത് സ്റ്റോക്ക് ചെയ്ത് വിലകൂടുമ്പോൾ വില്ക്കാൻ സാധ്യതയും സാഹചര്യവുമുള്ളതുകൊണ്ടാണ് റബർ വില ഈ നിരക്കിലെങ്കിലും പോകുന്നത്. ഷീറ്റ് നിർമാണവും സംസ്കരണവും ഒഴിവാക്കി ചണ്ടി വിറ്റാൽ ഉത്പാദനച്ചെലവു കുറയുമെന്നാണ് റബറിന്റെ കൃഷിയും സാമ്പത്തികശാസ്ത്രവും അറിയാത്തവരുടെ നിലപാട്. ആഴ്ചയിലൊരു ടാപ്പിംഗ് നടത്തിയാൽ ശരാശരി വാർഷിക ഉത്പാദനത്തിൽ കുറവു വരാതെ ചെലവു ചുരുക്കാമെന്ന നിലപാട് റബർ ബോർഡിന്റെ നിർദേശവും പ്രായോഗികമായി കർഷകർക്കു തോന്നിയിട്ടില്ല.

ആഴ്ചയിലൊരിക്കൽ മാത്രം ടാപ്പിംഗ് നടത്തി തൊഴിലാളികൾക്കു ജീവിച്ചുപോകാനാകില്ലെന്നും മഴയും മാനവും നോക്കി ടാപ്പിംഗ് നടത്തിയാൽ പറയുന്ന അളവിലൊന്നും ഉത്പാദനം കിട്ടില്ലെന്നും കർഷകർക്ക് അനുഭവമുണ്ട്. തന്നെയുമല്ല ടാപ്പിംഗ് ജോലിയിലേക്ക് പുതിയ തലമുറ കടന്നുവരുന്നുമില്ല.

ഒന്നര വർഷമായി മുടങ്ങിക്കിടക്കുന്ന റബർ ആവർത്തന കൃഷി സബ്സിഡി തുക നൽകാനോ റബർ ബോർഡിന് അനുവദിച്ച ബജറ്റ് തുക വെട്ടിക്കുറവില്ലാതെ നൽകാനോ താൽപര്യം കാണിക്കാത്ത കേന്ദ്രമാണ് ക്രംബ് റബർ വ്യവസായത്തെ പുനരുജീവിപ്പിക്കണമെന്ന് നിർദേശിക്കുന്നത്.


ക്രംബ് ഉത്പാദനം മെച്ചപ്പെട്ടാൽ ടയർ വ്യവസായികളുടെ റബർ ഇറക്കുമതി കുറയുമെന്നാണ് സാങ്കേതിക ന്യായം.

റബർ വില കുത്തനെ താഴുകയും ഉത്പാദന സംസ്കരണച്ചെലവ് അതിഭീമമായി ഉയരുകയും ചെയ്തുകൊണ്ടിരിക്കുന്ന ഇക്കാലത്തൊന്നും റബർ കൃഷിച്ചെലവ് കണക്കുകൂട്ടിക്കാൻ കേന്ദ്രത്തിനും റബർ ബോർഡിനും തോന്നിയില്ല. ഉത്പാദനച്ചെലവ് അറിയാത്തതിനാൽ ഉടൻ ആശ്വാസവും സഹായവും ഇല്ലെന്നാണ് കേന്ദ്രത്തിന്റെ പക്ഷം.

വിരലിലെണ്ണാവുന്ന സ്വകാര്യ കമ്പനികൾ മാനദണ്ഡങ്ങളൊന്നുമില്ലാതെ വിലനിർണയിക്കുകയും വിലയിടിക്കുകയും ചെയ്യുന്ന ഇക്കാലത്ത് ലാറ്റക്സ് സംസ്കരണത്തിനുള്ള ചെലവ് ശാസ്ത്രീയമായി കണക്കുകൂട്ടി റബർ ബോർഡ് പ്രസിദ്ധീകരിക്കാത്തത് എന്തുകൊണ്ട് എന്ന് ഏറെക്കാലമായി കർഷകർ ചോദിക്കുന്നുണ്ട്. തോട്ടങ്ങളിൽനിന്നു ശേഖരിക്കുന്ന ലാറ്റക്സ് അമോണിയ ഒഴിച്ച് വീപ്പകളിൽ സൂക്ഷിച്ച് സാന്ദ്രീകരണ പ്രക്രിയ നടത്താൻ കിലോയ്ക്ക് 30 മുതൽ 35 വരെ രൂപയാണ് സംസ്കരണച്ചെലവായി കമ്പനികൾ നിശ്ചയിക്കുന്നത്. യാതൊരു അടിസ്‌ഥാനവുമില്ലാതെ നടത്തുന്ന ഈ പകൽക്കൊള്ള അവസാനിപ്പിക്കാൻ റബർ ബോർഡും മുന്നോട്ടുവരുന്നില്ല.

വളം, കീടനാശിനി, ടാപ്പിംഗ് കൂലി, ഗതാഗതം എന്നിവയിൽ കഴിഞ്ഞ അഞ്ചു വർഷത്തിനുള്ളിൽ 40 ശതമാനത്തോളം ചെലവ് വർധിച്ചുവെന്ന് കണക്കാക്കാൻ കംപ്യൂട്ടറും കാൽക്കുലേറ്ററും വേണ്ട മനക്കണക്കുമതി. ഒരു കിലോ ഷീറ്റ് പുകപ്പുരയിൽ ഉണക്കിയാൽ ആർഎസ്എസ് നാല് ഗ്രേഡിൽ വിൽക്കാൻ എട്ടു രൂപ വീതം ചെലവുണ്ട്.

ഒരു ഹെക്ടർ സ്‌ഥലത്തു റബർ കൃഷി ചെയ്യാൻ റബർ ബോർഡ് നൽകുന്ന കാൽ ലക്ഷം രൂപയുടെ സബ്സിഡി തുക കൊണ്ട് റബർ തൈ വാങ്ങി കുഴിയെടുത്തു നടാൻ പോലും തികയില്ല. കോടികൾ കുടിശികയായ സബ്സിഡി പദ്ധതിയിലേക്ക് ഇക്കൊല്ലം അപേക്ഷപോലും സ്വീകരിച്ചിട്ടുമില്ല.

2011ൽ കിലോയ്ക്ക് 245 രൂപയിലെത്തിയ റബർവില ഇക്കൊല്ലം നൂറിലും താഴ്ന്നതിനുശേഷം 135 രൂപയിലെത്തിയ ഘട്ടത്തിലാണ് ഉത്പാദനച്ചെലവു കുറയ്ക്കാനുള്ള ഫോർമുല തയാറാക്കലിന് നിർദേശം വന്നിരിക്കുന്നത്.

ദിവസം 700 രൂപ കിളകൂലിയും 100 മരം ടാപ്പിംഗിന് 175 രൂപയും കേരളത്തിലുണ്ടായിരിക്കെ ഇതിന്റെ പകുതിപോലും ചെലവില്ലാത്ത ത്രിപുരയെയും ആസാമിനെയും അടിസ്‌ഥാനമാക്കി ഉത്പാദനച്ചെലവ് നിശ്ചയിക്കുന്നതിലെ അശാസ്ത്രീയത കേന്ദ്രം മനസിലാക്കിയിട്ടില്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.