ദേശീയ വിദ്യാഭ്യാസനയം മതേതര സംസ്കാരം സംരക്ഷിക്കുന്നതാകണം: ടീച്ചേഴ്സ് ഗിൽഡ്
ദേശീയ വിദ്യാഭ്യാസനയം മതേതര സംസ്കാരം സംരക്ഷിക്കുന്നതാകണം: ടീച്ചേഴ്സ് ഗിൽഡ്
Saturday, July 30, 2016 11:38 AM IST
കൊച്ചി: കേന്ദ്ര സർക്കാർ നടപ്പാക്കാനുദ്ദേശിക്കുന്ന പുതിയ ദേശീയ വിദ്യാഭ്യാസനയം രാജ്യത്തെ മതേതര വിദ്യാഭ്യാസത്തെയും മതേതര സംസ്കാരത്തെയും ശക്‌തിപ്പെടുത്തുന്നതാകണമെന്നു കാത്തലിക് ടീച്ചേഴ്സ് ഗിൽഡ് സംഘടിപ്പിച്ച ദ്വദിന പഠനസെമിനാർ കേന്ദ്ര സർക്കാരിനോടാവശ്യപ്പെട്ടു.

രാജ്യത്തെ ന്യൂനപക്ഷ മത– ഭാഷാ വിഭാഗങ്ങൾക്കു ഭരണഘടന അനുവദിച്ചിട്ടുള്ള പ്രത്യേക വിദ്യാഭ്യാസ അവകാശങ്ങൾക്കു വിരുദ്ധമായ ചില ശിപാർശകൾ ടി.എസ്. സുബ്രമണ്യം കമ്മീഷന്റെ കരട് റിപ്പോർട്ടിലുണ്ട്. പൗരാണികതയും ദേശീയതയും ചിലരുടെ മാത്രം സ്വന്തമാണെന്നു വരുത്താനുള്ള ശ്രമങ്ങളും ചില മതവിഭാഗങ്ങളുടെ പ്രതീകങ്ങളെ മഹത്വവൽക്കരിക്കാനും സമാന്യവത്കരിക്കാനും അത് എല്ലാ വിഭാഗങ്ങളിലും അടിച്ചേൽപ്പിക്കാനുമുള്ള ശ്രമങ്ങളും ആശങ്കാജനകമാണ്.

ന്യൂനപക്ഷ വിദ്യാഭ്യാസസ്‌ഥാപനങ്ങളുടെ എണ്ണത്തെക്കുറിച്ച് ആശങ്കപ്പെടുന്ന കരട് റിപ്പോർട്ട്, വിദ്യാഭ്യാസ മേഖലയിലുള്ള ന്യൂന പക്ഷ സമുദായങ്ങളുടെ സംഭാവനകളെ തമസ്കരിക്കുന്നു. ഇത്തരം ആശങ്കകൾ പരിഹരിക്കാൻ മതമേലധ്യക്ഷന്മാരും സാംസ്കാരിക നേതാക്കന്മാരുമായി ചർച്ച നടത്താൻ പ്രധാനമന്ത്രി മുൻകൈയെടുക്കണമെന്നും സെമിനാർ ആവശ്യപ്പെട്ടു.


രണ്ടു ദിവസങ്ങളായി നടന്ന വിദ്യാഭ്യാസ സെമിനാറിന്റെ സമാപനസമ്മേളനം മഹാത്മഗാന്ധി സർവകലാശാല മുൻ വൈസ് ചാൻസലർ ഡോ. സിറിയക് തോമസ് ഉദ്ഘാടനംചെയ്തു. പിഒസി. ഡയറക്ടർ റവ. ഡോ. വർഗീസ് വള്ളിക്കാട്ട് അധ്യക്ഷത വഹിച്ചു. ഫാ. ജോസ് കരുവേലിക്കൽ, ജോഷി വടക്കൻ, സാലു പതാലിൽ, ജോസ് ആന്റണി എന്നിവർ പ്രസംഗിച്ചു. സംസ്‌ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി ഇരുന്നോറോളം പേർ സെമിനാറിൽ പങ്കെടുത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.