മന്ത്രി ഇടപെട്ടിട്ടും കാര്യമില്ല; ഹോർട്ടികോർപ്പിൽ പച്ചക്കറികൾക്കു തീവില
Thursday, July 28, 2016 12:05 PM IST
തിരുവനന്തപുരം: മന്ത്രി നേരിട്ട് ഇടപെട്ടാലും ഹോർട്ടികോർപ് പഴയ രീതിയൽ തന്നെ. വിലക്കുറവിൽ പച്ചക്കറികൾ ജനത്തിനു നൽകേണ്ട ഹോർട്ടികോർപ്പിൽ സാധനങ്ങൾക്ക് പൊള്ളുന്ന വിലയാണ്. പൊതുവിപണിയിൽ നിന്ന് അഞ്ച് മുതൽ പത്ത് വരെ രൂപ കൂടുതലാണ് ഹോർട്ടികോർപ്പിന്റെ സ്റ്റാളുകളിൽ. വിലക്കുറവ് പ്രതീക്ഷിച്ച് ഹോർട്ടികോർപ്പിലേക്ക് എത്തുന്നവർ വില കേട്ട് ഞെട്ടി വീണ്ടും പൊതുവിപണിയിലേക്ക് തന്നെ മടങ്ങുന്ന സ്‌ഥിതിയാണുള്ളത്.

മന്ത്രി വി.എസ്. സുനിൽകുമാർ ഇടപെട്ടിട്ടും വിലയ്ക്കു കാര്യമായ കുറവ് ഉണ്ടായിട്ടില്ല. ഗ്രാമീണ കർഷകരിൽ നിന്നു സാധനങ്ങൾ വാങ്ങുന്നതാണ് വില വർധിക്കുന്നതെന്ന ഹോർട്ടികോർപ്പിന്റെ വാദഗതിയൊക്കെ കള്ളമാണെന്ന് ആനയറ വേൾഡ് മാർക്കറ്റിലെ മന്ത്രിയുടെ റെയ്ഡോടെ ജനത്തിനു ബോധ്യപ്പെട്ടിരുന്നു.

പൊതുവിപണിയിൽ നിന്നു വളരെ വിലക്കുറവിൽ സാധനങ്ങൾ ലഭ്യമാക്കേണ്ട ഹോർട്ടികോർപ് തമിഴ്നാട് ലോബിയുമായി ചേർന്ന് തട്ടിപ്പ് നടത്തുകയായിരുന്നു ആനയറ വേൾഡ് മാർക്കറ്റിലെന്ന് മന്ത്രിക്കും ബോധ്യമായിരുന്നു. എന്നാൽ, റെയിഡിന്റെ ചൂട് അടങ്ങിയതോടെ വീണ്ടും ഹോർട്ടികോർപ് ഉദ്യോഗസ്‌ഥർ പഴയ രീതിയിലേക്കു മാറി. പൊതുവിപണിയെക്കാൾ സാധനങ്ങൾക്കു വില വർധിക്കുന്നതല്ലാതെ കുറയുന്ന പ്രതിഭാസം ഒരിക്കലും ഹോർട്ടികോർപ്പിൽ കണ്ടിട്ടില്ല. ഗ്രാമീണ കർഷകരിൽ നിന്നു പച്ചക്കറികൾ വാങ്ങി കുറഞ്ഞ വിലയ്ക്കു ജനത്തിനു നൽകണമെന്നാണു വ്യവസ്‌ഥ. എന്നാൽ, ജനത്തിനു പൊള്ളുന്ന വിലയ്ക്ക് പച്ചക്കറി നൽകുന്ന ഹോർട്ടികോർപ്പ് നാടൻ കർഷകരിൽ നിന്നു സാധനങ്ങൾ വാങ്ങുന്നുമില്ല. കർഷകർക്ക് ഗുണം കിട്ടാതെ ജനത്തിന്റെ നട്ടെല്ല് ഒടിക്കാനാണ് ഹോർട്ടികോർപ്പിന്റെ ശ്രമം.


പൊതുവിപണിയിൽ നിന്നു 10 മുതൽ 20 വരെ ശതമാനം വർധനവിലാണ് ഹോർട്ടികോർപ്പിന്റെ കച്ചവടം. ഹോർട്ടികോർപ്പിൽ ഒരു കിലോ വെള്ളരിക്കയ്ക്ക് 28 രൂപ നൽകണം. പൊതുവിപണിയിൽ 20 രൂപ മാത്രം. എട്ടു രൂപയുടെ വ്യത്യാസം. 74 രൂപയ്ക്ക് ഹോർട്ടികോർപ് വിൽക്കുന്ന ചെറുനാരങ്ങ പൊതുവിപണിയിൽ 30 രൂപ വരെയാണ് ഉയർന്ന വില. കാരറ്റ് 30 രൂപയ്ക്ക് പൊതുവിപണിയിൽ ലഭിക്കുമ്പോൾ ഹോർട്ടികോർപ്പിൽ നിന്നു വാങ്ങാൻ 55 രൂപ നൽകണം. ഇങ്ങനെ മിക്ക സാധനങ്ങൾക്കും തീവിലയാണ് ഹോർട്ടികോർപ് ഈടാക്കുന്നത്.

ഇതിനു പുറമെ, സ്റ്റാളുകളിൽ വിൽപനയ്ക്ക് എത്തിച്ചിരിക്കുന്ന ചില സാധനങ്ങൾ വളരെ കുറഞ്ഞ അളവിൽ മാത്രമേ നൽകാറുള്ളൂ എന്നും പരാതിയുണ്ട്. കൂടുതൽ ചോദിച്ചാൽ തരാൻ കഴിയില്ലെന്ന മറുപടിയാണ് ലഭിക്കാറ്. ഹോർട്ടികോർപ്പിന്റെ ഭൂരിഭാഗം സ്റ്റാളുകളിലും ഇതാണ് അവസ്‌ഥ. പല സാധനങ്ങളും ലഭിക്കാറില്ലെന്ന പരാതിയും ഉയർന്നിട്ടുണ്ട്. രാവിലെ ലഭിക്കുന്ന സാധനങ്ങൾ പലതും ഉച്ചയ്ക്കു ശേഷം അപ്രത്യക്ഷമാകും. ബോർഡിൽ സാധനങ്ങളുടെ വില എഴുതി പ്രദർശിപ്പിച്ചിട്ടുണ്ടാകും.

കൂടിയ വിലയും സാധനങ്ങളുടെ ലഭ്യതക്കുറവും ഹോർട്ടികോർപ്പിന്റെ കച്ചവടത്തിൽ വൻ ഇടിവും ഉണ്ടാക്കിയിട്ടുണ്ട് . ഇതരസംസ്‌ഥാന ലോബിയുമായി ചേർന്ന് ഹോർട്ടികോർപ്പിൽ വിലവർധന സൃഷ്‌ടിച്ച് ഈ സംരംഭത്തെ നശിപ്പിക്കാനായി ചിലർ പ്രവർത്തിക്കുന്നുണ്ടെന്ന് വകുപ്പിലെ ചില ഉദ്യോഗസ്‌ഥർ തന്നെ ആരോപിക്കുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.