കുരിശുവഹിക്കാനുള്ള ശക്‌തി പകരണം: ആർച്ച്ബിഷപ് മാർ താഴത്ത്
കുരിശുവഹിക്കാനുള്ള ശക്‌തി പകരണം: ആർച്ച്ബിഷപ് മാർ താഴത്ത്
Monday, July 25, 2016 12:31 PM IST
ഭരണങ്ങാനം: കരുണയുടെ വർഷത്തിലെ ഏറ്റവും വലിയ സന്ദേശം കുരിശുവഹിക്കലാണെന്നും ഗോതമ്പുമണിപോലെ അഴുകി മറ്റുള്ളവർക്ക് അവരുടെ കുരിശിനെ വഹിക്കാനുള്ള ശക്‌തി പകരലായി നമ്മുടെ ജീവിതം മാറണമെന്നും തൃശൂർ ആർച്ച്ബിഷപ് മാർ ആൻഡൂസ് താഴത്ത്. വിശുദ്ധ അൽഫോൻസാമ്മയുടെ തിരുനാളിനോടനുബന്ധിച്ചു തീർഥാടന ദേവാലയത്തിൽ വിശുദ്ധ കുർബാന അർപ്പിച്ച് സന്ദേശം നൽകുകയായിരുന്നു അദ്ദേഹം.

സ്വയം പരിത്യജിച്ച് കുരിശുമെടുത്ത് പിൻചൊല്ലാനുള്ള ആഹ്വാനം ഏറ്റെടുത്ത അൽഫോൻസാമ്മ നമുക്കെല്ലാം മാതൃകയാണ്. ദൈവസ്നേഹത്തിന്റെ ഏറ്റവും വലിയ അടയാളമായി സഹനത്തെ അൽഫോൻസാമ്മ ജീവിതത്തിൽ പകർത്തി. മനുഷ്യകുലത്തെ രക്ഷിക്കാൻ മോചനദ്രവ്യമായി മാറിയ ക്രിസ്തുവായിരുന്നു അൽഫോൻസാമ്മയുടെ ഹൃദയം മുഴുവൻ. വിശുദ്ധിയുടെ പരിമളം പരത്തിയ അൽഫോൻസാമ്മ യുവജനങ്ങൾക്കു നൽകുന്ന മാതൃക വലുതാണ്. കുരിശിന്റെ കീഴിലെ രക്ഷ സ്വന്തമാക്കിയവരാണു യോഹന്നാൻ ശ്ലീഹായും പരിശുദ്ധ കന്യകാമറിയവും. കുരിശിനെ നമ്മൾ വഹിക്കണം, ധരിക്കണം എന്ന സന്ദേശമാണ് ഫ്രാൻസിസ് മാർപാപ്പയും വിശുദ്ധ ജോൺപോൾ രണ്ടാമൻ പാപ്പായും നൽകുന്നത്. വിശുദ്ധ യാക്കോബ് ശ്ലീഹായുടെ തിരുനാൾ മംഗളങ്ങൾ യാക്കോബ് നാമധാരികൾക്ക് നേർന്നാണ് ആർച്ച്ബിഷപ് പ്രസംഗം അവസാനിപ്പിച്ചത്. ഫാ. ജോസഫ് പരവുമ്മേൽ, ഫാ. ഏബ്രഹാം തലവയലിൽ എന്നിവർ സഹകാർമികരായിരുന്നു.ഇന്നു രാവിലെ 11 ന് എറണാകുളം–അങ്കമാലി അതിരൂപത സഹായ മെത്രാൻ മാർ ജോസ് പുത്തൻവീട്ടിൽ വിശുദ്ധ കുർബാന അർപ്പിച്ചു സന്ദേശം നൽകും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.