ഷുക്കൂർ വധം: അഞ്ചിനു കേസ് ഡയറി ഹാജരാക്കണമെന്നു ഹൈക്കോടതി
ഷുക്കൂർ വധം: അഞ്ചിനു കേസ് ഡയറി ഹാജരാക്കണമെന്നു ഹൈക്കോടതി
Friday, July 1, 2016 2:58 PM IST
കൊച്ചി: അരിയിൽ ഷുക്കൂർ വധക്കേസിൽ സിബിഐ ജൂലൈ അഞ്ചിനു കേസ് ഡയറി ഹാജരാക്കണമെന്നു ഹൈക്കോടതി നിർദേശിച്ചു. കേസിൽ സിബിഐ തുടരന്വേഷണം നടത്തുന്നതിനെതിരേ പി. ജയരാജൻ, ടി.വി. രാജേഷ് എംഎൽഎ എന്നിവർ നൽകിയ അപ്പീലിൽ ആക്ടിംഗ് ചീഫ് ജസ്റ്റീസ് തോട്ടത്തിൽ ബി. രാധാകൃഷ്ണൻ, ജസ്റ്റീസ് അനു ശിവരാമൻ എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ചിന്റേതാണ് നിർദേശം.

പി. ജയരാജനെയും ടി.വി. രാജേഷിനെയും കണ്ണൂരിൽ ഒരു സംഘം ആക്രമിച്ചതിനെത്തുടർന്ന് യൂത്ത് ലീഗിന്റെ പ്രവർത്തകനായിരുന്ന അരിയിൽ ഷുക്കൂറിനെ സിപിഎം പ്രവർത്തകർ കൊലപ്പെടുത്തിയെന്നാണു കേസ്.

എന്നാൽ സംഭവത്തിന്റെ ഗൂഢാലോചനയിൽ ഉന്നത പാർട്ടി നേതാക്കൾക്കു പങ്കുണ്ടെന്ന് ചൂണ്ടിക്കാട്ടി ഷുക്കൂറിന്റെ അമ്മ ആത്തിക്ക ഹൈക്കോടതിയിലെത്തി. ഈ ഹർജിയിലാണു സിംഗിൾബെഞ്ച് തുടരന്വേഷണം നടത്താൻ സിബിഐയ്ക്ക് നിർദേശം നൽകിയത്. ഇതിനെതിരായ അപ്പീൽ പരിഗണിക്കുമ്പോൾ കേസ് ഡയറി പരിശോധിക്കേണ്ടത് അനിവാര്യമാണെന്നു ഡിവിഷൻ ബെഞ്ച് വ്യക്‌തമാക്കി. എന്നാൽ സിബിഐ തുടരന്വേഷണം നടത്തണമെന്ന സിംഗിൾബെഞ്ച് വിധിയെ തുടർന്ന് കേസ് ഡയറി സിബിഐയ്ക്കു കൈമാറിയെന്ന് അഡ്വക്കേറ്റ് ജനറൽ സി.പി. സുധാകരപ്രസാദ് വിശദീകരിച്ചു. തുടർന്നാണ് സിബിഐയോട് കേസ് ഡയറി ഹാജരാക്കാൻ നിർദേശിച്ചത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.