സാമൂഹ്യപ്രതിബദ്ധതയുടെ ആവിഷ്കാരത്തിനു മാധ്യമസാധ്യതകൾ പ്രയോജനപ്പെടുത്തണം: മാർ ആലഞ്ചേരി
സാമൂഹ്യപ്രതിബദ്ധതയുടെ ആവിഷ്കാരത്തിനു മാധ്യമസാധ്യതകൾ പ്രയോജനപ്പെടുത്തണം: മാർ ആലഞ്ചേരി
Wednesday, June 29, 2016 1:31 PM IST
കൊച്ചി: കത്തോലിക്കാസഭയുടെ സാമൂഹ്യപ്രതിബദ്ധതയും മൂല്യദർശനങ്ങളും ആവിഷ്കരിക്കാൻ മാധ്യമരംഗം ക്രിയാത്മകമായി ഉപയോഗപ്പെടുത്തണമെന്നു സീറോ മലബാർ സഭ മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി.

സഭയുടെ പബ്ലിക്ക് റിലേഷൻസ് ഓഫീസ് തയാറാക്കിയ ‘സീറോ മലബാർ ന്യൂസ്’ മൊബൈൽ ആപ്പിന്റെ പ്രകാശനം കാക്കനാട് മൗണ്ട് സെന്റ് തോമസിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം. സമൂഹത്തിൽ നന്മയും അതിനായുള്ള കൂട്ടായ്മകളും പ്രോത്സാഹിപ്പിക്കാൻ മാധ്യമങ്ങൾക്കു വലിയ പങ്കു വഹിക്കാനാവും. മാധ്യമരംഗത്തെ നല്ല സാധ്യതകളെക്കുറിച്ചു ശരിയായ അവബോധം സഭാംഗങ്ങൾക്കും മറ്റുള്ളവർക്കും നൽകണം. മാധ്യമങ്ങളുടെ ദുരുപയോഗങ്ങൾക്കെതിരേ സമൂഹത്തിൽ ജാഗ്രതയുണർത്തേണ്ടതും ആവശ്യമാണ്. ലോകമെങ്ങുമുള്ള സീറോ മലബാർ സഭാ വിശ്വാസികൾക്കും മറ്റുള്ളവർക്കും സഭാവാർത്തകളും പ്രതികരണങ്ങളും അറിയിപ്പുകളും അനുബന്ധ വിവരങ്ങളും ലഭ്യമാക്കുന്ന “സീറോ മലബാർ ന്യൂസ്’ മൊബൈൽ ന്യൂസ് ആപ്പ് സഭയുടെ മാധ്യമശുശ്രൂഷകൾക്കു പുതിയ മാനം നൽകുന്നതാണെന്നും മേജർ ആർച്ച്ബിഷപ് പറഞ്ഞു.


സഭയുടെ ഔദ്യോഗിക വക്‌താവ് റവ. ഡോ. ജിമ്മി പൂച്ചക്കാട്ട് അധ്യക്ഷത വഹിച്ചു. പബ്ലിക് അഫയേഴ്സ് കമ്മീഷൻ സെക്രട്ടറി റവ. ഡോ. ജോർജ് മഠത്തിപ്പറമ്പിൽ, പിആർഒമാരായ ഫാ. മാത്യു ചന്ദ്രൻകുന്നേൽ, ഫാ. ഏബ്രഹാം കാവിൽപുരയിടത്തിൽ, പി.ഐ. ലാസർ, സിജോ പൈനാടത്ത് എന്നിവർ പ്രസംഗിച്ചു. സീറോ മലബാർ സഭയുടെയും രൂപതകളിലെയും പിആർഒമാരുടെ സമ്മേളനത്തിലാണ് മൊബൈൽ ആപ്പ് പ്രകാശനം ചെയ്തത്.

സഭാവാർത്തകൾ, അറിയിപ്പുകൾ, ഔദ്യോഗിക പരിപാടികൾ, സാമൂഹ്യവിഷയങ്ങളിൽ സഭയുടെ നിലപാടുകൾ, പത്രക്കുറിപ്പുകൾ, ചിത്രങ്ങൾ എന്നിവയെല്ലാം മൊബൈൽ ആപ്പിൽ ലഭിക്കും.

കേരളത്തിലെയും രാജ്യത്തെയും സാമൂഹ്യ, രാഷ്ര്‌ടീയ, സാമുദായിക സാഹചര്യങ്ങൾ സമ്മേളനം വിലിരുത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.