മഴക്കാല ദുരന്തനിവാരണം: പൊതുമരാമത്ത് വകുപ്പ് 19 കോടി രൂപ ചെലവഴിക്കും
Friday, May 27, 2016 12:35 PM IST
തിരുവനന്തപുരം: മുഖ്യമന്ത്രി വിളിച്ചുചേർത്ത മഴക്കാല ദുരന്തനിവാരണ മുന്നൊരുക്ക യോഗത്തിന്റെ തീരുമാന പ്രകാരം പൊതുമരാമത്ത് മന്ത്രി ജി. സുധാകരൻ വകുപ്പിലെ ചീഫ് എൻജിനിയർമാരുമായി ചർച്ച നടത്തി. പൊതുമരാമത്ത് നിർവഹിക്കേണ്ട മഴക്കാല പൂർവപ്രവൃത്തികൾ സത്യസന്ധമായും ഫലപ്രദമായും നിർവഹിക്കണമെന്ന് മന്ത്രി നിർദേശിച്ചു.

റോഡുകളിലെ ഓടകൾ വൃത്തിയാക്കുക, ജലനിർഗമനം ഉറപ്പാക്കുക, കലുങ്കുകൾ വൃത്തിയാക്കുക തുടങ്ങി എല്ലാവിധ മഴക്കാല സുരക്ഷാ പ്രവർത്തനങ്ങളും നടത്താൻ വകുപ്പിന്റെ എല്ലാ വിഭാഗങ്ങൾക്കും മന്ത്രി നിർദേശം നൽകി. ആദ്യഗഡു 19 രൂപ ചെലവഴിക്കുന്നതിനും തീരുമാനിച്ചു. ഇതിൽ നിന്ന് പണം ദുർവിനിയോഗം ചെയ്യുകയോ അപഹരിക്കുകയോ ചെയ്യരുതെന്ന് മന്ത്രി നിർദേശിച്ചു. തദ്ദേശസ്വയംഭരണ മന്ത്രി കെ.ടി. ജലീലുമായി ചർച്ച നടത്തുമെന്നും മന്ത്രി അറിയിച്ചു.


ദേശീയപാത വിഭാഗം 19 കോടി രൂപ സ്വരൂപിക്കും. എൻ.എച്ചിന്റെ ഇരുവശങ്ങളിലുമായി എർത്തേൺ ഷോൾഡറുകൾ ഒലിച്ചുപോയിട്ടുള്ളതു പുനസ്‌ഥാപിക്കും. എല്ലാ കാര്യങ്ങളും ചട്ടപ്രകാരവും സുതാര്യമായും നടത്തണമെന്നും ചീഫ് എൻജിനിയർമാർക്ക് മന്ത്രി ജി. സുധാകരൻ നിർദേശം നൽകി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.