പ്രതിപക്ഷ നേതാവിനെ ഞായറാഴ്ച തെരഞ്ഞെടുക്കും
Thursday, May 26, 2016 12:50 PM IST
തിരുവനന്തപുരം: പ്രതിപക്ഷ നേതാവിനെ ഞായറാഴ്ച തെരഞ്ഞെടുക്കും. ഇതിനായി കോൺഗ്രസ് നിയമസഭാകക്ഷിയോഗം രാവിലെ 11 ന് കെപിസിസി ആസ്‌ഥാനമായ ഇന്ദിരാഭവനിൽ ചേരും. രമേശ് ചെന്നിത്തലയെ കോൺഗ്രസ് നിയമസഭാകക്ഷി നേതാവായി തെരഞ്ഞെടുക്കാനാണ് സാധ്യത.

ഹൈക്കമാൻഡ് പ്രതിനിധികളായി ഡൽഹി മുൻ മുഖ്യമന്ത്രി ഷീലാ ദീക്ഷിത്, എഐസിസി ജനറൽ സെക്രട്ടറി മുകൾ വാസ്നിക്, സെക്രട്ടറി ദീപക് ബാബറിയ എന്നിവർ യോഗത്തിൽ പങ്കെടുക്കും. പ്രതിപക്ഷ നേതാവായിരിക്കാൻ താൽപര്യമില്ലെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി നേരത്തെ അറിയിച്ചിട്ടുണ്ട്. ജയിച്ചു വന്ന കോൺഗ്രസ് എംഎൽഎമാരിൽ ഭൂരിപക്ഷം ഐ ഗ്രൂപ്പിനോട് ആഭിമുഖ്യം പുലർത്തുന്നവരാണ്.


ഇപ്പോഴത്തെ സാഹചര്യത്തിൽ രമേശ് ചെന്നിത്തലയ്ക്കു തന്നെയാണു സാധ്യത. ഹൈക്കമാൻഡിനു വ്യക്‌തമായ മറ്റു താൽപര്യങ്ങൾ ഉണ്ടെങ്കിൽ മാത്രമേ മറിച്ചെന്തെങ്കിലും സംഭവിക്കാൻ വഴിയുള്ളു.

തർക്കങ്ങളില്ലാതെ പ്രതിപക്ഷ നേതാവിനെ തെരഞ്ഞെടുക്കുമെന്ന് കെപിസിസി പ്രസിഡന്റ് വി.എം. സുധീരനും ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയും പറഞ്ഞിരുന്നു. പ്രതിപക്ഷനേതൃസ്‌ഥാനമില്ലെങ്കിൽ ഉമ്മൻ ചാണ്ടിക്ക് മറ്റു പദവികൾ നൽകുന്നതിനേക്കുറിച്ചു ചർച്ചകൾ ഉണ്ടാകാൻ സാധ്യതയുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.