വിവാഹസംഘം സഞ്ചരിച്ചിരുന്ന ബസ് അപകടത്തിൽപ്പെട്ടു
വിവാഹസംഘം സഞ്ചരിച്ചിരുന്ന ബസ് അപകടത്തിൽപ്പെട്ടു
Thursday, May 26, 2016 12:50 PM IST
തിരുവനന്തപുരം: വിവാഹ സംഘം സഞ്ചരിച്ചിരുന്ന ബസ് ബൈക്ക് ഷോറൂമിലേക്ക് ഇടിച്ചു കയറി. വധുഉൾപ്പെടെ ഏഴു പേർക്കു പരിക്കേറ്റു. പാലക്കാട് നിന്നും പൂവാറിലേക്ക് പോവുകയായിരുന്ന വിവാഹ സംഘമാണ് അപകടത്തിൽപ്പെട്ടത്.

വധു പാലക്കാട് ആറ്റുമുറ്റത്ത് വീട്ടിൽ സനി (27), ഡ്രൈവർ പാലക്കാട് പാടത്ത് പീടികയിൽ ഷൗക്കത്ത് (50), സഹായി രാംദാസ്(48), തൊടുപുഴ തട്ടാര്വിളാകത്തിത്ത് വീട്ടിൽ ഏഞ്ചൽമേരി (4), കോട്ടയം കൊച്ചുതറയിൽ അമ്മിണി (65), പന്നിയൂർ തൈപറമ്പ് വീട്ടിൽ ജോമോൾ(15), കൊച്ചുതുറ വീട്ടൽ ജിജോ ജോസ്(29) എന്നിവർക്കാണ് പരിക്കേറ്റത്.

വ്യാഴാഴ്ച പുലർച്ചെ 4.30 മണിയോടെ എംസി റോഡിൽ തണ്ട്രാം പൊയ്കയിലായിരുന്നു സംഭവം. വിവാഹസംഘം സഞ്ചരിച്ച ടൂറിസ്റ്റ് ബസ് നിയന്ത്രണം വിട്ട് എതിർദിശയിലെ സിബിസി ഹോണ്ടാ ഷോറൂമിന്റെ ഷെഡ്ഡുകൾ തകർത്ത് സമീപത്തെ പുരയിടത്തിലേക്ക് ഇടിച്ച് ഇറങ്ങി. പ്ലാവിൽ ഇടിച്ചു നിന്നു. പ്ലാവിൽ ഇടിച്ചു നിന്നതിനാൽ സമീപത്തെ വീട്ടിലേക്കു ഇടിച്ചു കയറി വൻ ദുരന്തം ഉണ്ടാകുന്നത് ഒഴിവായി. നിലവിളികേട്ടെത്തിയ നാട്ടുകാർ എമർജൻസി എക്സിറ്റ് വഴി യാത്രക്കാരെ പുറത്തിറക്കി. പരിക്കേറ്റവരെ സമീപത്തെ സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.


നിസാരമായി പരിക്കേറ്റ വധുവും സംഘവും പ്രാഥമിക ചികിത്സ നേടിയശേഷം മറ്റൊരു വാഹന ത്തിൽ വിവാഹത്തിനായി പൂവാറിലെ ഊരമ്പിലേക്ക് പോയി. സനിയുടെയും ഊരമ്പ് സ്വദേശി വിപിന്റെയും വിവാഹം കൃത്യസമയത്ത് നടന്നതായി ബന്ധുക്കൾ അറിയിച്ചു.

സാരാമായി പരിക്കേറ്റ ഡ്രൈവറെയും സഹായിയെയും തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. അപടത്തിൽ വാഹനത്തിന്റെ മുൻവശം പൂർണമായും തകർന്നു.

ഹോണ്ടാ ഷോറൂമിലെ ഷെഡിൽ ഉണ്ടായിരുന്ന ആറു ബൈക്കുകൾ, എയർ കംപ്രസർ, പവർ ലിഫ്റ്റ്, സെക്യൂരിറ്റി ഓഫീസ് എന്നിവയും അപകടത്തിൽ തകർന്നു. ഏകദേശം 30 ലക്ഷം രൂപയുടെ നാശനഷ്ടമുള്ളതായി ഷോറൂം അധികൃതർ അറിയിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.