സത്യപ്രതിജ്‌ഞാ ചടങ്ങ് പരിസ്‌ഥിതി സൗഹൃദം
Tuesday, May 24, 2016 12:24 PM IST
തിരുവനന്തപുരം: പുതിയ മന്ത്രിസഭയുടെ സത്യപ്രതിജ്‌ഞാ ചടങ്ങ് നടക്കുന്ന തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയവും പരിസരവും പൂർണമായും പരിസ്‌ഥിതി സൗഹാർദമാക്കാൻ ശുചിത്വ മിഷനും തിരുവനന്തപുരം കോർപറേഷനും കൈകോർക്കുന്നു.

ഏകദേശം 30000 പേർ പങ്കെടുക്കുമെന്നു പ്രതീക്ഷിക്കുന്ന ചടങ്ങിൽ 100 – ൽ അധികം ഗ്രീൻ വോളന്റിയർമാരെ ഗ്രീൻ ഇവന്റിനായി നിയോഗിക്കും. പ്ലാസ്റ്റിക് ഗ്ലാസുകൾക്കു പകരം സ്റ്റീൽ ഗ്ലാസുകളിലാകും കുടിവെള്ളം വിതരണം ചെയ്യുക. 40 ഇടങ്ങളിലായി കുടിവെള്ളം ക്രമീകരിക്കും. മുഴുവൻ ആളുകൾക്കും കുടിവെള്ളം ഉറപ്പാക്കാൻ കഴിയുന്ന രീതിയിൽ ഗ്രീൻ വോളന്റിയർമാർ രംഗത്തുണ്ടാകും.


പുതിയ സർക്കാർ ചുമതലയേൽക്കുന്ന ചടങ്ങ് മാലിന്യമുക്‌തമാക്കുന്നതിലൂടെ പൊതുജനങ്ങൾക്ക് മാലിന്യ നിർമാർജനത്തിൽ നല്ല സന്ദേശങ്ങൾ പകരാൻ സഹായകരമാകുമെന്ന് മേയർ വി.കെ. പ്രശാന്ത് പറഞ്ഞു.

പൊതുചടങ്ങുകളിൽ പങ്കെടുക്കുന്നവരെ പുനരുപയോഗിക്കാൻ കഴിയുന്ന വസ്തുക്കൾ ഉപയോഗിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് ബോധവാൻമാരാക്കുകയാണ് ഗ്രീൻ ഇവന്റിന്റെ ലക്ഷ്യമെന്ന് ശുചിത്വ മിഷൻ എക്സിക്യൂട്ടീവ് ഡയറക്ടർ ഡോ. കെ. വാസുകി അറിയിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.