ജാനറ്റ് ഇനി വരില്ല: കദനം തിങ്ങി കിഴക്കേടത്ത് വീട്
ജാനറ്റ് ഇനി വരില്ല: കദനം തിങ്ങി കിഴക്കേടത്ത് വീട്
Monday, May 23, 2016 1:32 PM IST
അങ്കമാലി: ജർമനിയിൽ ഭർത്താവിനാൽ കൊല ചെയ്യപ്പെട്ട ജാനറ്റിന്റെ അങ്കമാലിയിലെ വീടും പരിസരവും ശോകമൂകമായി തുടരുകയാണ്. ജാനറ്റിന് ഏറെ പ്രിയപ്പെട്ടതായിരുന്നു അങ്കമാലിയിലെ കിഴക്കേടത്ത് വീട്. ഇടയ്ക്കിടെയുള്ള വന്നുപോക്ക് മാത്രമെ ഉണ്ടായിരുന്നുള്ളൂവെങ്കിലും നാട്ടിൽ വരാനും ഇവിടെ താമസിക്കാനും വലിയ ഉത്സാഹമായിരുന്നു. വരുമ്പോഴെല്ലാം നാട്ടുകാരോടും ബന്ധുക്കളോടും നല്ല അടുപ്പവും പുലർത്തിയിരുന്നു.

ഓരോ തവണ വന്നുപോകുമ്പോഴും അധികം താമസിയാതെ വീണ്ടും വരുമെന്ന് ഉറപ്പുനൽകിയാണ് മടങ്ങിയിരുന്നത്. വിവാഹത്തിന് മുമ്പുവരെ അങ്കമാലി കിഴക്കേടത്ത് വീട്ടിൽ സെബാസ്റ്റ്യന്റെ(തമ്പി)യും റീത്തയുടെയും മകളായ ജാനറ്റ് അങ്കമാലിക്കാർക്ക് അത്ര പരിചിതയായിരുന്നില്ല. അവൾ ജനിച്ചതും വളർന്നതുമെല്ലാം ജർമനിയിലായിരുന്നു എന്നതാണ് അതിനു കാരണം. എന്നാൽ ജർമൻകാരനുമായുള്ള വിവാഹം അങ്കമാലിയിൽ വച്ച് നടന്നതോടെ ജാനറ്റിനെ എല്ലാവരും അറിഞ്ഞു. വാർത്തയിലും ഇടംപിടിച്ചു.

2014 സെപ്റ്റംബർ ഏഴിന് അങ്കമാലി സെന്റ് ജോർജ് ബസിലിക്കയിലായിരുന്നു ജാനറ്റിന്റെയും ജർമൻകാരനായ റെനെയുടെയും വിവാഹം. ഏക മകളായതിനാൽ ആർഭാടപൂർവമായി തന്നെയായിരുന്നു വിവാഹം. ഇവരുടെ കുട്ടിയുടെ മാമ്മോദീസ ജർമനിയിലാണു നടത്തിയതെങ്കിലും കഴിഞ്ഞ ജനുവരിയിൽ സെബാസ്റ്റ്യനും കുടുംബവും അങ്കമാലിയിലെത്തി ഇവിടെയുള്ള ബന്ധുക്കളെയും അടുത്ത സുഹൃത്തുക്കളെയും വിളിച്ചുകൂട്ടി വിരുന്നു സൽക്കാരം നടത്തിയിരുന്നു.

ഒടുവിൽ കഴിഞ്ഞ മാസം ആദ്യം അങ്കമാലി ബസിലിക്കയിലെ പുതുഞായർ തിരുനാളിനു തമ്പിയും റീത്തയും റെനെയുടെ മാതാപിതാക്കളും എത്തിയിരുന്നു. വളരെ സ്നേഹത്തോടെയാണ് ജാനറ്റും ഭർത്താവ് റെനെയും ഇടപഴകിയിരുന്നത്. അതുകൊണ്ടുതന്നെ ജാനറ്റിനെ റെനെ അതിദാരുണമായി കൊലപ്പെടുത്തി തോട്ടത്തിൽ കുഴിച്ചുമൂടി എന്ന വാർത്ത അങ്കമാലിക്കാർക്ക് ആദ്യം വിശ്വസിക്കാനായില്ല. വിവരമറിഞ്ഞ് സുഹൃത്തുക്കൾ പലരും തമ്പിയെ ഫോണിൽ വിളിച്ച് മരണവിവരം ഉറപ്പിക്കുകയായിരുന്നു. 30 വർഷത്തിലേറെയായി സെബാസ്റ്റ്യനും കുടുംബവും ജർമനിയിലാണു താമസം. പട്ടാളത്തിലായിരുന്ന സെബാസ്റ്റ്യൻ വിവാഹശേഷമാണ് ജർമനിയിലേക്ക് പോയത്.


ജർമനിയിൽ നഴ്സായിരുന്ന റീത്തയെ വിവാഹം കഴിച്ചശേഷം അവിടേക്കു ചേക്കേറുകയായിരുന്നു. അവിടെ വെച്ചാണ് ജാനറ്റിന്റെ ജനനം. ഏകമകളായതിനാൽ ഏറെ ഓമനിച്ചാണ് ജാനറ്റിനെ വളർത്തിയത്. അതുകൊണ്ടുതന്നെ അവൾക്ക് ഇഷ്‌ടപ്പെട്ടയാളെ വിവാഹം കഴിക്കാനും അനുവാദം നൽകി. ഏകമകളുടെ വേർപാട് സെബാസ്റ്റ്യനെയും റീത്തയെയും തളർത്തി. ജാനറ്റിന്റെ എട്ടുമാസം പ്രായമുള്ള കുഞ്ഞ് ഇപ്പോൾ സർക്കാർ സംരക്ഷണത്തിലാണ്. സെബാസ്റ്റ്യന്റെ ഒരു സഹോദരി ഒഴികെ ബാക്കി സഹോദരങ്ങളെല്ലാം വിദേശത്താണ്.

സഹോദരി ചാലക്കുടി വെള്ളിക്കുളങ്ങരയിലാണ് താമസിക്കുന്നത്. സെബാസ്റ്റ്യന്റെ അങ്കമാലി ബസലിക്കയ്ക്ക് സമീപമുള്ള വീട് അടഞ്ഞുകിടക്കുകയാണ്. വീട് സൂക്ഷിപ്പുകാരിയായ മഞ്ഞപ്ര സ്വദേശിനി ത്രേസ്യാമ്മ മാത്രമാണ് ഇപ്പോൾ ഇവിടെയുള്ളത്. ജാനറ്റിന്റെ വിയോഗവാർത്ത അവരെയും തളർത്തിയിരിക്കുകയാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.