ലീഗിന്റെ അമരക്കാരനു വെല്ലുവിളികളില്ല
ലീഗിന്റെ അമരക്കാരനു വെല്ലുവിളികളില്ല
Friday, April 29, 2016 1:26 PM IST
<ആ>വി.മനോജ്

മലപ്പുറം: ഈ തെരഞ്ഞെടുപ്പിൽ രാഷ്ട്രീയ കേരളത്തിന്റെ കാമറക്കണ്ണുകൾ വേങ്ങര മണ്ഡലത്തിലേക്കും സൂം ചെയ്യുന്നുണ്ട്. മുസ്ലിം ലീഗിന്റെ പ്രധാന അമരക്കാരിലൊരാളായ മന്ത്രി പി.കെ. കു ഞ്ഞാലിക്കുട്ടി മത്സരിക്കുന്ന മണ്ഡലമെന്ന നിലയിൽ സംസ്‌ഥാന രാഷ്ട്രീയത്തിൽ ഏറെ ശ്രദ്ധേയമായ മണ്ഡലമാണു മലപ്പുറം ജില്ലയിലെ വേങ്ങര. മുസ്ലിം ലീഗിന്റെ ഉരുക്കു കോട്ടകളിലൊന്നായ വേങ്ങരയിൽ കുഞ്ഞാലിക്കുട്ടിക്കു കാര്യമായ വെല്ലുവിളികളില്ല. ഇടതുപക്ഷവും ഇവിടെ വിജയ പ്രതീക്ഷകളൊന്നും പുലർത്തുന്നില്ല. അടിയൊഴുക്കുകളില്ലാത്തതിനാൽ മണ്ഡലത്തിൽ യുഡിഎഫിന് ആശങ്കകളൊന്നുമില്ല.

കേരള രാഷ്ട്രീയത്തിന്റെ അകവും പുറവും മനപ്പാഠമായ കുഞ്ഞാലിക്കുട്ടിക്കു വേങ്ങരയിലെ മത്സരം കേവലമായ വിജയത്തിനു വേണ്ടിയുള്ളതല്ല. മുസ്ലിം ലീഗിന്റെ ദേശീയ ട്രഷററായ അദ്ദേഹം കേരളത്തിൽ അടുത്ത സർക്കാർ യുഡിഎഫിന്റേതാകാൻ വേണ്ടിയുള്ള അശ്രാന്ത പരിശ്രമത്തിലാണ്. മലബാർ മേഖലയിലെ യുഡിഎഫിന്റെ പ്രധാന പ്രചാരകനാണു കുഞ്ഞാലിക്കുട്ടി. കുഞ്ഞാലിക്കുട്ടിയെ സ്വന്തം മണ്ഡലത്തിൽ തളച്ചിടാൻ വേങ്ങരക്കാർക്കും താത്പര്യമില്ല. അദ്ദേഹം സംസ്‌ഥാന രാഷ്ട്രീയത്തിൽ തിളങ്ങി നിൽക്കുന്നത് കാണുന്നതാണ് അവരുടെ സന്തോഷം.

വിജയങ്ങളും തിരിച്ചടിയും അനുഭവിച്ചയാളാണു പി.കെ.കുഞ്ഞാലിക്കുട്ടി. എന്നാൽ, ഫീനിക്സ് പക്ഷിയെ പോലെ രാഷ്ട്രീയ പ്രതിസന്ധികളിൽനിന്ന് ഉയിർത്തെഴുന്നേറ്റ അദ്ദേഹം പാർട്ടിയിലും ഭരണത്തിലും ശക്‌തമായ സ്വാധീനമുള്ള നേതാവായി. യുഡിഎഫിൽ നമ്പാൻ കൊള്ളാവുന്ന നേതാവ് എന്നു കെ.എം മാണി വിശേഷിപ്പിച്ച കുഞ്ഞാലിക്കുട്ടി പുതിയ കാലത്തു വിവാദങ്ങൾക്ക് അതീതനും രാഷ്ട്രീയ പക്വതയുടെ ആൾരൂപവുമായിരിക്കുന്നു. വീണ്ടും ജനവിധി തേടുമ്പോൾ വേങ്ങരക്കാരുടെ മനസിലും കുഞ്ഞാലിക്കുട്ടിക്ക് ഈ അംഗീകാരമുണ്ട്.

വേങ്ങരയ്ക്കിതു രണ്ടാമത്തെ നിയമസഭാ തെരഞ്ഞെടുപ്പാണ്. 2008ൽ നിലവിൽ വന്ന മണ്ഡലം. ആദ്യ തെരഞ്ഞെടുപ്പ് 2011ൽ. പി.കെ.കുഞ്ഞാലികുട്ടി വിജയിച്ചത് 38,237 വോട്ടുകളുടെ ഭൂരിപക്ഷത്തിന്. അതിനു മുമ്പു കുറ്റിപ്പുറം മണ്ഡലത്തിൽ കെ.ടി.ജലീലിനോട് അപ്രതീക്ഷിതമായി പരാജയപ്പെട്ട കുഞ്ഞാലിക്കുട്ടിക്കു വേങ്ങരയിൽ ലഭിച്ചതു ശക്‌തമായ തിരിച്ചുവരവ്. വ്യവസായമന്ത്രിയുടെ തിരക്കിനിടയിലും കഴിഞ്ഞ അഞ്ചു വർഷം സ്വന്തം മണ്ഡലത്തിൽ ഒട്ടേറെ വികസന പദ്ധതികൾ നടപ്പാക്കി.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ കുഞ്ഞാലിക്കുട്ടിക്ക് 63,138 വോട്ടുകൾ ലഭിച്ചപ്പോൾ മുഖ്യഎതിരാളിയായിരുന്ന ഐഎൻഎല്ലിന്റെ കെ.പി. ഇസ്മായിലിനു ലഭിച്ചത് 24,901 വോട്ടുകൾ. പോൾ ചെയ്ത മൊത്തം വോട്ടുകളുടെ 63 ശതമാനവും വീണതു യുഡിഎഫിന്റെ പെട്ടിയിലായിരുന്നു. കുഞ്ഞാലിക്കുട്ടിക്ക് ആത്മവിശ്വാസം പകരുന്ന പ്രധാന ഘടകം ഇതുതന്നെ. കഴിഞ്ഞ തവണ ബിജെപി പിടിച്ചത് 3,417 വോട്ടുകൾ. എസ്ഡിപിഐക്കു കിട്ടിയത് 4,683. അവരായിരുന്നു മണ്ഡലത്തിലെ മൂന്നാംകക്ഷി.

കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിലും വേങ്ങര മണ്ഡലം യുഡിഎഫിനെ അകമഴിഞ്ഞു സഹായിച്ചു. മലപ്പുറം മണ്ഡലത്തിലെ യുഡിഎഫ് സ്‌ഥാനാർഥി ഇ.അഹമ്മദിനു ലഭിച്ച 1,94,739 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ 42,639 വോട്ടുകളുടെ ഭൂരിപക്ഷം വേങ്ങരയിൽനിന്നായിരുന്നു. ലോക്സഭയിൽ എസ്ഡിപിഐയും ബിജെപിയും നിലമെച്ചപ്പെടുത്തിയിരുന്നു.

ഇത്തവണത്തെ പഞ്ചായത്ത് തെരഞ്ഞെടുപ്പും യുഡിഎഫിന് ആവേശം പകരുന്നതാണ്. പഴയ മലപ്പുറം, താനൂർ, തിരൂരങ്ങാടി മണ്ഡലഭാഗങ്ങൾ കൂട്ടിചേർത്താണ് 2008ൽ വേങ്ങര മണ്ഡലം രൂപീകരിച്ചത്. മലപ്പുറം മണ്ഡലത്തിലുൾപ്പെട്ടിരുന്ന ഒതുക്കുങ്ങൽ, ഊരകം, വേങ്ങര, കണ്ണമംഗലം, താനൂരിലെ പറപ്പൂർ, തിരൂരങ്ങാടിയിലെ എ.ആർ നഗർ എന്നി പഞ്ചായത്തുകളാണു വേങ്ങരയിൽ ഉൾപ്പെടുന്നത്. ഇതിൽ പറപ്പൂർ ഒഴികെയുള്ള പഞ്ചായത്തുകളിൽ യുഡിഎഫ് മികച്ച വിജയം നേടി. പറപ്പൂരിൽ ജനകീയ മുന്നണി തീർത്ത തരംഗത്തിൽ യുഡിഎഫിന്റെ അടിത്തറയിളകി. പറപ്പൂരിൽ ആകെയുള്ള 19 സീറ്റുകളിൽ 12 എണ്ണമാണ് ഇടതുപിന്തുണ യുള്ള ജനകീയ മുന്നണി പിടിച്ചെ ടുത്തത്. നിയമസഭാ തെരഞ്ഞെടുപ്പിൽ പറപ്പൂർ മാത്രമാണു യുഡിഎഫിനു വെല്ലുവിളിയുയർത്തുന്നത്.


ഇത്തവണ സിപിഎമ്മിലെ അഡ്വ.പി.പി ബഷീറാണ് വേങ്ങ രയിലെ ഇടതുസ്‌ഥാനാർഥി. തിരൂർ ബാറിലെ അഭിഭാഷകനായ ബഷീർ നേരത്തെ വേങ്ങര മണ്ഡലത്തിൽ ഉൾപ്പെടുന്ന എ.ആർ നഗർ പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയ ർമാനായിരുന്നു. നിയമസഭാ തെരഞ്ഞെടുപ്പിൽ കന്നിയങ്കമാണ്. ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റിയംഗം, അഖിലേന്ത്യാ ലോയേഴ്സ് യൂണിയൻ ജില്ലാ സെക്രട്ടറി എന്നീ ചുമതലകൾ വഹിച്ചിട്ടുണ്ട്.

ന്യൂനപക്ഷ മോർച്ച സംസ്‌ഥാന ജനറൽ സെക്രട്ടറി കൂടിയായ പി.ടി. ആലിഹാജിയാണു വേങ്ങര മണ്ഡലത്തിൽ എൻഡിഎയെ പ്രതിനിധീകരിക്കുന്നത്. വർഷങ്ങളോളമായി ദേശീയ പ്രസ്‌ഥാനത്തിന്റെ ഭാഗമായി പ്രവർത്തിക്കുന്ന ആലിഹാജി താനാളൂരിലെ ജനങ്ങളുടെ പ്രിയപ്പെട്ട പൊതുപ്രവർത്തകനാണ്. വർഷങ്ങളായി ബിജെപിയോടൊപ്പം പ്രവർത്തിക്കുന്ന ആലിഹാജിക്കു മണ്ഡലത്തിൽ ശക്‌തമായ മത്സരം കാഴ്ചവയ്ക്കാൻ സാധിക്കുമെന്നു ഉറപ്പുണ്ട്. പാർട്ടി വോട്ടുകൾക്കു പുറമെ ന്യൂനപക്ഷ വോട്ടുകൾ സ്വന്തമാക്കാൻ കഴിയുമെന്ന ആത്മവിശ്വാസത്തിലാണ് ഇദ്ദേഹം.

<ആ>പി.കെ. കുഞ്ഞാലിക്കുട്ടി(63) മുസ്ലിംലീഗ്

എംഎസ്എഫിലൂടെ രാഷ്ട്രീയത്തിലേക്ക്. 1980ൽ മലപ്പുറം മുനിസിപ്പാലിറ്റി ചെയർമാനായി. അഞ്ചുതവണ അസംബ്ലിയിലെത്തി. 1982,1987ലും മലപ്പുറ ത്തുനിന്നു 1991,1996, 2001 വർഷങ്ങളിൽ കുറ്റിപ്പുറത്തുനിന്നും നിയമസഭാംഗമായി. 1991–95 കെ. കരുണാകരൻ മന്ത്രിസഭയിൽ വ്യവസായ, സാമൂഹിക ക്ഷേമ മന്ത്രിയായി. 1995–96 വ്യവസായ–നഗരസഭാ കാര്യ മന്ത്രിയായി. 2001–2004ൽ എ.കെ. ആന്റണി മന്ത്രിസഭയിൽ വ്യവസായ, ഐടി–സാമൂഹിക സുരക്ഷ വകുപ്പു കൈകാര്യംചെയ്തു. മുസ്ലിംലീഗ് ദേശീയ ട്രഷററും സി.എ ച്ച് മുഹമ്മദ്കോയ ഫൗണ്ടേഷൻ ഡയറക്ടറുമാണ്. ഭാര്യ: ഉമ്മുകുൽസു. മക്കൾ: പി.കെ. ആഷിഖ്, ലസിദ സുൽഫി.

<ആ>അഡ്വ.പി.പി ബഷീർ (49) സിപിഎം

തിരൂർ ബാറിലെ അഭിഭാഷകൻ. കോഴിക്കോട് ലോ കോളജിൽനിന്ന് എൽഎൽബി. എആർ നഗർ പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാനായിരുന്നു. നിയമസഭാ തെരഞ്ഞെടുപ്പിൽ ആദ്യം. ഡിവൈഎഫ്ഐ തിരൂരങ്ങാടി ബ്ലോക്ക് പ്രസിഡന്റ്, മലപ്പുറം ജില്ലാ കമ്മിറ്റിയംഗം, അഖിലേന്ത്യാ ലോയേഴ്സ് യൂണിയൻ ജില്ലാ സെക്രട്ടറി എന്നി ചുമതലകൾ വഹിച്ചു. യൂണിയൻ സംസ്‌ഥാന കമ്മിറ്റിയംഗവും സിപിഎം തിരൂരങ്ങാടി ഏരിയാ കമ്മിറ്റിയംഗവുമാണ്. കാലടി സർവകലാശാലാ തിരൂർ പ്രാദേശിക കേന്ദ്രത്തിലെ ലക്ചററും എഴുത്തുകാരിയുമായ ഡോ. ഷംഷാദ് ഹുസൈൻ ഭാര്യ.

<ആ>പി.ടി ആലിഹാജി (63) (ബിജെപി)

ന്യൂനപക്ഷ മോർച്ചയുടെ സംസ്‌ഥാന ജനറൽ സെക്രട്ടറി. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ തിരൂരിൽ മത്സരിച്ചിരുന്നു. 1995ൽ ബ്ലോക്ക് പഞ്ചായത്തിലേക്കും 2010ൽ ജില്ലാ പഞ്ചായത്തിലേക്കും 2001, 2011 വർഷങ്ങളിൽ നിയമസഭയിലേക്കും ജനവിധി തേടിയിട്ടുണ്ട്. മലപ്പുറം ജില്ലയിലെ താനൂർ മണ്ഡലത്തിലെ താനാളൂർ പെരൂളിതാലൂക്കാട്ടിൽ കുടുംബാംഗമാണ്. 1978 മുതൽ 1992വരെ സൗദിയിലായിരുന്നു. നാട്ടിലെത്തി ബിസിനസും മറ്റു മേഖലയിലും ശ്രദ്ധതിരിച്ചു. വിദ്യാഭ്യാസ യോഗ്യത അഞ്ചാംതരം. ഭാര്യ ഫാത്തിമ. മക്കൾ: ശിഹാബുദീൻ, സിറാജുദീൻ, ഹാജിറ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.