സുലേഖ കൊലക്കേസ് പ്രതികളെ വിട്ടയച്ചു
Friday, April 29, 2016 1:07 PM IST
കൊച്ചി: പട്ടിമറ്റം കുമ്മനോട് അബ്ദുൽ ഖാദറിന്റെ ഭാര്യ സുലേഖ (45) കൊല്ലപ്പെട്ട കേസിലെ പ്രതികളെ എറണാകുളം പ്രത്യേക സിബിഐ കോടതി വിട്ടയച്ചു. ഒന്നാം പ്രതി പട്ടിമറ്റം കുമ്മനോട് തൈലൻ വീട്ടിൽ അബ്ദുൽ കരീം (പോത്തൻ കരീം, 48), മൂന്നാം പ്രതി പട്ടിമറ്റം നെടുവേലിൽ വത്സലകുമാരി (വത്സല, 56) എന്നിവരെയാണു ജഡ്ജി എസ്. സന്തോഷ് കുമാർ വിട്ടയച്ചത്. രണ്ടാം പ്രതി കുമ്മനോട് കുഞ്ഞീത്തി വീട്ടിൽ അബ്ദുൽ കരീം(56) കഴിഞ്ഞ വർഷം വാഹനാപകടത്തിൽ മരിച്ചു.

കിഴക്കേ കുമ്മനോട് നാത്തേക്കാട്ട് അബ്ദുൽ ഖാദറിന്റെ ഭാര്യ സുലേഖയെ(45) 2006 ജൂലൈ 29നാണ് വീടിനു സമീപത്തെ റബർതോട്ടത്തിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. വീടിനു തൊട്ടടുത്ത പുത്തൻപുരയിൽ ഹൈദ്രോസിന്റെ റബർ എസ്റ്റേറ്റിൽ വിറക് ശേഖരിക്കാനായി പോയ ഇവരെ പിന്നീട് ഇവിടെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തുകയായിരുന്നു. ഇറച്ചിവെട്ടുകാരായ ഒന്നും രണ്ടും പ്രതികളുമായും മൂന്നാം പ്രതി ശാരീരികബന്ധത്തിലേർപ്പെട്ടതു സുലേഖ കാണാനിടയായതിനെത്തുടർന്ന് ഇതു മറ്റുള്ളവരോടു പറയുമോയെന്ന പേടിയാൽ മൂന്നു പ്രതികളും ചേർന്നു കൊലപ്പെടുത്തിയെന്നാണു സിബിഐ കേസ്. ഹൈദ്രോസിന്റെ സഹോദരി ഖദീജയാണു മൃതദേഹം ആദ്യം കണ്ടത്.


സാക്ഷിമൊഴികളിലൂടെയും മറ്റു തെളിവുകളിലൂടെയും പ്രതികളുടെ കുറ്റകൃത്യം തെളിയിക്കാൻ പ്രോസിക്യൂഷനായില്ലെന്നു വിലയിരുത്തിയാണു കോടതി പ്രതികളെ വെറുതെ വിട്ടത്. സാക്ഷികളിലാരെങ്കിലും സുലേഖയെ പ്രതികളുടെ കൂടെ കണ്ടതിനോ മറ്റോ ഒരു തരത്തിലുള്ള തെളിവുമില്ല. കൂടാതെ, സംഭവം നടന്ന് രണ്ടു–മൂന്ന് വർഷത്തിനു ശേഷം സാക്ഷിയോടു വിവരം പറഞ്ഞതു സംശയാസ്പദമാണ്. എന്നാൽ, അന്നു ക്രൈംബ്രാഞ്ച് അന്വേഷിച്ചപ്പോൾ സാക്ഷി ഈ വിവരം വെളിപ്പെടുത്തിയിരുന്നില്ല.

വൈകിയുള്ള ഇത്തരം വെളിപ്പെടുത്തലുകൾ അതിന്റെ വിശ്വാസ്യത ഇല്ലാതാക്കുമെന്നു കോടതി വിലയിരുത്തി. രണ്ടാം പ്രതി സംഭവസമയത്ത് ഉണ്ടായിരുന്നതിനും തെളിവില്ല. ഇയാൾ ഉച്ചയ്ക്ക് 2.40ന് കുമ്മനോടുനിന്നു പെരുമ്പാവൂരോട്ട് പോയതിനു ബസ് െരഡെവറുടെയും ചായക്കാടക്കാരന്റെയും മൊഴികളുണ്ട്. ദൃക്സാക്ഷികളില്ലാത്ത കേസിൽ സാഹചര്യത്തെളിവുകളുടെ അടിസ്‌ഥാനത്തിലാണു സിബിഐ പ്രതികളെ കണ്ടെത്തിയത്. കൊലപാതകം, കവർച്ച, തെളിവുനശിപ്പിക്കൽ തുടങ്ങിയ കുറ്റങ്ങളാണു പ്രതികൾക്കെതിരെ ചുമത്തിയിരുന്നത്. 101 പേരെ വിസ്തരിക്കുകയും 72 രേഖകൾ ഹാജരാക്കുകയും ചെയ്തിരുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.