ഫസല്‍ വധക്കേസ്: പുനരന്വേഷണത്തിനായി കാരായിമാര്‍ കോടതിയിലേക്ക്
Tuesday, February 9, 2016 12:28 AM IST
തലശേരി: ഫസല്‍ വധക്കേസില്‍ പുനരന്വേഷണം ആവശ്യപ്പെട്ടു കാരായിമാര്‍ കോടതിയെയും സിബിഐയെയും സമീപിക്കും. ശനിയാഴ്ച നടന്ന ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തിലാണു ഇതു സംബന്ധിച്ചു തീരുമാനമുണ്ടായത്. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പങ്കെടുത്ത യോഗത്തില്‍ കാരായിമാരുടെ ജാമ്യവ്യവസ്ഥകളില്‍ ഇളവിനായി സുപ്രീംകോടതിയെ സമീപിക്കാനും തീരുമാനിച്ചിട്ടുണ്ട്.

ഫസല്‍ വധക്കേസിലെ യാഥാര്‍ഥ പ്രതികളെക്കുറിച്ചുള്ള വിവരങ്ങള്‍ വിശദീകരിച്ചും ഈ കേസിന്റെ പേരില്‍ കാരായിമാര്‍ക്കെതിരേയുണ്ടായിട്ടുള്ള മനുഷ്യാവകാശ ലംഘനം ചൂണ്ടിക്കാട്ടിയും സംസ്ഥാനത്തുടനീളം പ്രചാരണങ്ങള്‍ നടത്താനും യോഗത്തില്‍ തീരുമാനമുണ്ടായതായി അറിയുന്നു. ജയിലില്‍ കഴിയുന്ന ആര്‍എസ്എസ് പ്രവര്‍ത്തകരാണു ഫസല്‍ വധക്കേസിലെ യഥാര്‍ഥ പ്രതികളെക്കുറിച്ചുള്ള വിവരങ്ങള്‍ സഹപ്രവര്‍ത്തകരുമായി പങ്കുവച്ചതെന്നു സിപിഎം കേന്ദ്രങ്ങള്‍ പറയുന്നു. ഈ വിവരങ്ങള്‍ പൊതുസമൂഹം മുമ്പാകെ എത്തിക്കാനാണു പ്രചാരണം നടത്തുന്നത്.

ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തിന്റെ തീരുമാന പ്രകാരം കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം കാരായി രാജന്‍ കഴിഞ്ഞ ദിവസം രാജിവച്ചിരുന്നു. തലശേരി ഏരിയാ കമ്മിറ്റി ഔദ്യോഗികമായി ചര്‍ച്ച ചെയ്ത ശേഷം തലശേരി നഗരസഭാ ചെയര്‍മാന്‍ സ്ഥാനം കാരായി ചന്ദ്രശേഖരനും രാജിവയ്ക്കും. ചെയര്‍മാന്‍ സ്ഥാനം രാജിവയ്ക്കുന്നതിനായി തലശേരിയിലേക്കു വരുന്നതിന് അനുമതി തേടി കൊച്ചി സിബിഐ കോടതിയില്‍ കാരായി ചന്ദ്രശേഖരന്‍ ഇന്ന് ഹര്‍ജി സമര്‍പ്പിക്കും. ജാമ്യവ്യവസ്ഥയിലെ ഇളവിനായി കാരായിമാര്‍ സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി കഴിഞ്ഞ ദിവസം തള്ളിയിരുന്നു.


കാരായിമാരുടെ രാജി ആവശ്യപ്പെട്ട് യുഡിഎഫ് ഉള്‍പ്പെടെയുള്ള സംഘടനകള്‍ ശക്തമായ പ്രക്ഷോഭത്തിനൊരുങ്ങുമ്പോഴാണ് ഇരുവരും രാജിവയ്ക്കാന്‍ പാര്‍ട്ടി നിര്‍ദേശിച്ചത്. ഇത് കാരായിമാരെ അനുകൂലിക്കുന്ന അണികള്‍ക്കിടയില്‍ ശക്തമായ പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്. യുഡിഎഫ് പ്രക്ഷോഭം ഭയന്ന് രാജിവച്ചതു പോലെയായി കാര്യങ്ങളെന്നാണ് ഒരുവിഭാഗം അണികള്‍ ചൂണ്ടിക്കാട്ടുന്നത്.

ഡിവൈഎഫ്ഐ ജില്ലാ പ്രസിഡന്റ് കെ.വി. സുമേഷിനെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റും സിപിഎം തലശേരി ഏരിയാ കമ്മിറ്റി അംഗം സി.കെ. രമേശനെ നഗരസഭാ ചെയര്‍മാനാക്കാനുമാണ് പാര്‍ട്ടി തീരുമാനിച്ചിട്ടുള്ളത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.