ഹൃദയ ശസ്ത്രക്രിയ: അഭിനന്ദനവുമായി മാര്‍ ആലഞ്ചേരി
ഹൃദയ ശസ്ത്രക്രിയ: അഭിനന്ദനവുമായി മാര്‍ ആലഞ്ചേരി
Wednesday, July 29, 2015 12:31 AM IST




സ്വന്തം ലേഖകന്‍

കൊച്ചി: വിമാനമാര്‍ഗം എത്തിച്ച ഹൃദയം ശസ്ത്രക്രിയയിലൂടെ രോഗിയുടെ ശരീരത്തില്‍ വച്ചുപിടിപ്പിച്ച എറണാകുളം ലിസി ആശുപത്രിയിലെ ഡോ. ജോസ് ചാക്കോ പെരിയപ്പുറത്തിനും മറ്റു ഡോക്ടര്‍മാര്‍ക്കും മെഡിക്കല്‍ ടീമിനും കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ ഹൃദ്യമായ അനുമോദനം. ഡോക്ടര്‍മാരെയും പുതുഹൃദയവുമായി പുതുജീവിതത്തിലേക്കു പ്രവേശിച്ച മാത്യു ആച്ചാടന്റെ കുടുംബാംഗങ്ങളെയും സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ആലഞ്ചേരി ആശുപത്രിയിലെത്തി അനുമോദനമറിയിച്ചു.

ദൈവത്തിലുള്ള തീക്ഷ്ണമായ ആശ്രയത്തില്‍ ആതുരശുശ്രൂഷ ചെയ്യുന്ന ഡോ. ജോസ് ചാക്കോയുടെ സേവനം മെഡിക്കല്‍ രംഗത്തിനു പ്രചോദനമാണ്. അദ്ദേഹത്തിനൊപ്പം ശസ്ത്രക്രിയയിലും തുടര്‍ചികിത്സയിലും പങ്കാളികളായ ഡോ. ജേക്കബ് ഏബ്രഹാം, ഡോ. ഭാസ്കര്‍ രംഗനാഥന്‍, ഡോ. ജീവേഷ് ജെ. തോമസ്, ഡോ. ജോബ് വില്‍സന്‍, ഡോ. ഗ്രേസ് മരിയ, ഡോ. മനോരഥ് മാത്യു, ഡോ. അമിത് ഇബ്രാഹിം, കാര്‍ഡിയോളജി വിഭാഗത്തിലെ ഡോ. റോണി മാത്യു കടവില്‍, ഡോ. ഒ.പി. മാത്യു, ഡോ. ജേക്കബ് ജോസഫ്, ഡോ. ജാബിര്‍ അബ്ദുള്ളക്കുട്ടി, ഡോ. അജിത് തച്ചില്‍, ഡോ. ജോ ജോസഫ് എന്നിവരെ പ്രത്യേകം അനുമോദിച്ചു.


ശസ്ത്രക്രിയക്കുള്ള ക്രമീകരണങ്ങള്‍ നടത്തിയ ആശുപത്രി ഡയറക്ടര്‍ ഫാ. തോമസ് വൈക്കത്തുപറമ്പില്‍, അസിസ്റന്റ് ഡയറക്ടര്‍ ഫാ. വര്‍ഗീസ് പാലാട്ടി, മറ്റു വൈദികര്‍, സന്യാസിനിമാര്‍, വിവിധ വിഭാഗങ്ങളിലെ ഡോക്ടര്‍മാര്‍, നഴ്സുമാര്‍, ജീവനക്കാര്‍ എന്നിവരും അഭിമാനകരമായ ശുശ്രൂഷയാണു നിര്‍വഹിച്ചത്.

ഹൃദയം നല്‍കിയ നീലകണ്ഠശര്‍മയുടെ കുടുംബത്തെ കേരളം ആദരവോടെ ആനുസ്മരിക്കും. വലിയ കൂട്ടായ പരിശ്രമ ങ്ങള്‍ ശസ്ത്രക്രിയയുടെ വിജയത്തില്‍ പ്രവര്‍ത്തിച്ചു. ലിസി ആശുപത്രിയിലെ ഹൃദയശസ്ത്രക്രിയയുടെ പശ്ചാത്തലത്തില്‍ എയര്‍ ആംബുലന്‍സ് സംവിധാനത്തെക്കുറിച്ച് സര്‍ക്കാര്‍ തീരുമാനമെടുത്തത് പ്രതീക്ഷാവഹമാണെന്നും മാര്‍ ആലഞ്ചേരി പറഞ്ഞു.

ഡോ. ജോസ് ചാക്കോയ്ക്കു കര്‍ദിനാള്‍ ബൊക്കെയും ഉപഹാരവും നല്‍കി. തങ്ങള്‍ക്കു നല്‍കുന്ന വലിയ പ്രോത്സാഹനത്തിനും പ്രാര്‍ഥനയ്ക്കും നന്ദിയുണ്െടന്നു ഡോ. ജോസ് ചാക്കോ പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.