ക്രൈസ്തവ ന്യൂനപക്ഷങ്ങളുടെ പ്രശ്നങ്ങളില്‍ ന്യൂനപക്ഷ കമ്മീഷന്‍ ഇടപെടുന്നു
Friday, July 3, 2015 1:52 AM IST
തിരുവനന്തപുരം: കേരളത്തിലെ ക്രൈസ്തവ ന്യൂനപക്ഷത്തിലെ ദുര്‍ബല-അവശ വിഭാഗങ്ങളുടെ ഇന്നത്തെ യഥാര്‍ഥ സ്ഥിതിഗതികള്‍ വസ്തുതാപരമായി പഠിക്കുന്നതിനും പരിഹാരമാര്‍ഗങ്ങള്‍ നിര്‍ദേശിക്കുന്നതിനുമായി സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്‍ ശ്രമങ്ങളാരംഭിച്ചു. മുസ്ലിം മതന്യൂനപക്ഷങ്ങളുടെ പ്രശ്നങ്ങള്‍ പഠിക്കാന്‍ സച്ചാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിനെ ആശ്രയിക്കാമെങ്കിലും ക്രൈസ്തവ ന്യൂനപക്ഷങ്ങളെക്കുറിച്ച് എന്തെങ്കിലും പഠനമോ മറ്റ് ഏജന്‍സികളോ പരിശ്രമിക്കാത്തതിന്റെ ഫലമായിട്ടാണ് ന്യൂനപക്ഷ കമ്മീഷന്‍ ഈ രംഗത്ത് ശ്രദ്ധ തിരിക്കുന്നത്. അതിന്റെ ഭാഗമായി വിവിധ ക്രൈസ്തവസഭകളുടെ പ്രതിനിധികളെ ന്യൂനപക്ഷ കമ്മീഷന്റെ സംസ്ഥാന ആസ്ഥാനത്തേക്കു ക്ഷണിച്ചുവരുത്തി ചര്‍ച്ച നടത്തി.

കമ്മീഷന്‍ ചെയര്‍മാന്‍ അഡ്വ. എം. വീരാന്‍കുട്ടി യോഗം ഉദ്ഘാടനം ചെയ്തു. തിരുവനന്തപുരം ലത്തീന്‍ അതിരൂപതാ വികാരി ജനറാള്‍ ഫാ. യൂജിന്‍ പെരേര ചര്‍യ്ക്കു തുടക്കംകുറിച്ചു. കമ്മീഷന്‍ മെംബര്‍ അഡ്വ. വി.വി. ജോഷി ഈ രംഗത്ത് ന്യൂനപക്ഷ കമ്മീഷന്‍ ചെയ്യാന്‍ ഉദ്ദേശിക്കുന്ന കാര്യങ്ങള്‍ വിശദീകരിച്ചു.


ചര്‍ച്ചയില്‍ മലങ്കര ഓര്‍ത്തഡോക്സ്, സിഎസ്ഐ, ലൂഥറന്‍, മാര്‍ത്തോമ, ഇന്ത്യന്‍ ഇവാഞ്ചലിക്കല്‍ ചര്‍ച്ച്, ബിലീവേഴ്സ് ചര്‍ച്ച്, വിവിധ പെന്തക്കോസ്ത് വിഭാഗങ്ങള്‍ എന്നിവര്‍ പങ്കെടുത്തു.

അഭിപ്രായ രൂപീകരണത്തിനായി കമ്മീഷന്‍ തയാറാക്കിയ ചോദ്യാവലി പ്രതിനിധികള്‍ക്കു വിതരണം ചെയ്തു. മൂന്നു ഘട്ടമായി നടത്താനുദ്ദേശിക്കുന്ന വിവരശേഖരണത്തിന്റെ ഒന്നാം ഘട്ടമാണ് തലസ്ഥാനത്തു നടന്നത്. കൊച്ചിയിലും കോഴിക്കോട്ടും ഇത്തരം യോഗങ്ങള്‍ വിളിച്ചുചേര്‍ക്കുമെന്നു കമ്മീഷന്‍ പത്രക്കുറിപ്പില്‍ അറിയിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.